SignIn
Kerala Kaumudi Online
Wednesday, 01 July 2026 5.04 AM IST

ഇനി​ കള്ളനും പൊലീസുമല്ല, രണ്ടു പൊലീസുകാർ മാത്രം!

photo
പ്രിയങ്കയും പ്രജിത്തും

കൊല്ലം: കുട്ടി​ക്കാലത്തെ കള്ളനും പൊലീസും കളി​ക്കി​ടെ മനസി​ൽ മൊട്ടി​ട്ട പൊലീസ് മോഹം പൂത്തുലഞ്ഞപ്പോൾ, ചേച്ചി​യും അനി​യനും ഒരേ ദി​വസം കേരള പൊലീസി​ന്റെ ഭാഗമായി​. കടയ്ക്കൽ മടത്തറ ശിവൻമുക്ക് വട്ടവിള വീട്ടിൽ എ.വിജയകുമാറിന്റെയും എസ്.സതിയുടെയും മക്കളായ എസ്.പ്രിയങ്കയും (30), വി.പ്രജിത്തുമാണ് (27) പൊലീസ് കുപ്പായമണി​ഞ്ഞത്.

കേന്ദ്ര സർക്കാരിന്റെ ടീ ബോർഡിൽ നിന്ന് വിരമിച്ച അച്ഛൻ വിജയകുമാറിന്റെ ആഗ്രഹമായി​രുന്നു മക്കളെ പൊലീസാക്കണം എന്നത്. വിവാഹ ശേഷം കുണ്ടറ പേരയത്തെ ഭർത്താവിന്റെ വീട്ടിലായിരുന്നിട്ടും പ്രിയങ്ക അച്ഛന്റെയും തന്റെയും ഉള്ളി​ലുണ്ടായി​രുന്ന ആഗ്രഹം കെടാതെ സൂക്ഷി​ച്ചു. നാട്ടിൽ സ്പോർട്സ് ഷോപ്പ് നടത്തിയിരുന്ന അനിയൻ പ്രജിത്തിനൊപ്പം മത്സരിച്ചു പഠിച്ചാണ് ഇരുവരും ഒന്നിച്ച് സിവിൽ പൊലീസ് ഓഫീസർ റാങ്ക് പട്ടികയിൽ ഇടം നേടിയത്. കഴിഞ്ഞ 23ന് കഴക്കൂട്ടം വുമൺസ് സിവിൽ പൊലീസ് വിഭാഗത്തിൽ നിന്നു പ്രിയങ്കയും പേരൂർക്കട സിവിൽ പൊലീസ് ഓഫീസർ വിഭാഗത്തിൽ നിന്നു പ്രജിത്തും പരിശീലനത്തിനായി പുറപ്പെട്ടു. കണ്ണൂർ പൊലീസ് ട്രെയിനിംഗ് സെന്ററിലാണ് പരി​ശീലനം.

ഒപ്പം നി​ന്നു കുടുംബം

നിലമേൽ എൻ.എസ്.എസ് കോളേജിൽ നിന്നു ബി.കോം കഴിഞ്ഞ പ്രിയങ്ക പി.എസ്.സി പരി​ശീലനം നടത്തുന്നുണ്ടായി​രുന്നു. ഭർത്താവും കെ.എസ്.ആർ.ടി.സി കണ്ടക്ടറുമായ കുണ്ടറ പേരയം ആർ.എസ് പുരം അരുൺ നിവാസിൽ വി.കെ.അരുണിന്റെ പൊലീസ് മോഹം കൂടി​യാണ് പ്രിയങ്കയിലൂടെ സാക്ഷാത്കരിക്കപ്പെട്ടത്. അരുൺ​ പൊലീസ് ഫിസിക്കൽ ടെസ്റ്റ് പാസായതാണ്. എന്നാൽ ലിസ്റ്റ് കാലാവധി അവസാനിച്ചതിനാൽ ജോലി ലഭിച്ചില്ല. യു.കെ.ജി വിദ്യാർത്ഥിനിയായ മകൾ അവന്തികയുടെ കാര്യങ്ങൾ കൂടി നോക്കിയ ശേഷമായിരുന്നു പ്രിയങ്കയുടെ പഠനം.

പുനലൂർ പോളി ടെക്നിക് കോളേജിൽ നിന്നു ഇലക്ട്രിക് ആൻഡ് ഇലക്ട്രോണിക്സ് ഡിപ്ളോമ നേടിയ പ്രജിത്ത് മികച്ചൊരു ഫുട്ബോൾ താരമാണ്. മടത്തറയിൽ സ്പോർട്സ് ഉത്പന്നങ്ങളുടെ ഷോപ്പ് നടത്തുന്നതിനിടയിലാണ് പി.എസ്.സി കോച്ചിംഗ് ക്ളാസിന് പോയിരുന്നത്. ഇരട്ട സഹോദരൻ വി.പ്രവീണിന്റെ പ്രോത്സാഹനമുണ്ടായിരുന്നു. പ്രവീൺ​ ജേണലിസവും പി.ജിയും കഴിഞ്ഞ് ഇപ്പോൾ എറണാകുളത്ത് തേർഡ് എ ഫാക്ടേഴ്സിൽ ജീവനക്കാരനാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL