കൊല്ലം: ഫ്ലൈ ഓവറുകളുടെ നിർമ്മാണം വേഗത്തിലായതോടെ ദേശീയപാത 66 ലെ ജംഗ്ഷനുകളിലെല്ലാം ഗതാഗതക്കുരുക്ക് രൂക്ഷമായി. പാരിപ്പള്ളി, ചാത്തന്നൂർ, കൊട്ടിയം, കല്ലുംതാഴം, കരുനാഗപ്പള്ളി എന്നിവിടങ്ങളിലാണ് കുരുക്ക് രൂക്ഷം.
ഫ്ലൈ ഓവറിന്റെയും ബ്രിഡ്ജ് അപ്രോച്ചിന്റെയും നിർമ്മാണം നടക്കുന്നതിനാൽ പ്രധാന ജംഗ്ഷനുകളിലെല്ലാം ഇപ്പോൾ സർവീസ് റോഡ് വഴിയാണ് ഇരുവശങ്ങളിലേക്കുമുള്ള ഗതാഗതം. ഓട സഹിതം ഏഴ് മീറ്റർ വീതിയുള്ള സർവീസ് റോഡിൽ തടസങ്ങളില്ലെങ്കിൽ സുഗമമായ ഗതാഗതം സാദ്ധ്യമാണ്. എന്നാൽ നിർമ്മാണം നടക്കുന്ന ഭാഗങ്ങളിൽ അപകടം ഒഴിവാക്കാൻ സ്ഥാപിച്ചിരിക്കുന്ന ബാരിക്കേഡുകളും റോഡ് വക്കിലെ പാർക്കിംഗുമാണ് ഗതാഗത കുരുക്കിന് ഇടയാക്കുന്നത്.
പാരിപ്പള്ളി, കൊട്ടിയം, ചാത്തന്നൂർ, കരുനാഗപ്പള്ളി ജംഗ്ഷനുകളിൽ മൂന്ന് കിലോമീറ്ററോളം ദൂരത്തിൽ വാഹനങ്ങൾ ഇഴഞ്ഞാണ് നീങ്ങുന്നത്. അതുകൊണ്ട് തന്നെ ലക്ഷ്യസ്ഥാനങ്ങളിലെത്താൻ അര മണിക്കൂറെങ്കിലും നേരത്തെ ഇറങ്ങേണ്ട അവസ്ഥയാണ്. രാവിലെ 9 മുതൽ 11 വരെയും വൈകിട്ട് നാല് മുതൽ രാത്രി ഏഴ് വരെയുമാണ് കുരുക്ക് അതിരൂക്ഷം. ഈസമയം ജംഗ്ഷനിലൂടെ സഞ്ചരിക്കുന്ന കാൽനടയാത്രക്കാരും അപകടഭീതിയിലാണ്.
ആംബുലൻസുകളും കുരുങ്ങുന്നു
അത്യാസന്ന നിലയിലുള്ള രോഗികളുമായി വരുന്ന ആംബുലൻസുകളും ജംഗ്ഷനുകളിലെ കുരുക്കിൽപ്പെടുന്നത് നിത്യസംഭവമായി. സർവീസ് റോഡുകളിൽ രണ്ടും മൂന്നും വരികളായി വാഹനങ്ങൾ നിരന്നുകിടക്കുമ്പോൾ ആബുലൻസുകൾക്കായി മാറിനൽകാനും ഇടമില്ലാത്ത അവസ്ഥയാണ്. ജംഗ്ഷനുകളിലെ അനധികൃത പാർക്കിംഗ് ഒഴിവാക്കിയാൽ ഗതാഗത കുരുക്കിന് ഒരു പരിധിവരെ ആശ്വാസമാകുമെങ്കിലും പൊലീസ് അതിനും തയ്യാറാകുന്നില്ല.
നിർമ്മാണം നടക്കുന്ന സ്ഥലങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന ബാരിക്കേഡുകൾ ഒഴിവാക്കാൻ കഴിയില്ല. വേഗത്തിൽ നിർമ്മാണം പൂർത്തിയാക്കാനുള്ള ശ്രമ നടക്കുകയാണ്.
ദേശീയപാത അതോറിറ്റി അധികൃതർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |