SignIn
Kerala Kaumudi Online
Saturday, 24 October 2026 2.11 PM IST

കാർ പോർച്ചിൽ ഗ്യാസ് നിറയ്ക്കൽ... കൊട്ടിയത്ത് 75 പാചക വാതക സിലിണ്ടറുകൾ പിടിച്ചെടുത്തു

കൊല്ലം: ഗാർഹിക സിലിണ്ടറിൽ നിന്ന് വാണിജ്യസിലിണ്ടറിലേക്ക് പാചകവാതകം അനധികൃതമായി നിറച്ചിരുന്ന കേന്ദ്രത്തിൽ പൊതുവിതരണ വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ മിന്നൽ പരിശോധനയിൽ 75 പാചക വാതക സിലിണ്ടറുകൾ പിടിച്ചെടുത്തു. കേന്ദ്രം നടത്തിയിരുന്ന കൊല്ലം വടക്കേവിള സ്വദേശിയായ യുവാവ് കീഴടങ്ങി. സിലിണ്ടറുകൾ കടത്താൻ ഉപയോഗിച്ചിരുന്ന വാഹനം കൊട്ടിയം പൊലീസ് കസ്റ്റഡിയിലെടുത്തു.

ജില്ലാ സപ്ലൈ ഓഫീസർക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് താലൂക്ക് സപ്ലൈ ഓഫീസർ വൈ.സാറാമ്മയുടെ നേതൃത്വത്തിലായിരുന്നു മിന്നൽ പരിശോധന. കൊട്ടിയം ചൂരൽപൊയ്കയ്ക്ക് സമീപമുള്ള വീടിന്റെ കാർപോർച്ച് വാടകയ്ക്കെടുത്ത് സ്വകാര്യ ഗ്യാസ് ഏജൻസി ജീവനക്കാരനാണ് അനധികൃത ഗ്യാസ് നിറയ്ക്കൽ നടത്തിയിരുന്നത്. ഗാർഹിക സിലിണ്ടർ പ്ലാസ്റ്റിക് പെട്ടികളിൽ ഇറക്കിയിട്ട് ഐസ് ഉപയോഗിച്ച് തണുപ്പിച്ചാണ് ഗാർഹിക സിലിണ്ടറുകളിലേക്ക് പാചകവാതകം മാറ്റിനിറച്ചിരുന്നത്. ഒരു ചാക്ക് നിറയെ ഗാർഹിക സിലിണ്ടറുകളുടെ പൊട്ടിച്ച സീലുകളും സ്ഥലത്ത് നിന്ന് കണ്ടെത്തി.

പിടിച്ചെടുത്ത പാചകവാതക സിലിണ്ടറുകൾ അതാത് ഏജൻസികൾക്ക് കൈമാറി. താലൂക്ക് സപ്ലൈ ഓഫീസർക്ക് പുറമേ റേഷനിംഗ് ഇൻസ്പെക്ടർമാരായ ജി.ബിജുകുമാരക്കുറുപ്പ്, എഅജീഷ്.എസ്, എ. ഷാനവാസ്, പത്മജ.എ.എൽ, അനില.കെ.ഐ, ആശ.എസ്, ജെസ്ന,ആർ എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.

സിലിണ്ടർ മാറുമ്പോൾ ലാഭം 1000 രൂപ

ഗാർഹിക സിലിണ്ടറിന് 812 രൂപയും വാണിജ്യ സിലിണ്ടറിന് 1844 രൂപയുമാണ് നിലവിലെ വില. ഗാർഹിക സിലിണ്ടറിൽ നിന്ന് പാചകവാതകം വാണിജ്യ സിലിണ്ടറിലേക്ക് മാറ്റി വിൽക്കുമ്പോൾ 1000 രൂപ ലാഭമുണ്ടാകും. തട്ടുകടകൾക്കും ഹോട്ടലുകൾക്കുമാണ് യുവാവ് വാണിജ്യ സിലിണ്ടർ അനധികൃതമായി നിറച്ച് വില്പന നടത്തിയിരുന്നത്. ഏജൻസിയിൽ ക്രമക്കേട് നടത്തിയാണോ ഗുണഭോക്താക്കളുമായി ധാരണയുണ്ടാക്കിയാണോ ഗാർഹിക സിലിണ്ടറുകൾ ശേഖരിച്ചതെന്ന് അന്വേഷിച്ച് വരികയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL