
കോട്ടയം : സ്‌കൂൾ കുട്ടികൾക്ക് മുടങ്ങാതെ അന്നം വിളമ്പിയ പ്രധാനാദ്ധ്യാപകർ രണ്ടുമാസത്തെ കുടിശികയ്ക്കായി നെട്ടോട്ടത്തിൽ. ഉച്ചഭക്ഷണത്തിനാവശ്യമായ അരി സൗജന്യമാണെങ്കിലും കറിയ്ക്ക് ആവശ്യമായ ഉപ്പ് തൊട്ട് പച്ചക്കറി വരെ കൈയിൽ നിന്ന് പണം കൊടുത്ത് വാങ്ങണം. കഴിഞ്ഞ അദ്ധ്യയനവർഷവും മാസങ്ങൾ കഴിഞ്ഞാണ് പണം നൽകിയത്. പി.ടി.എകൾ ആദ്യം സഹകരിച്ചിരുന്നെങ്കിലും ഫണ്ട് തീർന്നതോടെ ഉത്തരവാദിത്തം പ്രധാനാദ്ധ്യാപകന്റെ തോളിലായി. അദ്ധ്യയന നിലവാരം മെച്ചപ്പെടുത്തുന്ന ജോലിയ്ക്ക് പുറമേയാണ് ഇവർക്ക് ഉച്ചഭക്ഷണ വിതരണ ചുമതലയും. മുൻവർഷങ്ങളിലേതു പോലെ സമാനരീതി തുടർന്നാൽ മുന്നോട്ടുപോവാനാവില്ലെന്ന നിലപാടിലാണ് ഇവർ. പാചകത്തൊഴിലാളികളുടെ കാര്യവും കഷ്ടമാണ്. ഏറെ കാത്തിരുന്ന ശേഷമാണ് വേതനം ലഭിക്കുന്നത്.
ഒരു മാസം 16000 രൂപ, കടം പറഞ്ഞ് മടുത്തു
ഒരു മാസം കുറഞ്ഞത് 16000 രൂപ വേണ്ടിവരും. കുട്ടികളുടെ എണ്ണം കൂടുംതോറും കിട്ടാനുള്ള തുക കൂടും. തുക രണ്ട് മാസമായി മുടങ്ങിയതോടെ കച്ചവടക്കാർ പണം ആവശ്യപ്പെട്ട് പിന്നാലെ നടക്കുകയാണെന്ന് അദ്ധ്യാപകർ പറയുന്നു. ഉച്ചഭക്ഷണത്തിന് നിലവിൽ പ്രതിദിനം ഒരു കുട്ടിയ്ക്ക് സർക്കാർ അനുവദിച്ചിരിക്കുന്നത് എട്ട് രൂപയാണ്. 150 കുട്ടികൾ വരെയുള്ള സ്‌കൂളിലാണിത്. 151 മുതൽ 500 വരെ കുട്ടികളുള്ള സ്‌കൂളിൽ ഏഴ് രൂപ ലഭിക്കും. 500 ന് മുകളിൽ ആറു രൂപയാണ് നൽകുന്നത്. ആഴ്ചയിൽ ഒരു മുട്ടയും രണ്ടു തവണ പാലും നിർബന്ധമാണ്.
കോടതി കയറിയിട്ടും...
ഉച്ചഭക്ഷണം കുടിശിക കൂടിയതോടെ വിഷയം കോടതിയിലുമെത്തി. മുട്ട, പാൽ വിതരണത്തിനും കുട്ടികളുടെ ഉച്ചഭക്ഷണച്ചെലവ് ഇനത്തിലും പ്രത്യേകം തുക അനുവദിക്കണമെന്നാവശ്യപ്പെട്ട് കെ.പി.പി.എച്ച്.എയും കെ.പി.എസ്.എച്ച്.എയുമാണ് ഹൈക്കോടതിയെയും സമീപിച്ചത്. എന്നിട്ടും സർക്കാർ നിസംഗത തുടരുകയാണ്.
2016ൽ നിശ്ചയിച്ച ഉച്ചഭക്ഷണ നിരക്ക്
സർക്കാർ തരുന്നതിനേക്കാൾ കൂടുതൽ പണം കൈയിൽ നിന്ന് ചെലവാകും. ഇപ്പോൾ സർവസാധനങ്ങൾക്കും വിലകൂടിയെങ്കിലും അതിന് അനുസരിച്ച വിഹിതം വർദ്ധിപ്പിച്ചിട്ടില്ല. ലോണും മറ്റ് ബാദ്ധ്യതകളുമുള്ളപ്പോൾ പണം വൈകുന്നത് പ്രതിസന്ധിയാകുന്നുണ്ട്. മുൻകൂറായി തുക അനുവദിക്കണം.
-പ്രധാനാദ്ധ്യാപകർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |