കൊല്ലം: ലോക പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി കെ.എം.എം.എൽ കേരള വനം-വന്യജീവി വകുപ്പിന്റെ സാമൂഹ്യ വനവത്കരണ വിഭാഗവുമായി ചേർന്ന് പാമ്പുകളെക്കുറിച്ചുള്ള അവബോധവും പാരിസ്ഥിതിക പ്രാധാന്യവും എന്ന വിഷയത്തിൽ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. കെ.എം.എം.എൽ ഫാക്ടറി മാനേജരും യൂണിറ്റ് ഹെഡുമായ പി.കെ.മണിക്കുട്ടൻ ഉദ്ഘാടനം ചെയ്തു. സർപ്പ സംസ്ഥാന നോഡൽ ഓഫീസറും തിരുവനന്തപുരം ബയോ ഡൈവേഴ്‌സിറ്റി സെൽ അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്ററുമായ മുഹമ്മദ് അൻവർ ക്ലാസിന് നേതൃത്വം നൽകി. വിവിധയിനം പാമ്പുകളെക്കുറിച്ചും അവയുടെ സംരക്ഷണം ആവാസവ്യവസ്ഥയെ നിലനിർത്തുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചും പാമ്പുകടിയേറ്റാൽ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. വനംവകുപ്പിന്റെ 'സർപ്പ' എന്ന ആപ്ലിക്കേഷനെ പരിചയപ്പെടുത്തുകയും, കമ്പനിയിലെ ഫയർ റെസ്‌ക്യൂ വിഭാഗത്തിലെ ജീവനക്കാർക്ക് സുരക്ഷിതമായി പാമ്പുകളെ പിടികൂടുന്നതിനുള്ള പരിശീലനം നൽകുകയും ചെയ്തു. വിവിധ ഡിപ്പാർട്ട്മെന്റുകളിലെ ജീവനക്കാരും ഉദ്യോഗസ്ഥരും യൂണിയൻ നേതാക്കളും പരിപാടിയിൽ പങ്കെടുത്തു.
പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി സ്‌കൂൾ വിദ്യാർത്ഥികൾക്കായി പരിസ്ഥിതി ദിന ക്വിസ് പ്രോഗ്രാമും കെ.എം.എം.എൽ സംഘടിപ്പിച്ചു. ജീവനക്കാർക്കെല്ലാം വൃക്ഷത്തൈകൾ നൽകുന്നതിനുള്ള പദ്ധതിയും കെ.എം.എം.എൽ. ആവിഷ്കരിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |