
കൊല്ലം: മൺറോതുരുത്ത് പഞ്ചായത്ത് പേഴുംതുരുത്ത് ഇടച്ചാൽ പാലത്തിന് സമീപം കായൽത്തീരത്ത് നിന്ന് തലയോട്ടിയുടെ ഭാഗം കണ്ടെത്തി. ഞായറാഴ്ച വൈകിട്ട് 6.30 ഓടെയാണ് സംഭവം. മുൻ ഗ്രാമ പഞ്ചായത്തംഗം എസ്.അഭിജിത്തും സുഹൃത്തുക്കളും പാലത്തിന് സമീപം നിൽക്കവേയാണ് തലയോട്ടിയോട് സാദൃശ്യമുള്ള ഭാഗം കണ്ടത്. വിവരമറിയിച്ചതിന് പിന്നാലെ കിഴക്കേ കല്ലട എസ്.ഐ അനന്തു മോഹന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി സ്ഥിരീകരിക്കുകയായിരുന്നു. ഇൻക്വസ്റ്റിന് ശേഷം തലയോട്ടി സ്റ്റേഷനിലേക്ക് മാറ്റി. കിഴക്കേ കല്ലട പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
തലയോട്ടിയുടെ ഭാഗം അടുത്ത ദിവസം തിരുവനന്തപുരത്തെ ഫോറൻസിക് വിഭാഗത്തിന് കൈമാറും. ഡി.എൻ.എ പ്രൊഫൈലിംഗ് നടത്താനാണ് നീക്കം. പഴക്കവും പ്രായവും തിരിച്ചറിഞ്ഞാൽ മാത്രമേ മുമ്പ് കാണാതായ ആളുകളെ കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിക്കാനാകൂ.
ദ്രവിച്ച നിലയിൽ
പാലത്തിന് സമീപം കരയോട് ചേർന്നുള്ള ഭാഗത്ത് ചെളിയിൽ പുതഞ്ഞ നിലയിലായിരുന്നു തലയോട്ടി. ഇതിന്റെ ഭാഗങ്ങൾ ദ്രവിച്ചിരുന്നു. ഈ ഭാഗത്ത് ശക്തമായ വേലിയേറ്റം ഉണ്ടാകാറുള്ളതിനാൽ വെള്ളം ഉയർന്നപ്പോൾ അടിഞ്ഞതാകാം. പഴയ നിർമ്മിതികളോ കുഴിമാടങ്ങളോ മാറ്റുന്നതിനിടയിൽ മണ്ണുമാറ്റി കായലിൽ തള്ളിയതാകാനും ഇടയുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |