SignIn
Kerala Kaumudi Online
Thursday, 22 October 2026 7.54 PM IST

അഴുകിയ മത്സ്യങ്ങൾ അതിർത്തി കടന്ന് അടുക്കളയിലേക്ക്

സംസ്ഥാനത്തെ ഹാർബറുകളിൽ നിന്നുള്ളവയെന്ന് വ്യാജ പ്രചരണം

കൊല്ലം: സംസ്ഥാനത്തെ മറ്റ് ഹാർബറുകളി​ൽ നി​ന്നുള്ള മത്സ്യങ്ങൾ എന്ന വ്യാജേന അന്യസംസ്ഥാനങ്ങളി​ൽ നി​ന്ന് എത്തി​ക്കുന്ന, പഴകി​യ മത്സ്യങ്ങൾ അടുക്കളകളെ രോഗങ്ങളുടെ പ്രഭവ കേന്ദ്രങ്ങളാക്കുന്നു. ട്രോളിംഗ് നി​രോധന കാലയളവി​ലായി​രുന്നു മുമ്പ് ഇത്തരം മത്സ്യങ്ങൾ എത്തി​യി​രുന്നത്. എന്നാൽ, മത്സ്യങ്ങൾ സുലഭമായി​ ലഭി​ക്കുമ്പോഴും ചെറുകി​ട കച്ചവടക്കാരെയും ഉപഭോക്താക്കളെയും കബളി​പ്പി​ച്ച് ഇത്തരം മത്സ്യങ്ങൾ പ്രവഹി​ക്കുകയാണ്.

കൊല്ലം നഗരത്തിലെ പല മാർക്കറ്റുകളിലും ഹാർബറിന് വെളിയിലും ഇത്തരത്തിലുള്ള മത്സ്യങ്ങൾ എത്തുന്നുണ്ട്. പഴകിയ മത്സ്യമായതി​നാൽ കുറഞ്ഞ വിലയ്ക്കു ലഭിക്കും. സർക്കാർ ഉടമസ്ഥതയി​ലുള്ള മത്സ്യഫെഡ് സ്റ്റാളുകളിലും ഗുണനിലവാരമില്ലാത്ത മത്സ്യങ്ങളുടെ വില്പന സജീവമാണെന്ന് ആരോപണമുണ്ട്. ഹാർബറുകളിൽ നിന്നും ഉൾനാടൻ മത്സ്യകർഷകരിൽ നിന്നും നേരിട്ട് അതത് ദിവസത്തെ മീനുകൾ വിപണന കേന്ദ്രങ്ങളി​ലെത്തി​ച്ച് വില്പന നടത്തുന്ന 'വഞ്ചിയിൽ നിന്ന് അടുക്കളയിലേക്ക്' പദ്ധതിയിലും അന്യസംസ്ഥാന മത്സ്യങ്ങളെയാണ് ആശ്രയിക്കുന്നത്. ഇത്തരം മത്സ്യങ്ങളുടെ വഴിയോര വില്പനയും വ്യാപകമാണ്.

പ്രദേശിക മാർക്കറ്റുകളിൽ മതിയായ ശീതീകരണ സംവിധാനങ്ങളില്ല. ഐസ് ചേർത്താണ് ഇവിടങ്ങളിൽ മത്സ്യം സൂക്ഷിക്കുന്നത്. ഒരു കിലോ മത്സ്യത്തിന് ഒരു കിലോ ഐസ് എന്നതാണ് അനുപാതം. ഇത് പലപ്പോഴും പാലിക്കപ്പെടാറില്ല. ‌ഫോർമാലിൻ ഉൾപ്പെടെയുള്ള രാസവസ്തുക്കൾ കലർത്തിയാൽ ദീർഘകാലം കേടുകൂടാതെ സൂക്ഷിക്കാനാകും. പഴകിയതാണെന്ന് ഒറ്റ നോട്ടത്തിൽ മനസിലാവില്ല. ചെറുകിട വ്യാപാരികൾക്ക് മത്സ്യത്തിന്റെ പഴക്കം പെട്ടന്ന് കണ്ടെത്താൻ കഴിയാത്തും വെല്ലുവിളിയാണ്.


മനസിലാക്കാം പഴക്കം

 ഫ്രഷ് മീനിന് വൃത്താകൃതിയുള്ളതും തിളങ്ങുന്നതും തെള‍ിച്ചമുള്ളതുമായ കണ്ണ‍ുകളായിരിക്കും. തിളക്കമില്ലാതെ, കുഴിഞ്ഞിരിക്കുന്നതും ഇളം നീലനിറമുള്ളതുമായ കണ്ണുകൾ പഴകിയ മീനിന്റേത്

 ആന്തരികാവയവങ്ങൾ നീ‍ക്കം ചെയ്യുമ്പോൾ നട്ടെല്ലിന്റെ ഭാഗത്തു നിന്നു വരുന്ന രക്തം നല്ല നിറമുള്ളതാണെങ്കിൽ മീൻ ഫ്രഷാണ്

 മാംസത്തിൽ വിരൽ അമർത്തുമ്പോൾ ദൃഢത തോന്നിയാൽ നല്ല മീനാണ്. ചീത്തയാണെങ്കിൽ വിരലമർത്തുമ്പോൾ മാസം താഴ്ന്നുപോകും

 ചീഞ്ഞു തുടങ്ങിയ മീനിന് കനത്തതും അമോണിയയുടേതിനു സമാനമായ ഗന്ധവുമുണ്ടാകും

 ചെകിളകൾ നനഞ്ഞതും ചുവപ്പു നിറത്തിലും ആണെങ്കിൽ ഫ്രഷ് ആണ്

 മുറിച്ചു നൽകുന്ന മീനിന് ഈർപ്പം ഉണ്ടോയെന്ന് പരിശോധിക്കണം. മീനിന് തവിട്ടുനിറവും അറ്റത്ത് മഞ്ഞനിറവും ഉണ്ടെങ്കിൽ പഴയതാണ്.

 വലിയ മീൻ മുറിക്കുമ്പോൾ ഉള്ളിൽ നീലനിറത്തിലുള്ള തിളക്കം കാണുന്നുണ്ടെങ്കിൽ രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ട്

മത്സ്യം സുലഭമായി കിട്ടുന്ന സ്ഥലമായിട്ട് കൂടി അന്യസംസ്ഥാനങ്ങളിൽ നിന്ന് വലിയതോതിൽ മത്സ്യം ഇവിടേക്ക് എത്താറുണ്ട്. ഇത് വിലക്കാൻ നമുക്ക് കഴിയില്ല. പകരം മീനിന്റെ ക്വാളിറ്റി പരിശോധിച്ച് ഉറപ്പു വരുത്തുകയാണ് വേണ്ടത്. അത് ക്രമമായി നടക്കുന്നുണ്ട്

ഭക്ഷ്യസുരക്ഷാ വകുപ്പ് അധികൃതർ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL