SignIn
Kerala Kaumudi Online
Saturday, 19 September 2026 9.16 PM IST

ഗ്രാമവണ്ടിയുമായി ആനവണ്ടി, മുഖംതിരിച്ച് പഞ്ചായത്തുകൾ

v

പദ്ധതി അധികച്ചെലവെന്ന് പഞ്ചായത്തുകൾ

കൊല്ലം: ഡീസൽ ചെലവ് തദ്ദേശ സ്ഥാപനങ്ങൾ വഹിക്കാൻ തയ്യാറായാൽ കെ.എസ്.ആർ.ടി.സി ആരംഭിക്കാനിരിക്കുന്ന 'ഗ്രാമവണ്ടി' ഫലപ്രദമാവുമോ എന്ന് ആശങ്ക. പഞ്ചായത്ത് റൂട്ടുകളിൽ ആനവണ്ടി ഓടുന്നതിനോട് ജനപ്രതിനിധികൾക്ക് താത്പര്യമുണ്ടെങ്കിലും മാസം വേണ്ടിവരുന്ന ഇന്ധനച്ചെലവ് കണക്കിലെടുക്കുമ്പോൾ കണ്ടംവഴി ഓടേണ്ടിവരുമോ എന്നതാണ് അവരെ ചിന്തിപ്പിക്കുന്നത്!

യാത്രാക്ലേശം രൂക്ഷമായ ചിലയിടങ്ങളിൽ ബസ് സർവീസ് ആവശ്യമാണെങ്കിലും തദ്ദേശ സ്ഥാപനങ്ങൾക്ക് ചെലവ് വഹിക്കാനുള്ള ശേഷി ഉണ്ടാവില്ല. പദ്ധതി കെ.എസ്.ആർ.ടി.സിക്ക് ഗുണകരമാണ്. പക്ഷേ, വിട്ടുനിൽക്കാനായിരിക്കും മിക്ക തദ്ദേശസ്ഥാപനങ്ങളും ശ്രമിക്കുക. ജനോപകാരപ്രദമായ തരത്തിൽ ഒന്നിലധികം തദ്ദേശസ്ഥാപനങ്ങളെ കൂട്ടിയോജിപ്പിച്ച് സർവീസ് നടത്താൻ കഴിയും എന്നാണ് കെ.എസ്.ആർ.ടി.സി പറയുന്നതെങ്കിലും പ്രതിമാസ ഇന്ധനച്ചെലവ് കണ്ടെത്താൻ തദ്ദേശസ്ഥാപനങ്ങൾ മറ്റു വഴികൾ തേടേണ്ടി വരും. ജില്ലയിലെ ഗ്രാമപഞ്ചായത്തുകളിൽ ഭൂരിഭാഗവും തനത് ഫണ്ടിൽ പിന്നാക്കം നിൽക്കുന്നവയാണ്. ഇവിടങ്ങളിൽ ഗ്രാമ സർവീസുകൾ അവശ്യഘടകമാണെങ്കിലും അതിനായി തുക കണ്ടെത്താൻ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത്.

താളംതെറ്റി സർവീസുകൾ

ജില്ലയിലെ ഗ്രാമീണ മേഖലകളിലേക്കുള്ള സർവീസുകൾ കെ.എസ്.ആർ.ടി.സി അവസാനിപ്പിച്ച നിലയിലാണ്. നിലവിൽ ചെങ്ങന്നൂർ, പത്തനംതിട്ട, കുളത്തൂപ്പുഴ ലിമിറ്റഡ് സ്റ്റോപ്പ് സർവീസുകൾ മാത്രമാണ് എണ്ണത്തിൽ കുറവുണ്ടെങ്കിലും മുടങ്ങാതെ നടത്തുന്നത്. ഓർഡിനറി ചെയിൻ സർവീസുകളും താളം തെറ്റിയ അവസ്ഥയിലാണ്. പ്രതിദിനം 12,000 രൂപയിൽ കൂടുതൽ കളക്ഷൻ ലഭിക്കുന്ന സർവീസുകൾ മുടക്കരുതെന്ന് നേരത്തെ നിർദ്ദേശമുണ്ടായിരുന്നെങ്കിലും 20,000 രൂപയിൽ കൂടുതൽ കളക്ഷനുണ്ടായിരുന്നവ പോലും നിലവിൽ സർവീസ് നടത്തുന്നില്ല. ഭൂരിഭാഗവും ദേശീയപാത കേന്ദ്രീകരിച്ചുള്ള സർവീസുകളാണ്.

മുടങ്ങിയത് തുടങ്ങിയില്ല

കൊല്ലത്തു നിന്നുള്ള പ്രാക്കുളം, അഷ്ടമുടി, പെരുമൺ, പേഴുംതുരുത്ത്, മൺറോതുരുത്ത്, വെളിയം എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ ലോക്ക്ഡൗണിന് ശേഷം ഇതുവരെ പുനരാംരംഭിച്ചിട്ടില്ല. പാരിപ്പള്ളി- കുണ്ടറ, അഞ്ചൽ- കൊട്ടിയം, കരുനാഗപ്പള്ളി- വെള്ളനാതുരുത്ത്, പാരിപ്പള്ളി- കടയ്ക്കൽ എന്നിവയുടെ അവസ്ഥയും വിഭിന്നമല്ല. ഈ റൂട്ടുകളിൽ ഇടയ്ക്കിടെ സർവീസ് നടത്തുന്നുണ്ടെങ്കിലും സ്ഥിരം സർവീസില്ല.

ഗ്രാമവണ്ടി

 പൊതുഗതാഗത മേഖലയിൽ കാതലായ മാറ്റം പ്രതീക്ഷിക്കുന്ന പദ്ധതി

 പദ്ധതി ആരംഭിക്കാൻ ഉദ്ദേശിക്കുന്നത് 2022 ഏപ്രിലിൽ

 അന്തിമ രൂപ രേഖ 30ന്

 റൂട്ടും സമയക്രമവും തദ്ദേശ സ്ഥാപനങ്ങൾ നിർദ്ദേശിക്കും

 സർവീസ് നടത്തുന്നത് 18, 24, 28, 32, 42 എന്നിങ്ങനെ സീറ്റുകളുള്ള ബസുകൾ

 ഡീസൽ ചെലവ് തദ്ദേശസ്ഥാപനങ്ങൾ വഹിക്കണം

 വിശേഷദിവസങ്ങളിൽ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും സ്പോൺസർ ചെയ്യാം

ഒരു ബസിന് പ്രതീക്ഷിക്കുന്ന ശരാശരി ചെലവ്

(തദ്ദേശസ്ഥാപനങ്ങൾ ചെലവാക്കേണ്ടി വരുന്നത്)

 ഒരുദിവസം ഡീസൽ ചെലവ്: 60 ലിറ്റർ

 പ്രതിമാസം ചെലവാകുന്ന തുക: 1,80,000 രൂപ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENERAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL