
കോട്ടയം : മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിനിന്റെ ഭാഗമായി വലിച്ചെറിയൽ വിരുദ്ധ വാരാചരണത്തിന്റെ ഭാഗമായി ജില്ലയിൽ നടപ്പാക്കുന്ന 'വലിച്ചെറിയൽമുക്ത പാതയോരങ്ങൾ'പദ്ധതിക്ക് തുടക്കം. എം.സി റോഡ്, കെ.കെ റോഡ് തുടങ്ങിയ പ്രധാന പാതയോരങ്ങൾ വലിച്ചെറിയൽ മുക്തമാക്കുകയാണ് ലക്ഷ്യം. കോട്ടയം ജില്ലാ രൂപീകരണത്തിന്റെ 75ാംവാർഷികത്തിൽ കുറഞ്ഞത് 75 ജംഗ്ഷനുകൾ സൗന്ദര്യവത്കരിക്കുന്ന പദ്ധതിയും ഇതോടൊപ്പം വിഭാവനം ചെയ്യും.
പാഴവസ്തുക്കൾ സ്ഥിരമായി വലിച്ചെറിയുന്ന സ്ഥലങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തനങ്ങൾ നടത്തും. ഓരോ ചെറിയ പ്രദേശത്തിന്റെയും ചുമതല തദ്ദേശസ്ഥാപന പരിധിയിലുള്ള സംഘടനകൾക്കും ക്ലബുകൾക്കുമായിരിക്കും. പൊതു ഇടങ്ങളിൽ മാലിന്യസംസ്‌കരണത്തിന് തദ്ദേശസ്ഥാപനങ്ങളോടൊപ്പം യുവജനങ്ങളും കൈകോർക്കും. യുവജനകൂട്ടായ്മകൾ, റസിഡന്റ്സ് അസോസിയേഷൻ, രാഷ്ട്രീയസംഘടനകൾ, സർവീസ് തൊഴിലാളി സംഘടനകൾ, എൻ.ജി.ഒകൾ, കലാസാംസ്‌കാരിക സംഘടനകൾ എന്നിവയുടെ പങ്കാളിത്തത്തോടെയാണ് പദ്ധതി പ്രാവർത്തികമാക്കുക. വലിച്ചെറിയൽമുക്ത പാതയോരങ്ങളുടെ ലോഗോ ജില്ലാ ആസൂത്രണ സമിതി യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദുവും, കളക്ടർ ജോൺ വി. സാമുവലും ചേർന്ന് പ്രകാശനം ചെയ്തു.
മാലിന്യം വലിച്ചെറിയുന്നത് വാട്സ് ആപ്പിൽ അറിയിക്കാം : 9446700800
റോഡിന് ഇരുവശങ്ങളിലും പൂച്ചെടികൾ
സി.സി.ടി.വി നീരീക്ഷണമുള്ള സ്ഥലങ്ങളിൽ ബിന്നുകൾ സ്ഥാപിക്കും
വ്യാപാരി വ്യവസായികളുടെ സഹകരണം ഇക്കാര്യത്തിൽ ഉറപ്പാക്കും
ആവശ്യമായ ബോധവത്കരണ ബോർഡുകൾ സ്ഥാപിക്കും
റോഡിലൂടെ സുരക്ഷിതവും സുഗമവുമായ യാത്ര ഉറപ്പാക്കും
പഞ്ചായത്തുകളിൽ ഒന്നും, നഗരസഭകളിൽ 2 ജംഗ്ഷനുകളും ഭംഗിയാക്കും
''ഫെബ്രുവരി 28 നകം പദ്ധതി വിജയകരമായി പൂർത്തീകരിക്കുകയാണ് ലക്ഷ്യം. ഇതിനായി എല്ലാവിഭാഗം ജനങ്ങളുടെയും സഹകരണം ഉറപ്പാക്കി മുന്നോട്ടുപോകും.
ജില്ലാ ഭരണകൂടം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |