SignIn
Kerala Kaumudi Online
Tuesday, 19 May 2026 4.48 AM IST

ജയിച്ച കൊട്ടറ എം.എൽ.എ, തോറ്റ പിള്ള മന്ത്രി!

കൊല്ലം: കൊട്ടാരക്കര നിയമസഭാ മണ്ഡലത്തിൽ നിന്ന് ജയിച്ച കൊട്ടറ ഗോപാലകൃഷ്ണൻ എം.എൽ.എയായി സഭയിലിരിക്കെ, തോറ്റ ആർ. ബാലകൃഷ്ണപിള്ള മന്ത്രിയായി!.

1975ലെ സി.അച്യുതമേനോൻ മന്ത്രിസഭയിലാണ് ഈ കൗതുകം. അടിയന്തരാവസ്ഥയുടെ കാലത്ത് രണ്ടുവർഷം കൂടി നിയമസഭയ്ക്ക് നീട്ടിക്കിട്ടി. ഈ സമയത്താണ് മാവേലിക്കര പാർലമെന്റ് അംഗമായ ആർ.ബാലകൃഷ്ണപിള്ളയെ സി. അച്യുതമേനോൻ മന്ത്രിസഭയിൽ അംഗമാക്കിയത്. ഇന്ദിരാഗാന്ധിയുടെ ഇടപെടലിലാണ് കേരളാ കോൺഗ്രസിന് ഭരണമുന്നണിയിൽ ഇടം ലഭിച്ചതും മന്ത്രി സ്ഥാനം കിട്ടിയതും.

പാർലമെന്റ് അംഗത്തിന് പുറമേ, ഇടമുളയ്ക്കൽ പഞ്ചായത്ത് പ്രസിഡന്റ് കൂടിയായിരുന്നു അന്ന് ആർ.ബാലകൃഷ്ണപിള്ള.

1970ലെ തിരഞ്ഞെടുപ്പിലാണ് ആർ.ബാലകൃഷ്ണപിള്ളയും കൊട്ടറ ഗോപാലകൃഷ്ണനും ഏറ്റുമുട്ടിയത്. കൊട്ടറ ഗോപാലകൃഷ്ണൻ 4677 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ചു. 32536 വോട്ട് കൊട്ടറയ്ക്ക് ലഭിച്ചപ്പോൾ പിള്ളയ്ക്ക് കിട്ടിയത് 27859 വോട്ടാണ്. തന്നെ തോൽപ്പിച്ച കൊട്ടറ ഗോപാലകൃഷ്ണനെ 1977ൽ നടന്ന തിരഞ്ഞെടുപ്പിൽ പിള്ള തോൽപ്പിച്ച് പകരം വീട്ടി.

ഗോലികളിക്കാരൻ പയ്യൻ!

കോൺഗ്രസ് ടിക്കറ്റിൽ കന്നിയങ്കത്തിന് കൊട്ടറ ഗോപാലകൃഷ്ണൻ മത്സരത്തിനിറങ്ങുമ്പോൾ വയസ് 26. കവിയും എഴുത്തുകാരനും വാഗ്മിയുമായിരുന്നു കൊട്ടറ. കേരള രാഷ്ട്രീയത്തിൽ തലപ്പൊക്കമുള്ള ആർ.ബാലകൃഷ്ണ പിള്ളയോടാണ് ഏറ്റുമുട്ടേണ്ടത് എന്നറിഞ്ഞപ്പോൾ അടുപ്പമുള്ളവരൊക്കെ ഗോപാലകൃഷ്ണനെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ ഉമ്മൻചാണ്ടി, എ.കെ.ആന്റണി, എ.സി.ഷണ്മുഖദാസ്, എൻ.രാമകൃഷ്ണൻ തുടങ്ങി കോൺഗ്രസിലെ യുവതുർക്കികൾക്കൊപ്പമാണ് കന്നിയങ്കത്തിന് ഇറങ്ങുന്നതെന്ന ആത്മവിശ്വാസത്തോടെ കൊട്ടറ തിരഞ്ഞെടുപ്പ് രംഗത്ത് സജീവമായി. പ്രചാരണം കൊഴുക്കവെ നടന്ന പൊതുയോഗത്തിൽ ആർ.ബാലകൃഷ്ണ പിള്ള കൊട്ടറ ഗോപാലകൃഷ്ണനെ കണക്കിന് ആക്ഷേപിച്ചു. 'ഇതെന്തൊരു തിരഞ്ഞെടുപ്പാ... ഗോലി കളിച്ച് നടക്കേണ്ട പയ്യനാണോ എനിക്കെതിരെ മത്സരിക്കുന്നത്?'- പിള്ളയുടെ പൊതുവേദിയിലെ പരിഹാസം അന്ന് വലിയ വിവാദമായി. 'ഗോലികളിക്കാരൻ പയ്യൻ' എന്ന വിശേഷണം പരമാവധി പ്രചരിപ്പിച്ചുതന്നെ കോൺഗ്രസ് വോട്ടുതേടി. 'പശുവും കിടാവും' ആയിരുന്നു അന്ന് കോൺഗ്രസ് ചിഹ്നം. തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ എല്ലാവരെയും കൊട്ടറ ഞെട്ടിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL