കോട്ടയം: നവജീവൻ ട്രസ്റ്റിന്റെ സാന്ത്വന പരിപാലന വിഭാഗത്തിനായി നവജീവൻ ട്രസ്റ്റ് സുമനസ്സുകളുടെ സഹകരണത്തോടെ പുതുതായി മൂന്നുനിലകളിൽ പണികഴിപ്പിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നാളെ വൈകിട്ട് 3ന് ചങ്ങനാശേരി ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ നിർവഹിക്കും. അശരണർക്കും, അനാഥർക്കും അഭയകേന്ദ്രമായി 54 വർഷമായി ആതുരസേവനരംഗത്തും ജീവകാരുണ്യമേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ച പി.യു തോമസ് എന്ന തോമസ്‌ചേട്ടൻ നേതൃത്വം കൊടുക്കുന്ന നവജീവൻ ട്രസ്റ്റിന്റെ ഏറ്റവുംപുതിയ സംരംഭമാണ് 50 കിടക്കകളോട് കൂടി ആധുനിക രീതിയിൽ സജ്ജമാക്കിയ സാന്ത്വന പരിപാലനകേന്ദ്രം.
കുടുംബ പ്രശ്‌നങ്ങളിൽപ്പെട്ട് വലയുന്നവർക്കും മനോദൗർബല്യമുള്ളവർക്കും കൗൺസിലിംഗ് സൗകര്യംഉൾപ്പെടെ നൽകുന്നതിനായി മെഡിക്കൽ കോളേജ് ആശുപത്രിയിലെ വിദഗ്ദ്ധരായ ഡോക്ടർമാരുടെ ക്ലാസുകൾ ഉൾക്കൊള്ളിച്ചുള്ളപദ്ധതിയും ചെയ്തുവരുന്നുണ്ട് നവജീവൻ ട്രസ്റ്റ്.
'നവജീവനേകി..."
സാന്ത്വന പരിപാലനരംഗത്ത് ലോകത്തിനാകെ മാതൃകയാണ് നവജീവൻ ട്രസ്റ്റ്. നവജീവന്റെ അമരക്കാരൻ പി.യു തോമസ് പതിനാറാം വയസിലാണ് സ്വാന്തന പരിപാലനരംഗത്തേക്ക് കടന്നുവരുന്നത്. കുടുംബസ്വത്ത് എം.ജി യൂണിവേഴ്സിറ്റി ഏറ്റെടുത്തതിന് ലഭിച്ച പണം വിഷമിക്കുന്ന പാവങ്ങൾക്കായി പങ്കുവെച്ചാണ് തുടക്കം.
വീടും സ്ഥലവും നഷ്ടപ്പെട്ടത്തിനെത്തുടർന്ന് വാടക വീട്ടിലായിരുന്നു താമസം. ഭാര്യയും നാലു പെൺമക്കളും ജന്മനാതളർന്ന് കിടക്കുന്ന മകനുമൊത്ത് 16 വർഷം വിവിധ സ്ഥലങ്ങളിൽ വാടകയ്ക്ക് താമസിച്ചെങ്കിലും സാന്ത്വനമേഖലയിൽ നിന്നും പിന്നോട്ടുപോയില്ല. ആദ്യ കാലഘട്ടത്തിൽ കോട്ടയം മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടെയും ആശുപത്രി ജീവനക്കാരുടെയും സഹായം നവജീവന് മുതൽക്കൂട്ടായി.
500 പേർക്ക് ഭക്ഷണം
ചെറിയ തോതിൽ ഏതാനും പേർക്ക് മാത്രമായി ആരംഭിച്ച ഭക്ഷണ വിതരണം ഇന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി, കുട്ടികളുടെ ആശുപത്രി,ജില്ലാ ആശുപത്രി,ആയുർവേദ ആശുപത്രി, ഹോമിയോ ആശുപത്രി, എന്നിവിടങ്ങളിലായി ദിനംപ്രതി 5000ത്തിലേറെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും നൽകി വരുന്നു. വിവിധ കാരണങ്ങളാൽ ഉപേക്ഷിക്കപ്പെട്ട 164 പേർ നവജീവന്റെസംരക്ഷണയിലുണ്ട്.
സഹായം പണമായും
ഭക്ഷണം, വസ്ത്രം, മരുന്ന് എന്നിവ കൂടാതെ, രോഗനിർണയപരിശോധനകൾ, ആംബുലൻസ് സഹായം, വീട്ടാവശ്യചിലവുകൾ എന്നിവയും ചെയ്തുവരുന്നു. ദീർഘകാലമായി ചികിത്സയിൽ കഴിയുന്ന 130 ൽപരം കാൻസർ, കിഡ്‌നിരോഗികൾക്ക് എല്ലാ മാസവും 3000 രൂപ വീതം നൽകുന്ന കൈത്താങ്ങ് പദ്ധതിയും, വാടകയ്ക്ക് കഴിയുന്ന നിർധനരായ രോഗികൾക്ക് 5000രൂപ വീതം പ്രതിമാസം മുടക്കം കൂടാതെയും നൽകുന്നു. പ്രതിദിന പ്രവർത്തന ചിലവ് ഏകദേശം 1,75,000 രൂപയാണ്.
ഓരോരുത്തരും മറ്റുള്ളവർ എന്ത് ചെയ്യുന്നു, എന്ത് വിചാരിക്കുന്നു എന്ന് നോക്കാതെ അവർക്ക് നമ്മളാൽ കഴിയുന്ന എല്ലാവിധ സഹായങ്ങളും ചെയ്യുക എന്നതാണ് ജീവിതത്തിൽ ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയ കാര്യം.
(പി.യു തോമസ്, നവജീവൻ ട്രസ്റ്റി)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |