ഓച്ചിറ: കരുനാഗപ്പള്ളി താച്ചയിൽ മുക്കിൽ ഗുണ്ടാ നേതാവ് ജിം സന്തോഷിനെ വീട് കയറി വെട്ടിക്കൊന്നത് ഓച്ചിറ വയനകം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ക്വട്ടേഷൻ സംഘമാണെന്നാണ് പൊലീസിന്റെ നിലവിലെ നിഗമനം.
സന്തോഷിനെ കൊലപ്പെടുത്തിയ ഗുണ്ടാ സംഘം സഞ്ചരിച്ച ഇന്നോവ കാർ ഓച്ചിറ വയനകം ചാങ്കൂർക്ഷേത്രത്തിന് സമീപത്ത് നിന്ന് ഓച്ചിറ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ പുലർച്ചെ സംശയാസ്പദമായ സാഹചര്യത്തിൽ റോഡരികിൽ കണ്ട വാഹനം പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പൊലീസ് എത്തിയപ്പോൾ വാഹനം ഓടിച്ചയാൾ ഇറങ്ങിയോടി രക്ഷപ്പെടുകയായിരുന്നു. വാഹന ഉടമ പൊലീസ് കസ്റ്റഡിയിലാണ്.
കാറെടുത്തത് രാത്രി 12ന് ശേഷം
വർക്ക് ഷോപ്പിലായിരുന്ന കാർ ബുധനാഴ്ച രാത്രി 12 മണി വരെ ഓച്ചിറ വയനകം സ്വദേശി കുക്കുവിന്റെ വീട്ടിൽ ഉണ്ടായിരുന്നതിന്റെ നിരീക്ഷണ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.
നീറിപ്പുകഞ്ഞ് കത്തിയ പക
കൊല്ലപ്പെട്ട സന്തോഷും ക്രൂരമായി ആക്രമിക്കപ്പെട്ട അനീറും സംഭവത്തിൽ പ്രതികളെന്ന് സംശയിക്കുന്ന ആറുപേരും നേരത്തെ ഒരു സംഘമായാണ് പ്രവർത്തിച്ചിരുന്നത്. ഇവർ പിന്നീട് തെറ്റിപ്പിരിഞ്ഞു. അതിന് പിന്നാലെ ഇവർ പരസ്പരം പലപ്പോഴും ഏറ്റുമുട്ടി കുടിപ്പക രൂപപ്പെട്ടു. ഇതിന്റെ തുടർച്ചയായി രണ്ട് മാസത്തിന് മുമ്പ് കരുനാഗപ്പള്ളിയിൽ വച്ച് വവ്വാക്കാവ് സ്വദേശിയെ വെട്ടിപരിക്കേൽപ്പിച്ച സംഭവത്തിൽ റിമാൻഡിലായ സന്തോഷ് പുറത്തിറങ്ങിയത് അടുത്തിടെയാണ്. അതേ വവ്വാക്കാവ് സ്വദേശിയുടെ വീട് ആക്രമിച്ച കേസിലെ പ്രതിയാണ് ഇന്നലെ പുലർച്ചെ വവ്വാക്കാവിൽ വച്ച് ആക്രമിക്കപ്പെട്ട അനീർ.
വെളുപ്പിന് 2.45ന് വവ്വാക്കാവിൽ വച്ച് സംഘം അനീറിനെ വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. വർഷങ്ങൾക്ക് മുമ്പ് പങ്കജിന്റെ വീട് കത്തിച്ച കേസിൽ പ്രതിയാണ് അനീർ. സംഘട്ടനത്തിനിടയിൽ കൂടെയുണ്ടായിരുന്ന സുഹൃത്ത് ശ്രീജിത്തിന് നിസാരമായ പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ അനീർ ആലപ്പുഴ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ശബരിമല കച്ചവടത്തിന് ശേഷം സുഹൃത്തുമൊത്ത് വീട്ടിലേക്ക് വരുന്നതിനിടയിൽ വവ്വാക്കാവിൽ വച്ച് സംഘം അനീറിനെ കണ്ടതിനെ തുടർന്നാണ് ആക്രമണം ഉണ്ടായത്. രണ്ട് സംഭവങ്ങളുടെ പ്രതികാരം വവ്വാക്കാവിലെ ഗുണ്ടാസംഘം ഇന്നലെ ഒരുമിച്ച് തീർത്തുവെന്നാണ് പൊലീസിന്റെ നിഗമനം.
രാഷ്ട്രീയ പിൻബലം
കഴിഞ്ഞ മാസം 31ന് ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയ രോഗിയെ ആബുലൻസ് തടഞ്ഞുനിറുത്തി രോഗിയെയും ഡ്രൈവറെയും നഴ്സിനെയും മർദ്ദിച്ച സംഭവത്തിൽ ഓച്ചിറ പൊലീസ് വയനകത്തെ ഗുണ്ടാസംഘത്തിൽ ഉൾപ്പെട്ടയാളെ വിളിച്ചുവരുത്തിയെങ്കിലും രാഷ്ടീയ സമ്മർദ്ദത്തെ തുടർന്ന് വിട്ടയച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |