കൊല്ലം: സിവിൽ എൻജിനിയറിംഗ് പരീക്ഷാ കോച്ചിംഗ് മാഫിയയുടെ സമ്മർദ്ദത്തിനും സ്വാധീനത്തിനും വഴങ്ങി കേരള പബ്ലിക് സർവീസ് കമ്മിഷൻ അസിസ്റ്റന്റ് ടൗൺ പ്ലാനർ സിലബസ് തിരുത്തി പ്രസിദ്ധീകരിച്ചെന്ന് ആക്ഷേപം. 2023 ജൂലായ് 3നാണ് ഗ്രേറ്റർ കൊച്ചിൻ ഡെവലപ്പ്മെന്റ് അതോറിറ്റിയിലെ ടൗൺ പ്ലാനിംഗ് ഓഫീസർ തസ്തികയിലേക്കും (423/2021) എൽ.എസ്.ജി.ഡി പ്ലാനിംഗ് വിംഗിലെ അസി. ടൗൺ പ്ലാനർ തസ്തികയിലേക്കും (550/2021, 032/2022) പരീക്ഷ നടത്താൻ തീരുമാനിച്ചിരുന്നത്.
എന്നാൽ പെട്ടെന്ന് പരീക്ഷ 2023 സെപ്തംബർ 7ലേക്ക് മാറ്റിവയ്ക്കുകയായിരുന്നു. കൂടാതെ സിലബസും മാറ്റി പ്രസിദ്ധീകരിച്ചു. പുതിയ സിലബസ് പ്രകാരം പ്ലാനിംഗ് പഠിച്ചവർക്ക് യാതൊരു പരിഗണനയും നൽകാതെ സിവിൽ എൻജിനിയറിംഗും ആർകിടെക്ചറും പഠിച്ചവർക്ക് മാത്രം മുൻഗണന നൽകിയാണ് സിലബസ് നിശ്ചയിച്ചതെന്നാണ് ആരോപണം. ഈ സിലബസിൽ 50 മാർക്ക് സിവിൽ എൻജിനിയറിംഗിൽ നിന്നും 35 മാർക്ക് ആർകിടെക്ചർ വിഭാഗത്തിൽ നിന്നുമാണുള്ളത്. ടൗൺ പ്ലാനിംഗ് വിഭാഗത്തിൽ നിന്ന് 15 മാർക്ക് ചോദ്യം മാത്രമാണുള്ളത്.
കോച്ചിംഗ് മാഫിയയുടെ സമ്മർദ്ദം
അസി. ടൗൺ പ്ലാനർ പരീക്ഷയ്ക്ക് അപേക്ഷിച്ചത് 27,116 പേർ
കോച്ചിംഗ് സെന്ററുകൾ ഈടാക്കിയ ഫീസ് 20,000 ത്തിന് മുകളിൽ
സിലബസ് മാറ്റത്തിലൂടെ വിദ്യാർത്ഥികളുടെ ഭാവി തുലാസിൽ
നിരവധി വിദ്യാർത്ഥികളാണ് പ്ലാനിംഗിൽ ബിരുദാനന്തര ബിരുദം നേടി ഇറങ്ങുന്നത്
ഈ വിദ്യാർത്ഥികളുടെ ഭാവി സിലബസ് മാറ്റത്തിലൂടെ പ്രതിസന്ധിയിൽ
നിർദ്ദേശം നടപ്പാക്കിയില്ല
“നീതി ആയോഗ്” ഇന്ത്യൻ പാർലിമെന്റിൽ സമർപ്പിച്ചിട്ടുള്ള റീഫോംസ് ഇൻ അർബൻ പ്ലാനിംഗ് കപ്പാസിറ്റി ഇൻ ഇന്ത്യ- സെപ്തംബർ 2021 പ്രകാരം യോഗ്യരായ പ്ലാനർമാരെ ടൗൺ ആൻഡ് കൺട്രി പ്ലാനിംഗ് വിഭാഗത്തിൽ നിയമിക്കണമെന്ന് ശുപാർശയുണ്ട്. എല്ലാ സംസ്ഥാനങ്ങളിലും ഇത് നടപ്പാക്കണമെന്ന് ചീഫ് സെക്രട്ടറിമാർക്ക് നിർദ്ദേശവുമുണ്ട്. എന്നാൽ കേരളത്തിൽ മാത്രം ഇതുവരെ നടപ്പാക്കിയിട്ടില്ല. ഇതു മുൻനിറുത്തി പല അപേക്ഷകളും പി.എസ്.സിയിൽ നൽകിയെങ്കിലും മറുപടിയില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |