SignIn
Kerala Kaumudi Online
Tuesday, 19 May 2026 12.46 AM IST

വിരമിക്കൽ ദിനത്തിൽ സഹപ്രവർത്തകരെ ഉള്ളടക്കമാക്കി അദ്ധ്യാപകന്റെ പുസ്തക സമ്മാനം

photo-

ഓച്ചിറ: സഹപ്രവർത്തകരുടെ ഉള്ളറിഞ്ഞ് ഉള്ളടക്കം ഒരുക്കി വിരമിക്കൽ ദിനത്തിൽ സഹപ്രവർത്തകർക്ക് പുസ്തകം സമ്മാനമായി നൽകി അദ്ധ്യാപകൻ. അവരുടെ നല്ല ഗുണങ്ങൾ വാക്കുകളിൽ കോറിയിട്ട് 164 പേജുള്ള പുസ്തകം വിരമിക്കൽ ചടങ്ങിൽ പ്രകാശനം ചെയ്താണ് ക്ലാപ്പന ഷൺമുഖ വിലാസം ഹയർ സെക്കൻഡറി സ്കൂളിലെ ഹിന്ദി അദ്ധ്യാപകനായ ആർ.മോഹനൻ ശ്രദ്ധേയനായത്.

മേയ് 31നാണ് വിരമിക്കലെങ്കിലും ഈ വർഷം വിരമിക്കുന്ന മൂന്ന് അദ്ധ്യാപകർക്കും ഒരുമിച്ച് യാത്രഅയപ്പ് ഒരുക്കുകയായിരുന്നു സഹപ്രവർത്തകർ.

യാത്രഅയപ്പ് സമ്മേളനത്തിനിടെയാണ് അദ്ധ്യാപകൻ പുസ്തകം തയ്യാറാക്കി പ്രസിദ്ധീകരിക്കുന്ന വിവരം സഹപ്രവർത്തകർ അറിയുന്നത്. പുസ്തക പ്രകാശനം നടത്തിയ കരുനാഗപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.വിജയകുമാർ പുസ്തകത്തിന്റെ ഓരോ അദ്ധ്യായവും സഹപ്രവർത്തകരെ വിലയിരുത്തുന്ന ചെറുവിവരണമാണെന്ന് പറഞ്ഞതോടെയാണ് സദസിലുണ്ടായിരുന്നവർ ഉള്ളടക്കം അറിയുന്നത്. ഇതോടെ എല്ലാവരുടെയും കണ്ണുകളിൽ കൗതുകം നിറഞ്ഞു.

സ്കൂൾ മാനേജർ എസ്.ജയചന്ദ്രൻ പുസ്തകം ഏറ്റുവാങ്ങി. ജില്ലാ ലൈബ്രറി കൗൺസിൽ എക്സി. അംഗം വി.പി.ജയപ്രകാശ് മേനോൻ പുസ്തക പരിചയം നടത്തി. ആർ. മോഹനനെ കൂടാതെ ഹയർ സെക്കൻഡറി വൈസ് പ്രിൻസിപ്പൽ ജാസ്മിൻ ദിവാകർ, ഹൈസ്കൂൾ അദ്ധ്യാപിക ദീപ്‌തി മോഹൻദാസ് എന്നിവർക്കും യാത്രഅയപ്പ് നൽകി.

'കനിവ് വറ്റാത്ത കടലാസ് പൂക്കൾ'

 അദ്ധ്യാപകർക്കൊപ്പം അനദ്ധ്യാപകരും പാചകത്തൊഴിലാളികളും പ്രീ പ്രൈമറി ആയമാരും ബസ് ക്ലീനർമാരും അദ്ധ്യായങ്ങളിൽ ഇടം പിടിച്ചു

 പുസ്തകത്തിൽ 66 അദ്ധ്യായങ്ങൾ

 ഓരോരുത്തരുടെയും സ്കെച്ച് തയ്യാറാക്കിയത് ആർട്ടിസ്റ്റ് വരവിള അനി

 മോഹനൻ ഗ്രന്ഥശാലാ പ്രവർത്തകൻ

 പുസ്തകം പ്രസിദ്ധീകരിച്ചത് ലൈബ് കോസ് പബ്ലിക്കേഷൻസ്

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL