SignIn
Kerala Kaumudi Online
Thursday, 22 October 2026 7.54 PM IST

കോടിയേരിയെ കണ്ടപ്പോൾ ഉള്ളുലഞ്ഞ് മുഖ്യൻ!

photo
1939ലെ പാറപ്പുറം സമ്മേളനത്തിന്റെ ശില്പങ്ങൾ കാണുന്ന മുഖ്യമന്ത്രി പിണറായി വിജയൻ, സമീപത്ത് മന്ത്രി കെ.എൻ.ബാലഗോപാൽ

കൊല്ലം: പ്രതിനിധി സമ്മേളനത്തിന്റെ ഇടവേളയിലാണ് ഇന്നലെ വൈകിട്ടോടെ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി കെ.എൻ.ബാലഗോപാലം ആശ്രാമം മൈതാനത്തെ പ്രദർശന നഗരിയിലെത്തിയത്. 'കേരളമാണ് മാതൃക' എന്ന പേരിൽ സി.പി.എം സമ്മേളനത്തിന്റെ പ്രദർശന കേന്ദ്രവും കൊല്ലം ജില്ലയുടെ എഴുപത്തഞ്ചാം വാർഷികവുമായി ബന്ധപ്പെട്ട പ്രദർശന കേന്ദ്രവുമാണ് മുഖ്യമന്ത്രി സന്ദർശിച്ചത്. മുഖ്യമന്ത്രി വരുന്നതറിഞ്ഞ് വലിയ ജനക്കൂട്ടം കാത്തുനിന്നിരുന്നു. സുരക്ഷാ സംവിധാനങ്ങളും ശക്തമായിരുന്നു. ഔദ്യോഗിക കാറിൽ വന്നിറങ്ങിയ മുഖ്യമന്ത്രി ചിരിമുഖത്തോടെയാണ് പ്രദർശന കേന്ദ്രത്തിലേക്ക് പ്രവേശിച്ചത്. പ്രവേശന കവാടം കടന്നയുടൻ ആ കണ്ണുടക്കിയത് പ്രിയ സുഹൃത്തും മുൻ പാർട്ടി സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണന്റെ ശില്പത്തിൽ. സമ്മേളനത്തിന്റെ ആവേശവും സന്തോഷവുമെല്ലാം ഒരുവേള ചോർന്നുപോയെന്ന് ആ മുഖഭാവം വ്യക്തമാക്കി. കുറച്ചുനേരം കോടിയേരിയെ നോക്കിനിന്നു. പിന്നെ പതിയ നടന്നു. വലിയ ആത്മബന്ധത്തിന്റെ ഉള്ളറിഞ്ഞവർ തന്നെയാണ് ഒപ്പമുണ്ടായിരുന്നതും. പിന്നെ ഇ.എം.എസ്, എ.കെ.ജി, ശ്രീനാരായണ ഗുരുദേവൻ, അയ്യങ്കാളി, പഞ്ചമി, നങ്ങേലി തുടങ്ങി ശില്പങ്ങളിലേക്കും കണ്ണോടിച്ചു. ഉണ്ണി കാനായി തയ്യാറാക്കിയ ശില്പങ്ങളാണെന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു. 1939 ലെ പാറപ്പുറം സമ്മേളനത്തിന്റെ ശില്പങ്ങൾ കണ്ടപ്പോൾ മുഖ്യൻ സസൂക്ഷ്മം വീക്ഷിച്ചു. പുറമെ കാട്ടിയില്ലെങ്കിലും ഉള്ളിലൊരായിരം ഈങ്ക്വിലാബ് മുഴക്കിയാണ് അദ്ദേഹം അവിടെ നിന്നതെന്ന് വ്യക്തം. പാർട്ടിയുടെയും നാടിന്റെയും പോയകാല ചരിത്രം, മൺമറഞ്ഞ നേതാക്കൾ, മുൻ മുഖ്യമന്ത്രിമാർ, ജില്ലയിൽ നിന്നുള്ള മന്ത്രിമാർ തുടങ്ങി ചരിത്രങ്ങൾ നിറച്ച പ്രദർശനം തൃപ്തിയോടെ കണ്ടിറങ്ങി. തൊട്ടുടുത്താണ് ജില്ലയുടെ എഴുപത്തഞ്ചാം വാർഷികാഘോഷ പ്രദർശനവും ഒരുക്കിയിരുന്നത്. എല്ലാം കണ്ടു, അധികം വർത്തമാനം പറയാതെ മുഖ്യമന്ത്രി മടങ്ങിയപ്പോൾ സംഘാടകർക്കും സംതൃപ്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL