
പുനലൂർ: വികസനത്തിന്റെ അലയൊലികൾ പോലുമില്ലാതെ, ജില്ലയുടെ കിഴക്കൻ മലയോര മേഖലകളിൽ ടൂറിസം മുരടിക്കുന്നു. അനന്ത സാദ്ധ്യതകൾ മറഞ്ഞുകിടക്കുന്ന ഇടങ്ങളാണ് സർക്കാർ സംവിധാനങ്ങളുടെ ഇടപെടലുകൾ ഇല്ലാത്തതിനാൽ അവഗണിക്കപ്പെടുന്നത്.
തെന്മല ഇക്കോ ടൂറിസം, പാലരുവി, അച്ചൻകോവിൽ കുംഭാവുരുട്ടി, റോസ്‌മല വ്യൂ എന്നിവയ്ക്ക് പുറമെ ചരിത്ര സ്മാരകമായ പുനലൂരിലെ തൂക്കുപാലം തുടങ്ങി വിദേശ വിനോദ സഞ്ചാരികൾക്ക് ഉൾപ്പടെ ആകർഷകങ്ങളായ ഇടങ്ങളിലെ വികസന സാഹചര്യങ്ങൾ മുതലെടുക്കാൻ കഴിയുന്നില്ല. അര നൂറ്റാണ്ട് മുമ്പ് പ്രവർത്തനം ആരംഭിച്ച ടൂറിസ്റ്റ് കേന്ദ്രങ്ങൾക്ക് ഇപ്പോഴും വലിയ മാറ്റമൊന്നും പറയാനില്ല. ഏഷ്യയിലെ ഏറ്റവും മികച്ച ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ഒന്നെന്ന് വിശേഷിക്കപ്പെടുന്ന തെന്മല ഇക്കോ ടൂറിസം മേഖലയിലെ ഭൂരിഭാഗം പദ്ധതികളും നാശത്തിലായിട്ട് വർഷങ്ങൾ പിന്നിടുന്നു.
ചിത്രശലഭ പാർക്ക്, ശില്പോദ്യാന പ്രദേശം, പാർക്കുകൾ തുടങ്ങിയ നിരവധി കേന്ദ്രങ്ങളാണ് നശിച്ചത്. ഇത് പുനരുദ്ധരിക്കാനോ പ്രവർത്തന ക്ഷമമാക്കാനോ യാതൊരു ഇടപെടലും ഉണ്ടാവുന്നില്ല. ദിവസേനയെത്തുന്ന നൂറുകണക്കിന് വിനോദ സഞ്ചാരികൾക്ക് നിരാശയാണ് ഫലം.
രാത്രിയിൽ താമസിക്കാൻ സർക്കാർ വക സൗകര്യങ്ങൾ ഇല്ലാത്തതിനാൽ സ്വകാര്യ റിസോർട്ടുകളിൽ വലിയ വാടക നൽകി കഴിയേണ്ട അവസ്ഥയാണ്. ഇക്കോ ടൂറിസം മേഖലയിലെ ക്വാർട്ടേഴ്സുകൾ കാടുപിടിച്ച നിലയിലാണ്. ഇവ നവീകരിച്ചാൽ സഞ്ചാരികൾക്ക് കുറഞ്ഞ ചെലവിൽ താമസിക്കാൻ കഴിയും. ഇവിടെ നിന്ന് കിഴക്കോട്ട് 21കിലോമീറ്റർ സഞ്ചരിച്ചാൽ വനം വകുപ്പിന്റെ നിയന്ത്രണത്തിലുള്ള പാലരുവി ജലപാതത്തിലും തുടർന്ന് റോസ്‌മല വ്യൂവിലും എത്താം. ഇവിടെയും കാര്യമായ ഒരു പുരോഗതിയും ഉണ്ടായിട്ടില്ല.
ഗതികേടിൽ കുംഭാവുരുട്ടിയും
ചൊങ്കോട്ട- അച്ചൻകോവിൽ വനപാതയിൽ നിന്ന് മൂന്ന് കിലോമീറ്റർ ഉൾവനത്തിലൂടെ സഞ്ചരിച്ചാൽ കുംഭാവുരുട്ടി വെള്ളച്ചാട്ടത്തിലെത്താം. വനം വകുപ്പിന്റെ നിയന്ത്രണത്തിലുള്ള കുംഭാവുരുട്ടിയിലേക്ക് മലവെള്ളപ്പാച്ചിലിൽ എത്തിയ പാറക്കല്ലുകൾ പൂർണമായും നീക്കിയിട്ടില്ല. ഇവിടെ കുളിക്കുന്നവർക്ക് മതിയായ സുരക്ഷയും ഒരുക്കിയിട്ടില്ല.
തൂക്കുപാലത്തിൽ ആൽമരങ്ങൾ
ടൂറിസ്റ്റുകളെ ഏറെ ആകർഷിക്കുന്ന ചരിത്രസ്മാരകമായ പുനലൂർ തൂക്ക് പാലത്തിന്റെ അവസ്ഥയും വ്യത്യസ്തമല്ല. ഇത് നവീകരിക്കാൻ തുക അനുവദിച്ചിട്ടുണ്ടെന്ന് പറയുന്നെങ്കിലും നടപടിയൊന്നുമായിട്ടില്ല. തൂക്കുപാലത്തിന്റെ കരിങ്കൽ തൂണുകൾക്ക് മുകളിൽ ആൽമര തൈകൾ വളർന്ന് ഉയർന്നിട്ട് രണ്ടുവർഷം പിന്നിടുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |