SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.47 AM IST

പണി​യെടുത്തി​ട്ടും പണമി​ല്ല, തൊഴി​ലുറപ്പി​ൽ നി​രാശ

ജനുവരി​ മുതൽ ജി​ല്ലയി​ലെ കൂലി​ കുടി​ശി​ക 50 കോടി​

കൊല്ലം: തൊഴി​ലുറപ്പ് തൊഴി​ലാളി​കൾ കൂലി​ക്കായുള്ള കാത്തി​രി​പ്പ് തുടങ്ങി​യി​ട്ട് നലുമാസം. ജില്ലയിൽ 50 കോടിയാണ് കൂലിയിനത്തിൽ കുടിശികയുള്ളത്. ഇതിന് പുറമേ സാധന സാമഗ്രികൾ വാങ്ങിയ ഇനത്തിൽ 20 കോടി കിട്ടാനുണ്ട്.

ബി.വി.ജി റാം ജി എന്ന പുതിയ പദ്ധതി വരുന്നതിനാൽ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ കുടിശിക തീർക്കാൻ കേന്ദ്ര സർക്കാർ പണം നീക്കിവച്ചിട്ടുണ്ട്. എന്നാൽ പദ്ധതി മാറുന്നതിനാൽ കൂലി കുടിശിക കിട്ടുമോയെന്ന ആശങ്കയിൽ തൊഴിലുറപ്പ് തൊഴിലാളികൾ തദ്ദേശ ജനപ്രതിനിധികളെയും തൊഴിലുറപ്പ് പദ്ധതി ഉദ്യോഗസ്ഥരെയും നിരന്തരം വിളിക്കുന്നുണ്ട്. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തുടരുന്നുണ്ടെങ്കിലും പുതിയ പദ്ധതി വരുന്നതിനാൽ ഇപ്പോൾ ചെയ്യുന്ന ജോലിയുടെ കൂലി കിട്ടുമോയെന്ന ആശങ്ക കാരണം തൊഴിലാളികൾ ജോലിക്ക് എത്താനും മടി​ക്കുന്നു.

പുതിയ തൊഴിലുറപ്പ് പദ്ധതിയായ ബി.വി.ജി റാം ജി നിലവിൽ വരുന്നത് വരെ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തുടരാൻ നിർദ്ദേശമുണ്ട്. എന്നാൽ സാങ്കേതിക തടസങ്ങൾ കാരണം തൊഴിൽ ദിനങ്ങൾ ഇത്തവണ കുത്തനെ ഇടിഞ്ഞു. കഴിഞ്ഞ ഏപ്രിലിൽ എട്ട് ലക്ഷം തൊഴിൽ ദിനങ്ങൾ ജില്ലയിൽ നൽകിയിരുന്നിടത്ത് ഈമാസം ഇതുവരെ 75,000 തൊഴിൽ ദിനങ്ങൾ മാത്രമാണ് ലഭി​ച്ചത്.

എല്ലാവർഷവും മാർച്ചിൽ അടുത്ത സാമ്പത്തിക വർഷത്തെ തൊഴിലുകൾ തയ്യാറാക്കും. എന്നാൽ കഴിഞ്ഞ സാമ്പത്തിക വർഷത്തിന്റെ അവസാനഘട്ടത്തിൽ കൊണ്ടുവന്ന ചില നിയന്ത്രണങ്ങൾ കാരണം പല തൊഴിൽ പദ്ധതികളും പോർട്ടലിൽ ഉൾപ്പെടുത്താനായില്ല.

തടസമായി​ ജി​യോ ഫെൻസിംഗ്

പുതുതായി കൊണ്ടുവന്ന ജിയോ ഫെൻസിംഗും തൊഴിൽ നൽകുന്നതിൽ കാലതാമസം സൃഷ്ടിക്കുന്നു. പുതിയ നിർദ്ദേശ പ്രകാരം തൊഴിൽ നടക്കുന്ന സ്ഥലത്തെത്തി മുൻകൂട്ടി ജിയോഫെൻസിംഗ് നടത്തിയ ശേഷമേ തൊഴിൽ നൽകാൻ പാടുള്ളു. പക്ഷെ സ്ഥലത്തെത്തി ജിയോ ഫെൻസിംഗ് നടത്തിയാലും സോഫ്റ്റ്‌വെയറിലെ സാങ്കേതിക തകരാറുകൾ കാരണം രണ്ട് ദിവസത്തിന് ശേഷമാണ് നടപടികൾ പൂർത്തിയാകുന്നത്. സ്പിൽ ഓവർ പ്രവൃത്തികളും പോർട്ടലിൽ ഉൾപ്പെടുത്താൻ കഴി​ഞ്ഞ തൊഴിലുകളും മാത്രമാണ് ഇപ്പോൾ നൽകുന്നത്.

പുതിയ പദ്ധതി വൈകുന്നതിനാൽ കഴിഞ്ഞ സാമ്പത്തിക വർഷത്തേത് പോലെ എട്ട് ലക്ഷം തൊഴിൽ ദിനങ്ങൾ ജില്ലയിൽ ഏപ്രിൽ മാസത്തിൽ അനുവദിച്ചിട്ടുണ്ടെങ്കിലും നിലവിലെ സ്ഥിതിയിൽ ഒരു ലക്ഷം പോലും തികയ്ക്കാനാകില്ല.

തൊഴിലുറപ്പ് പദ്ധതി ജില്ലയിൽ

 6.12 ലക്ഷം അംഗങ്ങൾ

 2.5 ലക്ഷം സജീവ അംഗങ്ങൾ

 നിലവിലെ കൂലി 369 രൂപ

 കഴിഞ്ഞ വർഷം 88 ലക്ഷം തൊഴിൽ ദിനങ്ങൾ

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL