കൊല്ലം: നഗരത്തിലെ ഗവ. വിക്ടോറിയ ആശുപത്രിയിലെ ഒ.പിയിൽ എത്തുന്നവർ ടിക്കറ്രെടുക്കാൻ മണിക്കൂറുകൾ നീളുന്ന ക്യൂവിൽ നിൽക്കേണ്ട അവസ്ഥ. ഇലക്ട്രോണിക് മെഷീൻ വഴി ലഭ്യമായ ടോക്കണുമായി ഒ.പി ടിക്കറ്രെടുക്കാൻ സ്‌ക്രീനിൽ നമ്പർ തെളിയുന്നതും നോക്കി നിൽക്കുന്നവർ ആകെ ആശയക്കുഴപ്പത്തിലാകും.
ക്യൂ നിൽക്കണോ അതോ ഡിജിറ്റൽ ബോർഡ് കാണിക്കുന്ന നമ്പരനുസരിച്ച് നീങ്ങണോ എന്നതാണ് സംശയം. ഇവിടെ സ്ഥാപിച്ചിട്ടുള്ള ഡിജിറ്റൽ ബോർഡ് ശരിയായി പ്രവർത്തിക്കാത്തതാണ് കാരണം. ഏറെ നേരം ഇടവിട്ടാണ് നമ്പരുകൾ തെളിയുന്നതും ശബ്ദസന്ദേശം ലഭിക്കുന്നതും. ശബ്ദസംവിധാനം വഴി ടോക്കൺ നമ്പർ അറിയിക്കുമെന്ന് പ്രതീക്ഷിച്ചാലും ശബ്ദം തീരെ കുറവായതിനാൽ പിന്നിലിരിക്കുന്നവർക്ക് കേൾക്കാനുമാവില്ല.
അഥവാ നമ്പർ തെളിഞ്ഞ് ഓരോരുത്തരും ഊഴം അനുസരിച്ച് ഒ.പി കൗണ്ടറിൽ എത്തിയാലും കാത്തിരിക്കണം. ആകെ രണ്ടു കൗണ്ടറുകളാണുള്ളത്. ടിക്കറ്റ് കൈമാറാൻ ജീവനക്കാർ ഏറെ സമയമെടുക്കുന്നുവെന്നും പരാതിയുണ്ട്. മതിയായ ജീവനക്കാർ ഇല്ലാത്തതാണ് പ്രധാന കാരണം. കൈക്കുഞ്ഞുങ്ങളുമായി എത്തുന്നവരും ഗർഭിണികളുമൊക്കെ ക്യൂവിൽ നിന്ന് വലയുകയാണ്. ചില ദിവസങ്ങളിൽ നല്ല തിരക്കാണ്. ഈ സമയം മണിക്കൂറുകളോളം കാത്തിരിക്കണം. ഭക്ഷണം കഴിക്കാൻ പോലും പറ്റിയെന്നു വരില്ല. നേരം പുലരുന്നത് മുതൽ ആളുകൾ വരി നിൽക്കുന്നത് ആശുപത്രിയിലെ നിത്യ കാഴ്ചയായി.
ഇരിപ്പിടങ്ങളുമില്ല
സ്ത്രീകളുടെയും കുട്ടികളുടെയും ചികിത്സയ്ക്ക് പേരുകേട്ട, വിക്ടോറിയ ആശുപത്രിയിൽ ദിവസവും ആയിരത്തിനടുത്ത് ആളുകൾ എത്താറുണ്ട്. കുഞ്ഞുങ്ങളുമായി വരുന്നവർക്കും ഗർഭിണികൾക്കും മതിയായ ഇരിപ്പിടം വേണമെന്ന് പലവട്ടം ആവശ്യമുയർന്നിട്ടും ഫലമുണ്ടായില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |