SignIn
Kerala Kaumudi Online
Monday, 25 May 2026 1.58 AM IST

കാലവർഷം സജീവം, ജില്ലയിൽ പരക്കെ മഴ

​കൊല്ലം: കടുത്ത വേനൽച്ചൂടിന് ആശ്വാസമേകി ജില്ലയിൽ പരക്കെ ശക്തമായ മഴ. കഴിഞ്ഞ മാസങ്ങളിൽ അനുഭവപ്പെട്ട അൾട്രാ വയലറ്റ് തീവ്രതാ പ്രശ്നങ്ങൾക്കും കടുത്ത വെയിലിനും ശമനമുണ്ടായെങ്കിലും, ശക്തമായ കാറ്റും മഴയും ജില്ലയുടെ പല ഭാഗങ്ങളിലും കൃഷിനാശത്തിനും ഗതാഗതക്കുരുക്കിനും ഇടയാക്കി.

ആശങ്കകൾക്കിടയിലും ആശ്വാസമേകുന്നതാണ് ജില്ലയിലെ വേനൽമഴയുടെ ഔദ്യോഗിക കണക്കുകൾ. ​കടുത്ത ചൂടിൽ വലഞ്ഞപ്പോഴും ജില്ലയിൽ വേനൽമഴ സാധാരണ അളവിൽ ലഭിച്ചതായാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്.

​സാധാരണ ലഭിക്കേണ്ട അളവിനേക്കാൾ 16 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തിയെങ്കിലും, കാലാവസ്ഥാ വകുപ്പിന്റെ മാനദണ്ഡപ്രകാരം ഈ കുറവ് 'നോർമൽ' (സാധാരണം) എന്ന വിഭാഗത്തിലാണ് പെടുന്നത്.

​അഞ്ചാലുംമൂട് മേഖലയിൽ ശാസ്ത്രീയമായ ഓടകളുടെ അഭാവവും മുൻവർഷങ്ങളിലെ അറ്റകുറ്റപ്പണികളുടെ കുറവും കാരണം പല ഇടറോഡുകളും വെള്ളക്കെട്ടിലായി. നിലവിൽ ദേശീയപാത വികസന ജോലികൾ നടക്കുന്നയിടങ്ങളിലും നഗരത്തിലെ പ്രധാന റോഡുകളിലും കനത്ത വെള്ളക്കെട്ട് രൂപപ്പെട്ടത് ജനജീവിതത്തെയും വാഹനഗതാഗതത്തെയും ബാധിച്ചിട്ടുണ്ട്.

​കേരളപുരത്ത് റോഡരികിൽ നിന്നിരുന്ന ഉണങ്ങിയ മരം കെ.എസ്.ആർ.ടി.സി ബസിന് മുകളിലേക്ക് വീണെങ്കിലും വൻ ദുരന്തം തലനാരിഴയ്ക്കാണ് ഒഴിവായത്. കാൽനടയാത്രക്കാരും ഇരുചക്ര വാഹനയാത്രക്കാരും റോഡുകളിലെ വെള്ളക്കെട്ട് കാരണം കടുത്ത ബുദ്ധിമുട്ടിലാണ്.

രണ്ട് ചക്രവാതച്ചുഴികൾ

തെക്കു-പടിഞ്ഞാറൻ കാലവർഷം നിലവിൽ തെക്കുപടിഞ്ഞാറൻ അറബിക്കടൽ, കന്യാകുമാരി പ്രദേശം, ബംഗാൾ ഉൾക്കടൽ, ആൻഡമാൻ കടലിന്റെ ഭൂരിഭാഗം പ്രദേശങ്ങൾ എന്നിവിടങ്ങളിലേക്ക് വ്യാപിച്ചിട്ടുണ്ട്. ഇതിനുപുറമേ, തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിലും തെക്കുപടിഞ്ഞാറൻ അറബിക്കടലിന് മുകളിലും സമുദ്രനിരപ്പിൽ നിന്ന് 3.1 കിലോമീറ്റർ മുതൽ 5.8 കിലോമീറ്റർ വരെ ഉയരത്തിൽ രണ്ട് ചക്രവാതച്ചുഴികൾ സ്ഥിതി ചെയ്യുന്നുണ്ട്. ഇവയുടെയെല്ലാം സംയുക്ത സ്വാധീനഫലമായാണ് നിലവിൽ ശക്തമായ മഴ ലഭിക്കുന്നത്.

ചൊവ്വാഴ്ച മുതൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാദ്ധ്യതയുള്ളതിനാൽ കൊല്ലം ജില്ലയിൽ ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് പ്രവചനം.

ലഭിക്കേണ്ട മഴ: 362.3 മില്ലി മീറ്റർ

ലഭിച്ച മഴ: 304.7 മില്ലി മീറ്റർ

മുൻദിവസങ്ങളിൽ പെയ്ത മഴയ്ക്ക് പുറമേ വരും ദിവസങ്ങളിലും അലർട്ട് നിലനിൽക്കുന്നതിനാൽ പൊതുജനങ്ങൾ കനത്ത ജാഗ്രത പാലിക്കണം.

കാലാവസ്ഥാ അധികൃതർ

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL