SignIn
Kerala Kaumudi Online
Tuesday, 19 May 2026 12.47 AM IST

പൊള്ളുന്ന ചൂടുകാലം, പേടിക്കണം പാമ്പിനെ

താപനി​ല താങ്ങാനാവാതെ ഇഴജന്തുക്കൾ

കൊല്ലം: അസഹനീയ ചൂട് കാരണം വീടുകളിലും പരിസരത്തും പാമ്പുകളുടെ സാന്നിദ്ധ്യം ഭീഷണിയാകുന്നു. ഇടക്കിടെ പെയ്യുന്ന വേനൽ മഴയും ഉയർന്ന താപനിലയും കാരണം പാമ്പുകൾ മാളങ്ങൾ വിട്ട് പുറത്തി​റങ്ങുകയാണ്. സാധാരണ ഗതിയിൽ 28 ഡിഗ്രി താപനിലയിൽ പാമ്പുകൾക്ക് സുഖമായി ജീവിക്കാൻ സാധിക്കും. താപനില കൂടുമ്പോൾ ശരീര താപനില നിയന്ത്രിക്കാൻ വേണ്ടിയാണ് ഇവ തണുപ്പുള്ള സ്ഥലങ്ങൾ തേടി ജലസംഭരണികൾ, കുളിമുറികൾ എന്നി​വി​ടങ്ങളി​ലേക്കെത്തുന്നത്.

രക്തം പരിശോധിച്ച് രണ്ട് മിനുട്ടി​നുള്ളിൽ വിഷബാധ സ്ഥിരീകരിക്കാനാകുന്ന ‘സ്‌നേക്ക് വെനം റാപിഡ് ടെസ്റ്റ്‌’ കിറ്റിന്റെ പരീക്ഷണം അന്തിമഘട്ടത്തിലാണെന്ന് ബംഗളൂരു ഭട്ട് ബയോടെക്കിലെ പ്രമുഖ ഗവേഷകൻ ഡോ. ശ്യാം ഭട്ട് ഉൾപ്പെടെയുള്ള ഗവേഷകർ പറയുന്നു. ഗർഭപരിശോധന കിറ്റിന്റെ അതേരൂപത്തിൽ ലളിതമായി ഉപയോഗിക്കാൻ കഴിയുന്ന ടെസ്റ്റ് കിറ്റാണി​ത്. വിഷബാധയുള്ളവർക്ക് വേഗത്തിൽ ചികിത്സ ലഭ്യമാക്കി മരണനിരക്ക് കുറയ്ക്കാനും സാധിക്കും. കിറ്റ് അധി​കം വൈകാതെ വി​പണി​യി​ലെത്തും.

വെള്ളിക്കെട്ടൻ അപകടകാരി​

മറ്റ് വിഷപ്പാമ്പുകളെ പോലെ വെള്ളിക്കെട്ടൻ കടിച്ചാൽ വേദനിക്കില്ല. ‘ഓക്കൾട്ട് ബൈറ്റ്’ എന്ന സ്വഭാവത്തിലുള്ളതായതിനാൻ തിരിച്ചറിയാനും പ്രയാസമാണ്. ഇവയുടെ കടിയേറ്റ സ്ഥലത്ത് വലിയ ലക്ഷണങ്ങൾ ഉണ്ടാകില്ല. അതിനാൽ പലപ്പോഴും കടിയേറ്റത് അറിയുകയുമില്ല. വിഷമേറ്റാൽ ചില സമയം വയറുവേദന, ഛർദ്ദി​ പോലെയുള്ള ലക്ഷണങ്ങൾ മാത്രമാണ് ഉണ്ടാകുക. ഇത് ഗ്യാസ് സംസംബന്ധ രോഗമായി തെറ്റിദ്ധരിക്കാനും സാദ്ധ്യതയുണ്ട്.

വേണം ജാഗ്രത

 ഉറങ്ങുന്നതിന് മുമ്പ് ബെഡ് ഷീറ്റും തലയിണയും നന്നായി കുടയുക

 കട്ടിലിനടിയിലും മുറിക്കുള്ളിലെ മറ്റ് മൂലകളിലും വെളിച്ചമടിച്ച് പരിശോധിക്കണം

 വെളിയിൽ ഇട്ടിരിക്കുന്ന ചെരിപ്പുകളും ഷൂസുകളും ധരിക്കുന്നതിന് മുൻപ് കുടയണം

 കുട്ടികൾ പുറത്ത് കളിക്കാൻ ഇറങ്ങുമ്പോൾ നിർബന്ധമായും ചെരിപ്പോ ഷൂവോ ധരിക്കണം

 കുറ്റിക്കാടുകൾക്കും കല്ലുകൾക്കും ഇടയിൽ കുട്ടികൾ കളിക്കുന്നത് ഒഴിവാക്കണം

 ജനാലകൾ തുറന്നിടുന്നത് ഒഴിവാക്കുക. പ്രധാനമായും പറമ്പിനോട് ചേർന്ന ജനാലകൾ

 വീടിനോട് ചേർന്ന് വിറകുകൾ അടുക്കി വയ്ക്കരുത്. ചിരട്ടകൾ, തൊണ്ട് എന്നിവ കൂട്ടിയിടുന്നത് ഒഴിവാക്കുക

 വീടിനോട് ചേർന്നുള്ള പറമ്പുകൾ എപ്പോഴും വൃത്തിയായി സൂക്ഷിക്കുക

 ആഴ്ചയിൽ ഒരിക്കൽ ഡീസൽ, മണ്ണെണ്ണ സ്‌പ്രേ ചെയ്താൽ ഗന്ധം കാരണം പാമ്പുകൾ അടുക്കില്ല.

.......................................

കേരളത്തിൽ ഏറ്റവും കൂടുതൽ ആളുകൾക്ക് കടി ഏൽക്കുന്നത് മൂർഖൻ പാമ്പിന്റേതാണ്. എന്നാൽ അണലിയുടെ കടിയേറ്റാണ് കൂടുതൽ ആളുകളും മരിക്കുന്നത്. പാമ്പുകളുടെ ആവാസ വ്യവസ്ഥ നഷ്ടപ്പെടുന്നത് മൂലമാണ് ജനവാസ കേന്ദ്രങ്ങളിലേക്ക് ഇവ എത്തുന്നത്. പാമ്പുകടിയേറ്റാൽ പരിഭ്രാന്തരാകരുത്. പേടി കാരണം ശരീരത്തിൽ അഡ്രിനാലിൽ എന്ന ഹോർമോൺ ഉത്പാദിപ്പിക്കപ്പെടും. ഹൃദയം ശക്തിയായി മിടിക്കാൻ തുടങ്ങും. ശരീരത്തിലേക്കു കയറിയ വിഷം രക്ത ചംക്രമണത്തിലേക്കു പെട്ടെന്നു കയറുകയും ചെയ്യും. അതിനാൽ ആദ്യം ചെയ്യേണ്ടത് പാമ്പുകടിയേറ്റ വ്യക്തിയെ പരിഭ്രാന്തനാകാതെ വിശ്രമിക്കാൻ അനുവദിക്കണം. കടിയേറ്റ ഭാഗം കെട്ടരുത് ഇവിടെ മുറിവുണ്ടാക്കാനോ രക്തം പിഴിഞ്ഞു കളയാനോ ശ്രമിക്കരുത്. എത്രയും വേഗം ആന്റി വെനം സൗകര്യമുള്ള തൊട്ടടുത്ത ആശുപത്രിയിൽ എത്തിക്കുക.

വാവ സുരേഷ്,

പ്രശസ്ത പാമ്പ് പിടിത്ത വിദഗ്ദ്ധൻ

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL