SignIn
Kerala Kaumudi Online
Thursday, 22 October 2026 5.29 PM IST

കോട്ടയത്തിനില്ല നല്ല സ്റ്റേഡിയം..... കളിയാരവം ഇവിടെ കളത്തിന് പുറത്ത്

sta

കോട്ടയം : സ്റ്റേഡിയങ്ങൾ അനവധിയുണ്ട് ജില്ലയിൽ. പക്ഷേ കാടുകയറിയും, പൊട്ടിപ്പൊളിഞ്ഞും നാശോന്മുഖമായി കിടക്കാനാണ് വിധി. അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാത്ത ഇവിടെ നിന്ന് വേണം ജില്ലയുടെ കായിക ഭാവി ഉണ്ടാകേണ്ടത് എന്നതാണ് വിചിത്രം ! കോടികൾ മുടക്കി നിർമ്മിച്ച പാലായിലെ സിന്തറ്റിക് ട്രാക്ക് പൊളിഞ്ഞ് പാളീസായി. എങ്കിലും കായിക മത്സരങ്ങൾ നടത്താൻ ആകെ ആശ്രയം ഇത് മാത്രം. അടുത്തദിവസം എം.ജി കായികമേളയും ഇവിടെയാണ് നടക്കേണ്ടത്.

എട്ട് വർഷം മുന്നേ പ്രവർത്തനം തുടങ്ങിയ ട്രാക്ക് അഞ്ചു വർഷം പിന്നിട്ടതോടെ പൊളിഞ്ഞു. ദേശീയ ഗെയിംസ് അധികൃതരാണ് സ്റ്റേഡിയത്തിലെ ജോലികൾ പൂർത്തിയാക്കിയത്. ഹൈദരാബാദ് ആസ്ഥാനമായുള്ള സ്വകാര്യ കമ്പനിയ്ക്കായിരുന്നു നിർമ്മാണ ചുമതല. ഗ്യാരന്റിയുണ്ടെന്നും തകരാർ സംഭവിച്ചാൽ മാറ്റിസ്ഥാപിക്കുമെന്നുമാണ് നഗരസഭാധികൃതർ പറഞ്ഞിരുന്നത്. എന്നാൽ ഒന്നും നടന്നില്ല. തുടർച്ചയായ മത്സരങ്ങൾ മൂലം ട്രാക്ക് കൂടുതൽ തകർച്ചയിലേക്ക് നീങ്ങുകയാണ്. കായികതാരങ്ങൾക്ക് വീണ് പരിക്കേറ്റ സംഭവങ്ങളുമുണ്ടായിട്ടുണ്ട്. അത്‌ലറ്റിക് മീറ്റിലടക്കം നിരവധി താരങ്ങൾക്കാണ് ഫിനിഷിംഗ് പൂർത്തിയാക്കാനാകാതെ വന്നത്.

സമ്മേളനങ്ങൾക്കായി നാഗമ്പടം സ്റ്റേഡിയം

ഇളകി വീഴാറായ ഗാലറികൾ, മഴ പെയ്താൽ വെള്ളക്കെട്ട് , സാമൂഹ്യവിരുദ്ധ ശല്യം... ഒരുകാലത്ത് രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരങ്ങൾക്ക് വരെ വേദിയായ നാഗമ്പടം നെഹ്‌റു സ്റ്റേഡിയത്തിലെ കാഴ്ചകൾ ഏതൊരു കായികപ്രേമിയുടെയും കണ്ണ് നിറയിക്കും. ഇപ്പോൾ ക്രിക്കറ്റ് പോയിട്ട് ഒന്ന് നടക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണ്. കാട് കയറി നശിക്കുന്നന്ന സ്റ്റേഡിയം വലിയ സമ്മേളനങ്ങൾക്കാണ് ഉപയോഗിക്കുന്നത്. സ്റ്റേഡിയം മുഖം മിനുക്കാൻ നഗരസഭ കോടികളുടെ പദ്ധതി പ്രഖ്യാപിച്ചെങ്കിലും ഒന്നും നടപ്പായില്ല. ദിവസേന വ്യായാമം ചെയ്യാൻ സ്റ്റേഡിയത്തിലെത്തുന്നവർക്കും മൈതാനത്തേക്ക് ഇറങ്ങാൻ കഴിയുന്നില്ല.

 എവിടെ കായിക സമുച്ചയം

തിരുവഞ്ചൂർ രാധാകൃഷ്ണൻ മന്ത്രിയായിരുന്നപ്പോൾ തറക്കല്ലിട്ട ചിങ്ങവനത്തെ കായിക സമുച്ചയവും പിന്നാലെയുള്ള സ്പോർട്സ് യൂണിവേഴ്സിറ്റിയും അടഞ്ഞ അദ്ധ്യായമായി. പ്രവർത്തനം ആരംഭിച്ച നാഗമ്പടം ഇൻഡോർ സ്റ്റേഡിയം പ്രദർശനങ്ങൾ നടത്താൻ വാടകയ്ക്ക് കൊടുക്കുമ്പോൾ അയ്മനത്തെ സ്റ്റേഡിയം തുറക്കും മുന്നേ നശിച്ചു.

ടർഫുകളിലേക്ക് ചുവടുമാറ്റി യുവത്വം

മൈതാനങ്ങൾ കുറഞ്ഞതോടെ കൂട്ടത്തോടെ ടർഫുകളിലേയ്ക്ക് പോകുകയാണ് യുവതലമുറ. ഫുട്ബാളാണ് പുതുതലമുറയ്ക്ക് പ്രിയം. കൊവിഡിന് ശേഷം ടർഫുകൾ കൂടി. ഇതോടെ കായിക ഇനങ്ങളിൽ നിന്ന് അകന്നു. രഞ്ജിത് മഹേശ്വരിക്ക് ശേഷം അത്‌ലറ്റിക്സിൽ പേരെടുത്തൊരു കോട്ടയംകാരനില്ലാതെ പോയതും ഭൗതിക സൗകര്യങ്ങളുടെ കുറവുകൊണ്ടാണെന്നാണ് വിമർശനം. ഗെയിംസിന്റെ ഭാഗമായതോടെ കായികഇനങ്ങളിൽ കോട്ടയം പിന്നാക്കം പോകുകയാണ്.

''നാഗമ്പടം സ്റ്റേഡിയവും പരിസരവും മാലിന്യത്താൽ മുങ്ങിയിരിക്കുകയാണ്. ഇത് ഭക്ഷിക്കാനായി തെരുവ് നായ്ക്കളും തമ്പടിച്ചതോടെ ഭീതിയോടെയാണ് പലരും പ്രഭാതനടത്തത്തിന് എത്തുന്നത്. പവലിയിനടിയിൽ നിരവധി മദ്യക്കുപ്പികളാണ് കിടക്കുന്നത്.
-രാജേഷ്, നാഗമ്പടം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL