SignIn
Kerala Kaumudi Online
Sunday, 20 September 2026 8.56 PM IST

റെയിൽവേ ട്രാക്കിൽ മരം വീണ സംഭവം: അപകട മരങ്ങൾ മുറിച്ചുതുടങ്ങി

കൊല്ലം: കൊല്ലത്ത് റെയിൽവേ ട്രാക്കിൽ മരംവീണ് കത്തിയ സംഭവത്തിൽ അപകടാവസ്ഥയിലുള്ള മറ്റ് മരങ്ങൾ മുറിച്ചുതുടങ്ങി. കോർപ്പറേഷന് കത്ത് നൽകിയിട്ടും നടപടി ഉണ്ടാകാതെ വന്നതോടെ റെയിൽവേ നേരിട്ടാണ് മരം മുറിപ്പിക്കുന്നത്. നാല് മരങ്ങൾ മുറിച്ചു. ശേഷിക്കുന്ന മൂന്നെണ്ണം ഇന്ന് മുറിക്കും. ഇതിലൊന്ന് സമീപത്തെ പള്ളിയുടെ ഉടമസ്ഥതയിലുള്ളതാണ്.

റെയിൽവേ സാധാരണ മഴക്കാലമെത്തും മുമ്പ് കരാർ നൽകി ട്രാക്കുമായി ബന്ധപ്പെടുന്ന മരങ്ങൾ മുറിച്ചുനീക്കാറുണ്ട്. എന്നാൽ ഇവിടെ കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള മരങ്ങളായതിനാൽ മുറിച്ചുനീക്കാൻ കഴിഞ്ഞില്ല. മറ്റിടങ്ങളിലെല്ലാം അപകടാവസ്ഥയിലുള്ള മരങ്ങൾ മുറിച്ചുനീക്കിയിട്ടും പോളയത്തോടിനും കപ്പലണ്ടിമുക്കിനും ഇടയിലുള്ള ഭാഗത്തെ മരങ്ങൾ മുറിച്ചുനീക്കിയില്ല. ഇതിലൊന്നാണ് ഞായറാഴ്ച രാത്രി ട്രാക്കിൽ വീണത്. കടപുഴകിയ മഹാഗണിമരം റെയിൽവേയുടെ വൈദ്യുതി ലൈനിൽ തട്ടി ആളിക്കത്തുകയും ചെയ്തു. വഞ്ചിനാട് എക്സ്‌പ്രസ് കടന്നുപോയതിന് തൊട്ടുപിന്നാലെയായിരുന്നു അപകടം. തുടർന്ന് മണിക്കൂറുകളാണ് തീവണ്ടി ഗതാഗതം തടസപ്പെട്ടത്. ഇതോടെ റെയിൽവേയുടെ ഉന്നത അധികൃതരുൾപ്പടെ വിഷയത്തിൽ ഇടപെട്ടു. അടിയന്തര അപകട സാഹചര്യം കണക്കിലെടുത്ത് കോർപ്പറേഷൻ മുൻകൈയെടുത്തില്ലെങ്കിൽ സ്വന്തം നിലയിൽ മുറിച്ചുമാറ്റാൻ നിർദ്ദേശം ലഭിച്ചു. കോർപ്പറേഷൻ വകയായുള്ള കാട് മൂടിയ സ്ഥലത്തെ മരങ്ങളും ശ്മശാന വളപ്പിലെ മരങ്ങളുമാണ് മുറിച്ചത്. മറിഞ്ഞാൽ റെയിൽവേ ട്രാക്കിൽ പതിക്കാത്തവിധം മരങ്ങളുടെ ശിഖരങ്ങൾ വെട്ടിയൊതുക്കി പകുതിക്കുവച്ച് മുറിച്ച് നീക്കുകയാണ്. തടിയും മറ്റും കോർപ്പറേഷന് ഉപയോഗിക്കാം.

ചെലവ് 50,000 രൂപ

മരം മുറിക്കുന്നതിന് അര ലക്ഷം രൂപയാണ് റെയിൽവേ ചെലവ് കണക്കാക്കുന്നത്. ഏഴ് തൊഴിലാളികൾ ഇന്നലെ മരംമുറിക്കൽ ജോലികൾക്ക് ഉണ്ടായിരുന്നു. നേരത്തെ തന്നെ കരാർ നൽകിയിട്ടുള്ളതാണ്. മഴക്കാലമായതിന്റെയും റെയിൽവേ വൈദ്യുതി ലൈൻ കടന്നുപോകുന്നതിന്റെയും ബുദ്ധിമുട്ടുകളും മരംമുറിക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. മരംവീണ സംഭവത്തിന് ശേഷം 'ഇനിയും വീഴാൻ നാളെണ്ണി മരങ്ങൾ' എന്ന തലക്കെട്ടിൽ 17ന് കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENEL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL