SignIn
Kerala Kaumudi Online
Thursday, 22 October 2026 7.55 PM IST

മീൻപിടിപ്പാറയിലേക്ക് നടപ്പാതയൊരുങ്ങുന്നു കണ്ടുനടക്കാം, ആഘോഷിക്കാം

photo
നവീകരണം നടത്തുന്ന പുലമൺ തോട്

കൊട്ടാരക്കര: ടൂറിസം പദ്ധതിയായ മീൻപിടിപ്പാറയിലേക്ക് പുതിയ നടപ്പാത ഒരുങ്ങുന്നു, കൊല്ലം-തിരുമംഗലം ദേശീയ പാതയിൽ പുലമൺ പാലത്തിന് സമീപത്തുനിന്നും തുടങ്ങി, മീൻപിടിപ്പാറയിലെത്തുംവിധത്തിലാണ് തോടിന്റെ കരയിലൂടെ നടപ്പാത തയ്യാറാക്കുന്നത്. മാലിന്യ മുക്ത നവകേരളത്തിനായുള്ള ജനകീയ കാമ്പയിന്റെ പുലമൺ തോടിന്റെ വൃത്തിയാക്കൽ ജോലികൾ ഏറെക്കുറെ നടത്തിയിരുന്നു. ഇതിന്റെ തുടർച്ചയെന്ന നിലയിലാണ് വശങ്ങൾ കെട്ടി നടപ്പാത നിർമ്മിക്കുന്നത്. മീൻ പിടിപ്പാറ ടൂറിസം പദ്ധതിയുടെ ഭാഗമായി ഇപ്പോൾ മുന്നൂറ് മീറ്റർ നീളത്തിൽ നടപ്പാതയുണ്ട്. അര കിലോമീറ്റർ ദൂരംകൂടി പുതുതായി നിർമ്മിക്കുന്നതോടെ ഈ പാത ദേശീയപാതയിലെത്തും. ഇന്റർലോക്ക് പാകി നടക്കാനുള്ള വൃത്തിയുള്ള പാതയാണ് നിർമ്മിക്കുക. വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയില്ല.

പ്രകൃതിയൊരുക്കിയ സുന്ദരക്കാഴ്ച

പുലമൺ തോടിന്റെ ഉത്ഭവ സ്ഥാനമാണ് മീൻപിടിപ്പാറ.

എസ്.ജി കോളേജിന്റെ പിന്നിലായി പ്രകൃതിയൊരുക്കിയ സുന്ദരക്കാഴ്ചകളും ചെറു വെള്ളച്ചാട്ടവുമൊക്കെ ഉൾപ്പെടുത്തിയാണ് മീൻപിടിപ്പാറ ടൂറിസം പദ്ധതി തയ്യാറാക്കിയത്.

ചൂണ്ടയിൽ കൊരുത്ത വലിയ മത്സ്യ ശില്പമാണ് മുഖ്യ ആകർഷണം. ഇതിന്റെ ചുറ്റും പാറക്കെട്ടുകളും വെള്ളവുമാണ്. താഴേക്ക് വെള്ളം തട്ടിച്ചിതറിയൊഴുകുന്നു.

ആകർഷണീയമായ തൂക്കുപാലം നിർമ്മിച്ചിട്ടുണ്ട്. ഇതിൽക്കൂടി മറുകരയിലെത്താം.

കൂടുതൽപ്പേരും ഫോട്ടോകൾ എടുക്കുന്നത് ഇവിടെയാണ്. കളിക്കോപ്പുകളും ചെടികളും കാത്തിരിപ്പ് കേന്ദ്രങ്ങളും ഊഞ്ഞാലുകളും ശില്പങ്ങളുമൊക്കെ ഇവിടെയുണ്ട്.

കൂടുതൽ വികസനമെത്തും

പട്ടണത്തിൽത്തന്നെ രസാനുഭവങ്ങളുള്ള ഇടമാണെങ്കിലും ഇവിടേക്ക് നടന്നെത്തുക പ്രയാസകരമാണ്. എസ്.ജി കോളേജിന് പിന്നിലൂടെ വളരെ ദൂരംതാണ്ടി എത്തുക പ്രയാസകരണം. ഇതിന് പരിഹാരമാവുകയാണ് പുതിയ നടപ്പാത. തോടിന്റെ വശങ്ങളിൽ ചെടികളും ശില്പങ്ങളും അലങ്കാര കൗതുകങ്ങളുമൊക്കെ സ്ഥാപിക്കുന്നതോടെ പുതിയ പാതവഴിയുള്ള കാൽനടയാത്ര കൂടുതൽ രസകരമാകും. സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ബയോ ഡൈവേഴ്സിറ്റി ടൂറിസം സർക്യൂട്ടിന്റെ ഭാഗമാക്കുന്നതോടെ കൂടുതൽ വികസനവും ഇവിടേക്ക് എത്തും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL