മലപ്പുറം: 'പത്രാധിപർ' എന്ന ഒറ്റവാക്കിൽ ചരിത്രം അടയാളപ്പെടുത്തിയ വ്യക്തിയാണ് കേരളകൗമുദി സ്ഥാപക പത്രാധിപർ കെ.സുകുമാരനെന്ന് എസ്.എൻ.ഡി.പി യോഗം അസിസ്റ്റന്റ് സെക്രട്ടറി അഡ്വ.രാജൻ മഞ്ചേരി പറഞ്ഞു. പത്രാധിപർ കെ.സുകുമാരന്റെ 45ാമത് ചരമ വാർഷികത്തോടനുബന്ധിച്ച് മലപ്പുറം ഓഫീസിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ നവോത്ഥാന പോരാട്ടങ്ങളിലും സാമൂഹിക പുരോഗതിയിലും കെ.സുകുമാരൻ വഹിച്ച പങ്ക് പ്രചോദനാത്മകമാണ്. ശ്രീനാരായണ ഗുരുദേവന്റെ ദർശനങ്ങളും സന്ദേശങ്ങളും ജനങ്ങളിലേക്ക് എത്തിക്കുന്നതിലും എസ്.എൻ.ഡി.പി യോഗത്തിന്റെ പ്രവർത്തനങ്ങളെ ദൃഢമാക്കുന്നതിലും അദ്ദേഹം വലിയ പങ്ക് വഹിച്ചു. അധഃസ്ഥിത വിഭാഗങ്ങളുടെ അവകാശ പോരാട്ടങ്ങൾക്ക് തന്റെ തൂലികയിലൂടെ ശക്തമായ പിന്തുണ നൽകാൻ അദ്ദേഹത്തിന് സാധിച്ചു. കേരള രാഷ്ട്രീയ-സാമൂഹിക ചരിത്രത്തിൽ നാഴികക്കല്ലായി മാറിയ ഒന്നാണ് അദ്ദേഹം നടത്തിയ കുളത്തൂർ പ്രസംഗം. കേരളത്തിലെ പിന്നാക്ക ജനവിഭാഗങ്ങളുടെ സാമുദായിക സംവരണം സംരക്ഷിക്കുന്നതിനായി നടത്തിയ ഒരു സിംഹഗർജ്ജനമായിരുന്ന ഈ പ്രസംഗം ചരിത്ര വിദ്യാർത്ഥികൾക്ക് ഇന്നും ഒരു പാഠപുസ്തകമാണ്. ധീരതയുടെ ആൾരൂപമായി പ്രവർത്തിച്ചു. അദ്ദേഹം ഉയർത്തിയ മൂല്യമാണ് കേരളകൗമുദിയെ ഇന്നും മുന്നോട്ട് നയിക്കുന്നതെന്നും അഡ്വ.രാജൻ മഞ്ചേരി പറഞ്ഞു.
പത്രപ്രവർത്തന മേഖലയിലെ മികവിനുള്ള ഈ വർഷത്തെ പത്രാധിപർ പുരസ്‌ക്കാരം വാളയാർ റിപ്പോർട്ടർ പ്രമോദ് അച്ചോത്തിന് അഡ്വ.രാജൻ മഞ്ചേരി സമ്മാനിച്ചു. കേരളകൗമുദി യൂണിറ്റ് ചീഫ് സുമോദ് കാരാട്ടുതൊടി അദ്ധ്യക്ഷനായി. ബൂറോ ചീഫ് ഷാബിൽ ബഷീർ സ്വാഗതവും പരസ്യ വിഭാഗം അസിസ്റ്റന്റ് മാനേജർ സനൂബ് വാസുദേവൻ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |