
കോട്ടയം : ചികിത്സ ആവശ്യമുള്ള തടവുകാർക്ക് കോട്ടയം മെഡിക്കൽ കോളേജിൽ പ്രത്യേക സെൽ വാർഡ്. ആരോഗ്യ പ്രവർത്തകർക്ക് കൂടുതൽ സുരക്ഷയൊരുക്കാനും ഇതുവഴി കഴിയും. മറ്റ് രോഗികൾക്കൊപ്പം ഇനി തടവുകാരെ ചികിത്സിക്കില്ല. റിമാൻഡിലാകുന്ന തടവുകാരെയും ചികിത്സാ ആവശ്യങ്ങൾക്കായി മറ്റു ജയിലുകളിൽ നിന്ന് കോട്ടയം ജില്ലാ ജയിലിലേക്ക് മാറ്റിപ്പാർപ്പിക്കുന്ന തടവുകാരെയും ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വരുമ്പോൾ പൊതുജനങ്ങൾക്കുള്ള വാർഡുകളിലാണ് നിലവിൽ ചികിത്സ നൽകിയിരുന്നത്. അഞ്ചു പ്രതികൾക്ക് ചികിത്സ നൽകാൻ കഴിയുന്ന രണ്ടു സെൽ മുറികളുള്ള വാർഡാണ് ഒരുക്കിയിരിക്കുന്നത്. നിയമം, ആരോഗ്യം, പൊലീസ്, ജയിൽ വകുപ്പുകൾ സംയുക്തമായാണ് സെൽ നിർമ്മിച്ചത്. ഇന്ന് രാവിലെ 9.30ന് കോട്ടയം പ്രിൻസിപ്പൽ ജില്ലാസെഷൻസ് ജഡ്ജി എം. മനോജ് ഉദ്ഘാടനം ചെയ്യും. ജില്ലാ ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറി ജി. പ്രവീൺകുമാർ, മദ്ധ്യമേഖലാ ജയിൽ ഡി.ഐ.ജി പി.അജയ് കുമാർ, ജില്ലാ പൊലീസ് മേധാവി എ. ഷാഹുൽ ഹമീദ്, കോട്ടയം മെഡിക്കൽ കോളജ് ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. രതീഷ്, കോട്ടയം ജില്ലാ ജയിൽ സൂപ്രണ്ട് വി.ആർ. ശരത്, പൊതുമരാമത്ത് കെട്ടിടവിഭാഗം എക്സിക്യുട്ടീവ് എൻജിനിയർ പി. ശ്രീലേഖ, മെഡിക്കൽ കോളജ് ആർ.എം.ഒ ഡോ.സാം ക്രിസ്റ്റി എന്നിവർ പങ്കെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |