SignIn
Kerala Kaumudi Online
Saturday, 19 September 2026 11.11 PM IST

അകലം പാലിച്ചാൽ മീൻകറി തിളയ്ക്കും

fish

 ഹാർബറുകൾ അടയില്ല

കൊല്ലം: സാമൂഹികഅകലം പാലിച്ചാൽ ലോക്ക്ഡൗൺ ദിവസങ്ങളിലും ഹാർബറുകൾ തുറക്കും. കൊവിഡ് മാനദണ്ഡം ഉറപ്പാക്കി കർശന നിയന്ത്രണങ്ങളോടെ ഹാർബറുകൾ തുറക്കുന്നത് സംബന്ധിച്ച നിർദ്ദേശം ഫിഷറീസ് വകുപ്പ് ജില്ലാ ഭരണകൂടത്തിന് സമർപ്പിച്ചു. പൊലീസ്, ആരോഗ്യവകുപ്പ് എന്നിവരുമായി ചർച്ച ചെയ്ത ശേഷമാകും തീരുമാനമെടുക്കുക.

കച്ചവടക്കാർക്ക് പുറമേ സ്വകാര്യ വ്യക്തികളും തടിച്ചുകൂടിയതോടെ കഴി‌ഞ്ഞമാസം 30ന് ജില്ലയിലെ ഹാർബറുകളെല്ലാം അടച്ചിരുന്നു. നേരത്തെ കടലിൽ പോയ ബോട്ടുകൾ അടുപ്പിച്ച് മത്സ്യം വിൽക്കാനായി ഈമാസം മൂന്ന്, നാല് തീയതികളിൽ വീണ്ടും തുറന്നെങ്കിലും വൻ ആൾക്കൂട്ടമായിരുന്നു. ഇത് അവർത്തിക്കാതിരിക്കാൻ പാസ് നൽകി കച്ചവടക്കാരെ പ്രവേശിപ്പിക്കാനാണ് ആലോചന.

ഒറ്റ, ഇരട്ട രജിസ്ട്രേഷൻ നമ്പരുകളിലുള്ള ബോട്ടുകൾക്കും വള്ളങ്ങൾക്കും ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രം കടലിൽ പോകാൻ കഴിയുന്ന തരത്തിലാകും ക്രമീകരണം. ലോക്ക് ഡൗണിൽ നിന്ന് മത്സ്യബന്ധന മേഖലയെ ഒഴിവാക്കിയിട്ടുണ്ട്. ഇതിന് പുറമേ അടുത്തമാസം ട്രോളിംഗ് നിരോധനം ആരംഭിക്കുന്ന സാഹചര്യത്തിൽ കൂടിയാണ് ഇപ്പോൾ അനുമതി നൽകാൻ ഒരുങ്ങുന്നത്.

 ഇത്തവണ കർശന നിർദ്ദേശം

തുറക്കുന്നതിന് മുന്നോടിയായി മത്സ്യത്തൊഴിലാളി സംഘടനകളുമായി ച‌ർച്ച നടത്തും. മുൻകാലങ്ങളിലും ഇത്തരത്തിലുള്ള ചർച്ചകളിൽ നിയന്ത്രണങ്ങൾ പാലിക്കുമെന്ന് നേതാക്കൾ ഉറപ്പുനൽകുമെങ്കിലും ഹാർബറുകൾ തുറക്കുമ്പോൾ നിർദ്ദേശങ്ങൾ വകവയ്ക്കാറില്ല. ഈ സമീപനം അനുവദിക്കില്ലെന്ന് ഇത്തവണ കർശന നിർദ്ദേശമുണ്ടാകും.

മത്സ്യവില ഉയരുന്നു

ഹാർബറുകൾ അടഞ്ഞതോടെ മത്സ്യവില കുതിച്ചുയർന്നു. പല ചന്തകളിലും ഇന്നലെ മത്സ്യക്കച്ചവടക്കാർ ഇല്ലായിരുന്നു. ഹാർബറുകൾ അടയ്ക്കുന്നതിന് മുമ്പേ കടലിൽ പോയ ബോട്ടുകൾ എത്തിക്കുന്ന മത്സ്യമാണ് ഇപ്പോൾ വിപണിയിലുള്ളത്. ചെറിയ ലാൻഡിംഗ് സെന്ററുകൾ കേന്ദ്രീകരിച്ച് വള്ളക്കാർ ഇപ്പോഴും കടലിൽ പോകുന്നുണ്ട്.

 ഇനം, വില (കിലോയ്ക്ക്)

നെത്തോലി- 150 രൂപ

മത്തി- 130 രൂപ

കേരച്ചൂര- 290 (ചെറുത്)

നെയ്മീൻ- 780 (ചെറുത്)

''

അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള മത്സ്യം അതിർത്തി കടത്തിവിടേണ്ടതില്ലെന്നാണ് നിലവിലെ തീരുമാനം.

ബി. അബ്ദുൽ നാസർ

ജില്ലാ കളക്ടർ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENERAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL