കൊല്ലം: അപകടത്തിൽപ്പെട്ടും ഗുരുതര ആരോഗ്യ പ്രശ്നങ്ങളുമായി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന രോഗികളെ ജില്ലാ ആശുപത്രിയിൽ കാത്തിരിക്കുന്നത് അംഗവൈകല്യം വന്ന വീൽച്ചെയറുകൾ. അത്യാഹിത വിഭാഗത്തിലെയും സർജിക്കൽ വാർഡുകളിലെയും വീൽച്ചെയറുകളിൽ ഭൂരിഭാഗവും മുടന്തിയും ചാടിയും രോഗികളെ വലച്ചാണ് നീങ്ങുന്നത്.
കഴിഞ്ഞ ദിവസം കാല് വയ്യാതെത്തിയ രോഗിയെ കൊണ്ടുപോയ വീൽച്ചെയറിൽ കാല് ചവിട്ടാനുള്ള സൗകര്യം ഉണ്ടായിരുന്നില്ല. കാൽ തൂക്കിയിട്ടിരുന്നതോടെ വേദന കൂടിയത് മിച്ചം. മെയിൽ സർജിക്കൽ വാർഡിലെ വീൽച്ചെയറുകളിൽ ഭൂരിഭാഗത്തിനും ഫുട്ട് റെസ്റ്റ് പെടൽ ഇല്ല. രോഗികളുടെ സുരക്ഷയോർത്ത് ആശുപത്രി ജീവനക്കാരോ രോഗികളുടെ ബന്ധുക്കളോ മറ്റോ കെട്ടിയ വള്ളിയാണ് ഫുട്ട് റെസ്റ്റിന് പകരമുള്ളത്.
അപകടത്തിൽ പെട്ട് എത്തുന്നവർക്ക് വേഗത്തിൽ ലഭ്യമാകും വിധം അത്യാഹിത വിഭാഗത്തിന് മുന്നിൽ നിരത്തിയിരിക്കുന്ന വീൽച്ചെയറുകളിൽ പലതും കേടുപാടുകൾ സംഭവിച്ചവയാണ്. രോഗികളെ ഇതിലിരുത്തി കൊണ്ടുപോകുന്നത് ഏറെ ശ്രമകരമാണ്. നല്ല ആരോഗ്യവും മുൻപരിചയവും ഉണ്ടെങ്കിലേ ഈ വീൽച്ചെയറുകൾ ശരിയായി ഉപയോഗിക്കാൻ കഴിയൂ.
എപ്പൊൾ വേണമെങ്കിലും നിയന്ത്രണം തെറ്റി വീൽച്ചെയർ അപകടത്തിൽപ്പെടാം. ഫുട്ട് റെസ്റ്റ് പെടലിനോട് ചേർന്നുള്ള ചെറിയ ചക്രങ്ങൾ പലതിലും പ്രവർത്തിക്കുന്നുമില്ല. ഇവയുടെ ഇരിപ്പിടങ്ങളും കേടുപാടുകൾ സംഭവിച്ചവയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |