SignIn
Kerala Kaumudi Online
Monday, 25 May 2026 1.58 AM IST

​ബി.ബി.ഗോപകുമാർ എം.എൽ.എയ്ക്ക് കുണ്ടറ യൂണിയന്റെ ആദരവ്

​കുണ്ടറ: എസ്.എൻ.ഡി.പി യോഗം കുണ്ടറ യൂണിയനിലെ ശാഖാ ഭാരവാഹികളുടെയും യൂണിയൻ തല പോഷക സംഘടന ഭാരവാഹികളുടെയും സംയുക്ത പ്രവർത്തക കൺവെൻഷനും ചാത്തന്നൂർ എം.എൽ.എ ബി.ബി.ഗോപകുമാറിനുള്ള സ്വീകരണവും കുണ്ടറ യൂണിയൻ പ്രസിഡന്റ് ഡോ. ജി.ജയദേവൻ ഉദ്ഘാടനം ചെയ്തു.

സമൂഹത്തിൽ കർത്തവ്യബോധവും ഉത്കർഷേച്ഛയും വളർത്താൻ യുവാക്കൾക്ക് കഴിയണമെന്ന് അദ്ദേഹം പറഞ്ഞു.

​കേരളകൗമുദി സമുദായത്തിന്റെ നിലനിൽപ്പിനും വളർച്ചയ്ക്കും പ്രധാന പങ്ക് വഹിക്കുന്നുണ്ട്. ജനപ്രതിനിധിയെന്ന നിലയിൽ ബി.ബി.ഗോപകുമാറിന്റെ സൗമ്യമായ പെരുമാറ്റവും പ്രവർത്തനശൈലിയും നേരിട്ട് ബോദ്ധ്യപ്പെട്ടിട്ടുള്ളതാണ്. എടുത്തുചാട്ടങ്ങളില്ലാത്ത, വിഷയം ആഴത്തിൽ പഠിച്ച് മനോഹരമായി ചിന്തിക്കാൻ കഴിയുന്ന വ്യക്തിത്വമാണ് അദ്ദേഹത്തിന്റേതെന്നും അദ്ദേഹം പ്രശംസിച്ചു.

നിയമസഭാ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിലുണ്ടായ ചരിത്രപരമായ വോട്ട് വർദ്ധനവ് ഗുരുദേവന്റെ അനുഗ്രഹവും എസ്.എൻ.ഡി.പി യോഗത്തിന്റെയും സംഘപരിവാർ പ്രസ്ഥാനങ്ങളുടെയും കൂട്ടായ പിന്തുണയുടെ ഫലവുമാണെന്ന് ബി.ബി.ഗോപകുമാർ എം.എൽ.എ പറഞ്ഞു.

സ്കൂൾ പ്രധാനാദ്ധ്യാപകൻ എന്ന നിലയിലും എസ്.എൻ.ഡി.പി യോഗം യൂണിയനുകളുടെ അഡ്മിനിസ്ട്രേറ്റർ എന്ന നിലയിലും ചാത്തന്നൂർ യൂണിയൻ സെക്രട്ടറി, പ്രസിഡന്റ് എന്നീ നിലകളിലും ജനങ്ങളുമായി സ്ഥാപിച്ച വ്യക്തിപരമായ ബന്ധമാണ് വിജയത്തിന് പിന്നിൽ. ​തന്റെ ജീവിതത്തിലെ ഓരോ നിർണായക ഘട്ടത്തിലും ശിവഗിരി മഠം വലിയ ഊർജ്ജമാണ് നൽകിയിട്ടുള്ളത്. നാമനിർദ്ദേശ പത്രിക സമർപ്പണത്തിന് തൊട്ടുമുമ്പും, വോട്ടെണ്ണൽ ദിവസവും, സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായും ഗുരുസന്നിധിയിലാണ് എത്തിയത്. ജനങ്ങളുടെയും സമുദായത്തിന്റെയും ഏത് ആവശ്യങ്ങൾക്കും എം.എൽ.എ എന്ന നിലയിൽ എപ്പോഴും ഒപ്പമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

​ചടങ്ങിൽ ബി.ബി. ഗോപകുമാറിനെ യൂണിയൻ പ്രസിഡന്റ് ഡോ. ജി. ജയദേവൻ പൊന്നാടയണിയിച്ച് ആദരിച്ചു. യൂണിയൻ സെക്രട്ടറി എസ്.അനിൽകുമാർ ഉപഹാരം നൽകി. ​യൂണിയൻ വൈസ് പ്രസിഡന്റ് എസ്.ഭാസി അദ്ധ്യക്ഷനായി. യൂണിയൻ സെക്രട്ടറി അഡ്വ. എസ്.അനിൽകുമാർ സ്വാഗതം ആശംസിച്ചു. ജനപ്രതിനിധികളായ വിനിത, വിമല ബാബു, വിനോദ്, രാധാകൃഷ്ണൻ, മഹിളാമണി, അനിൽകുമാർ, ശ്രീലേഖ, സിദ്ധാർത്ഥൻ, ലത എന്നിവരെയും ചടങ്ങിൽ ആദരിച്ചു.

​കേരളകൗമുദി കൊല്ലം യൂണിറ്റ് ചീഫും റസിഡന്റ് എഡിറ്ററുമായ എസ്.രാധാകൃഷ്ണൻ മറുപടി പ്രസംഗം നടത്തി. യൂണിയൻ കൗൺസിലർമാരായ വി.സജീവ്, പ്രിൻസ് സത്യൻ, എസ്.അനിൽകുമാർ, സിദ്ധാർത്ഥൻ, സിബു വൈഷ്ണവ്, ഹനീഷ്, സുനില എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL