കൊല്ലം: യാത്രക്കാരെ കയറ്റാൻ നിറുത്തിയിട്ടിരുന്ന സ്വകാര്യ ബസിന് പിന്നിൽ കെ.എസ്.ആർ.ടി.സി രണ്ട് ഫാസ്റ്റ് പാസഞ്ചർ ബസുകൾ ഇടിച്ച് 28 പേർക്ക് പരിക്കേറ്റു. അപകടം സംഭവിക്കുമ്പോൾ സ്വകാര്യ ബസിലേക്ക് കയറുകയായിരുന്ന യാത്രക്കാരി റോഡിലേക്ക് വീണെങ്കിലും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെ കൊല്ലം കോർപ്പറേഷന് മുന്നിലായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ എട്ടുപേർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. നിസാര പരിക്കേറ്റവരെ പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു. പാറശാല ഡിപ്പോയിലെ കെ.എസ്.ആർ.ടി.സി ഫാസ്റ്റ് പാസഞ്ചർ ബസ് ഡ്രൈവർ ഗോപകുമാർ (50), കണ്ടക്ടർ ശ്രീകുമാർ, യാത്രക്കാരായ എറണാകുളം മുളന്തുരുത്തി സ്വദേശി ജോസ് (44), ചാത്തന്നൂർ സ്വദേശി പ്രണവ് (13), പ്രണവിന്റെ അമ്മ ദിവ്യ, ചാത്തന്നൂർ സ്വദേശി ജയശ്രീ (41), പാരിപ്പള്ളി സ്വദേശി നിമിഷ (19), വള്ളിക്കുന്ന് സ്വദേശി രോഹിണിഅമ്മ (66), ചാത്തന്നൂർ സ്വദേശി വിജയമ്മ (61) എന്നിവരാണ് ജില്ലാ ആശുപത്രിയിൽ ചികിത്സയിലുള്ളത്. മുഖത്തും കൈകാലുകൾക്കുമാണ് പരിക്ക്. മൂന്ന് ബസുകളും ചിന്നക്കടയിലേക്ക് വരികയായിരുന്നു. കൊട്ടിയം - പനയം റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസ് ക്യാമ്പിനടുത്തെ ബസ് സ്റ്റോപ്പിൽ നിറുത്തി യാത്രക്കാരെ കയറ്റുകയായിരുന്നു. തുടർന്നെത്തിയ പാറശാല ഡിപ്പോയിലെ ഫാസ്റ്റ് പാസഞ്ചറും തൊട്ടുപിന്നിലായി നിറുത്തി. ഇതിന് തൊട്ടുപിന്നാലെ അമിത വേഗത്തിലെത്തിയ മാവേലിക്കര ഡിപ്പോയിലെ ഫാസ്റ്റ് പാസഞ്ചർ ബസ് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ നിർത്തിയിട്ടിരുന്ന ഫാസ്റ്റ് പാസഞ്ചർ ബസ് മുന്നോട്ട് നീങ്ങി സ്വകാര്യ ബസിന് പിന്നിൽ ഇടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |