
കോട്ടയം : സി.പി.എം ജില്ലാ സമ്മേളനത്തിൽ സെക്രട്ടറി എ.വി റസൽ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിൽ കേരള കോൺഗ്രസ് എമ്മിന് പ്രശംസ. ന്യൂനപക്ഷ വോട്ടുകൾ ഇടതുപക്ഷത്തേയ്ക്ക് ഒഴുകാൻ
മാണി ഗ്രൂപ്പിന്റെ മുന്നണിമാറ്റം സഹായകമായി. കഴിഞ്ഞ തദ്ദേശ , നിയമസഭ തിഞ്ഞെടുപ്പുകളിൽ കൂടുതൽ സീറ്റ് നേടാനായി. അതേ സമയം പ്രാദേശികതലത്തിൽ ചിലയിടങ്ങളിൽ സിപിഎം ,കേരള കോൺഗ്രസ്, സി.പി.ഐ ബന്ധത്തിൽ ഉണ്ടായിട്ടുള്ള ഭിന്നതകൾ പരിഹരിച്ചില്ലെങ്കിൽ വരുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ ദോഷം ചെയ്യുമെന്നും മുന്നറിയിപ്പുണ്ട്. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിലെയും, പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിലെയും തോൽവി പ്രത്യേക രാഷ്ട്രീയയ സാഹചര്യം കൊണ്ടാണ്. തോൽവിയിലും രണ്ടിടത്തും പാർട്ടി വോട്ട് വിഹിതം കൂടി. സി.പി.എം ഇന്ത്യാ മുന്നണിയുടെ ഭാഗമാണെങ്കിലും ബി.ജെപിയ്ക്ക് ദേശീയ തലത്തിലുള്ള ബദൽ കോൺഗ്രസെന്ന കാഴ്ചപ്പാടിൽ കേരളമാകെ ചിന്തിച്ചതാണ് കോട്ടയം പാർലമെന്റിലും ഫലം എതിരാകാൻ കാരണം. പത്തനംതിട്ട, മാവേലിക്കര മണ്ഡലങ്ങളിൽ യു.ഡിഎഫ് സ്ഥാനാർത്ഥികളുടെ ഭൂരിപക്ഷം കുറയ്ക്കാനായി. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ സഹതാപതരംഗം അലയടിച്ചതാണ് ചാണ്ടി ഉമ്മന്റെ വിജയകാരണം. വിദ്യാർത്ഥി,യുവജന, മഹിളാ ,കർഷക സംഘടനകളുടെ പ്രവർത്തനം തൃപ്തികരമല്ലെന്നും പല സമരങ്ങളും വഴിപാടായെന്നും വിമർശനവുമുണ്ട്. സമ്മേളന നഗറിൽ ജില്ലാ സെക്രട്ടറി എ.വി.റസൽ ദീപശിഖ സ്ഥാപിച്ചു. മുതിർന്ന നേതാവ് വൈക്കം വിശ്വൻ പതാക ഉയർത്തി. നാളെ വൈകിട്ട് റെഡ് വോളന്റിയർ മാർച്ചും പ്രകടനവുമുണ്ട്. തുടർന്ന് പാമ്പാടി കമ്മ്യൂണിറ്റി മൈതാനത്ത് ചേരുന്ന സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
ബി.ജെ.പി വളർച്ച ഗൗരവമായി കാണണം
ജില്ലയിൽ ബി.ജെപിയുടെ വളർച്ച ഗൗരവമായി കാണണമെന്നും , ബി.ഡി.ജെ.എസ് പരമ്പരാഗതമായി പാർട്ടിക്ക് ലഭിക്കുന്ന വോട്ടുകളിൽ ചോർച്ചയുണ്ടാക്കുമെന്നും കൂടുതൽ ജാഗ്രത വേണമെന്നും റിപ്പോർട്ടിൽ പറയുന്നു. വിവിധ വകുപ്പുകൾ കൈകാര്യം ചെയ്യുന്ന ജില്ലയിൽ നിന്നുള്ള സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കൂടിയായ മന്ത്രി വി.എൻ.വാസവന്റെ മണ്ഡല വികസനപ്രവർത്തനങ്ങളെ റിപ്പോർട്ടിൽ പ്രശംസിക്കുന്നു. മറ്റു ചില മുതിർന്ന നേതാക്കൾക്ക് വിമർശനവുമുണ്ട്. റിപ്പോർട്ടിന്മേൽ വിശദമായ ചർച്ച ഇന്ന് തുടരും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |