കൊല്ലം: ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ജില്ലയുടെ ലേബർ ബഡ്ജറ്റിൽ കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്റെ കടുംവെട്ട്. 1.10 കോടി തൊഴിൽ ദിനങ്ങളുടെ ലേബർ ബഡ്ജറ്റാണ് ജില്ലാ മിഷൻ തയ്യാറാക്കി സമർപ്പിച്ചത്. എന്നാൽ 52 ലക്ഷം തൊഴിൽദിനങ്ങൾ മാത്രമാണ് അനുവദിച്ചിരിക്കുന്നത്.
കഴിഞ്ഞ സാമ്പത്തികവർഷം 1.12 കോടിയുടെ ലേബർ ബഡ്ജറ്റ് സമർപ്പിച്ചപ്പോൾ 60 ലക്ഷം തൊഴിൽ ദിനങ്ങൾ അനുവദിച്ചിരുന്നു. എന്നാൽ ജില്ലയിൽ 92.20 ലക്ഷം തൊഴിൽ ദിനങ്ങൾ നൽകി. അധികമായി നൽകിയ 32.20 ലക്ഷം തൊഴിൽ ദിനങ്ങളുടെ കൂലി കേന്ദ്രം ഇതുവരെ അനുവദിച്ചിട്ടില്ല. അതിന് മുമ്പുള്ള വർഷങ്ങളിൽ ആദ്യം നൽകുന്ന ലേബർ ബഡ്ജറ്റ് പൂർണമായും അംഗീകരിക്കില്ലെങ്കിലും പിന്നീട് ഉയർത്തിനൽകുമായിരുന്നു.
കഴിഞ്ഞ വർഷം മുതൽ ഈ പ്രവണതയും അവസാനിച്ചിരിക്കുകയാണ്. ഇതിലൂടെ തൊഴിലുറപ്പ് കൂലിയിനത്തിൽ ജില്ലയ്ക്ക് ഏകദേശം 200 കോടിയോളം രൂപയാണ് നഷ്ടമാകുന്നത്.
105 കോടി തുലാസിൽ
കഴിഞ്ഞ സാമ്പത്തികവർഷം ജില്ലയിൽ അധികമായി നൽകിയ 32.20 ലക്ഷം തൊഴിൽ ദിനങ്ങളുടെ കൂലിയായ 105 കോടി അനുവദിക്കുന്ന കാര്യം തുലാസിലാണ്. പുതിയ സാമ്പത്തികവർഷമായിട്ടും കഴിഞ്ഞവർഷത്തെ ലേബർ ബഡ്ജറ്റ് ഇതുവരെ പുതുക്കി അധികം തുക അനുവദിച്ചിട്ടില്ല. 105 കോടി അനുവദിച്ചില്ലെങ്കിൽ ആ തുക ഇത്തവണ ലഭിക്കുന്ന തുകയിൽ നിന്ന് നൽകേണ്ടി വരും. ഇതോടെ ഈ സാമ്പത്തിക വർഷം തൊഴിലുറപ്പ് തൊഴിലാളികൾക്ക് കാര്യമായ തൊഴിൽദിനങ്ങൾ ലഭിക്കാത്ത അവസ്ഥയുണ്ടാകും.
ജില്ലയിലെ തൊഴിൽ ദിനങ്ങൾ
2021-22- 95.5 ലക്ഷം
2022-23- 93.9 ലക്ഷം
2023-24- 105.1 ലക്ഷം
2024-25- 92.20 ലക്ഷം
അനുവദിച്ചത് 60.09 ലക്ഷം മാത്രം
2025-26 -52 ലക്ഷം (അനുവദിച്ചിരിക്കുന്നത്)
കൂലിയിൽ വർദ്ധനവ്
കേരളത്തിലെ തൊഴിലുറപ്പ് കൂലി ഈ സാമ്പത്തികവർഷം 369 രൂപയായി ഉയർത്തി. കഴിഞ്ഞവർഷം 346 രൂപയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |