SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.55 AM IST

കരുത്തേറി വേനൽമഴ, നഷ്ടങ്ങളും വെള്ളക്കെട്ടും

ഒട്ടുമിക്ക മേഖലകളിലും വെള്ളക്കെട്ട്

​കൊല്ലം: ജില്ലയിൽ വേനൽമഴ ശക്തമായതോടെ അപകടങ്ങളും വർദ്ധിക്കുന്നു. ശനിയാഴ്ച വൈകിട്ടുണ്ടായ കനത്ത കാറ്റിലും മഴയിലും പത്തനാപുരത്ത് വീട് തകർന്നു. നഗരപ്രദേശങ്ങളിൽ പലേടത്തും വെള്ളക്കെട്ട് രൂപപ്പെട്ടത് ജനജീവിതത്തെ സാരമായി ബാധിച്ചു. ​കനത്ത മഴയിൽ മരങ്ങൾ കടപുഴകി വീഴുകയും വ്യാപക നാശനഷ്ടങ്ങൾ ഉണ്ടാവുകയും ചെയ്തിട്ടുണ്ട്.

പത്തനാപുരം പിടവൂർ ചാക്കാശ്ശേരി വിനായകത്തിൽ വിനീഷ് വി.നായരുടെ വീടാണ് കാറ്റിൽ തകർന്നത്. വീടിന് മുകളിലേക്ക് വലിയ മരം ഒടിഞ്ഞുവീഴുകയായിരുന്നു. അപകടസമയത്ത് വീട്ടുകാർ ഉണ്ടായിരുന്നുവെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. വീടിന്റെ മേൽക്കൂരയും ഭിത്തിയും ഭാഗികമായി തകർന്ന് ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.

​ഞായറാഴ്ച ഉച്ചയോടെ പെയ്ത പെരുമഴയിൽ കൊല്ലം നഗരത്തിൽ വ്യാപക വെള്ളക്കെട്ടുണ്ടായി. കിളികൊല്ലൂർ പൊലീസ് സ്റ്റേഷന് പിൻവശം, വി പാർക്കിന് മുൻവശം, കർബല റെയിൽവേ സ്റ്റേഷൻ റോഡ് എന്നിവിടങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമായിരുന്നു. ഓടകൾ കരകവിഞ്ഞതോടെ പ്രധാന റോഡുകളിൽ വെള്ളം കയറുകയും ഗതാഗതക്കുരുക്ക് ഉണ്ടാവുകയും ചെയ്തു. ദേശീയ പാതയിൽ ഉൾപ്പടെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി.

​ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദ സാദ്ധ്യത

​കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കുകൂട്ടൽ പ്രകാരം തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ അടുത്ത 48 മണിക്കൂറിനുള്ളിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെടാൻ സാദ്ധ്യതയുണ്ട്. നിലവിൽ മന്നാർ ഉൾക്കടലിനും ശ്രീലങ്കയ്ക്കും മുകളിലായി ചക്രവാതച്ചുഴി നിലനിൽക്കുന്നു. ഇതിനുപുറമെ, ഉത്തര കർണാടക മുതൽ തമിഴ്‌നാട് വഴി ശ്രീലങ്കൻ തീരം വരെ നീളുന്ന ന്യൂനമർദ്ദ പാത്തിയും സജീവമാണ്.

14 വരെ മഴ കനക്കും

10 മുതൽ 14 വരെ കേരളത്തിൽ പരക്കെ മഴ ലഭിക്കുമെന്നാണ് ​കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മണിക്കൂറിൽ 30 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ വീശിയേക്കാവുന്ന കാറ്റിന് സാദ്ധ്യതയുണ്ട് ​ ഉച്ചയ്ക്ക് ശേഷമുള്ള സമയങ്ങളിൽ ശക്തമായ ഇടിമിന്നലിന് സാദ്ധ്യതയുള്ളതിനാൽ കർശന ജാഗ്രത പാലിക്കണം. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ പെയ്യാാം. മലയോര മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത തുടരണം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL