
പങ്ങട : വിലയിടിവിൽ നട്ടംതിരിഞ്ഞ റബർ കർഷകർ ടാപ്പിംഗ് നിറുത്തിയതോടെ തോട്ടങ്ങൾ കാടുകയറി. ഇതോടെ വന്യമൃഗശല്യവും രൂക്ഷമായത് പങ്ങട നിവാസികളുടെ ഉറക്കം കെടുത്തുന്നു. പ്രവാസി മലയാളിയുടെ പത്തേക്കർ തോട്ടം വർഷങ്ങളായി പരിപാലിക്കപ്പെടാതെ വനത്തിന് സമാനമാണ്. കുറുക്കന്റെ സാന്നിദ്ധ്യം ശക്തമായതോടെ പ്രദേശത്തെ കോഴി വളർത്തൽ അസാദ്ധ്യമായി. രാത്രി കാലങ്ങളിൽ റോഡിൽ കാട്ടുപന്നിയുടെ ശല്യവും രൂക്ഷമാണ്. ഇരുചക്രയാത്രികരാണ് ഏറെ ദുരിതമനുഭവിക്കുന്നത്. പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെയാണ് റോഡിന് കുറുകെ കടന്ന് കാട്ടുപന്നി എത്തുന്നത്. ഇത് അപകടങ്ങൾക്കും ഇടയാക്കും. നിരവധി വിദ്യാർത്ഥികളാണ് ഇതുവഴി ദിനംപ്രതി യാത്ര ചെയ്യുന്നത്.
പുതിയ സംരംഭങ്ങൾ തുടങ്ങാം
ബൈപ്പാസ് റോഡാക്കാൻ നിർദേശിക്കപ്പെട്ടിരിക്കുന്ന വെള്ളൂർ ഗ്രീൻവാലി കൂരോപ്പട റോഡിനോട് ചേർന്നു കിടക്കുന്ന ഭൂമി പുതിയ സംരംഭങ്ങൾ തുടങ്ങാൻ അനുയോജ്യമാണ്. കൂരോപ്പട പഞ്ചായത്തിന് പ്രയോജനകരമാകുന്ന തൊഴിൽ സാദ്ധ്യതകൾ ആരംഭിക്കുന്നതിനുള്ള പദ്ധതികൾ ആവിഷ്‌ക്കരിക്കണമെന്നാവശ്യം ശക്തമാകുകയാണ്.
തോട്ടത്തിലെ വള്ളിപ്പടർപ്പുകൾ പാതയിലേക്ക് വളർന്നത് ഡ്രൈവർമാരുടെ കാഴ്ച മറയ്ക്കുകയാണ്. കാൽനടയാത്രക്കാർക്കും റോഡിലേക്ക് ഇറങ്ങി നടക്കേണ്ട സ്ഥിതിയാണ്.
ശല്യം ഇവ
കുറുക്കൻ
കാട്ടുപന്നി
മരപ്പട്ടി
മുള്ളൻ പന്നി
''കാടുകയറിയ തോട്ടം വൃത്തിയാക്കി കാട്ടുമൃഗങ്ങളുടെ ശല്യം ഒഴിവാക്കുന്നതിനുള്ള നടപടി അധികൃതർ സ്വീകരിക്കണം. രാത്രികാലങ്ങളിൽ പാമ്പിന്റെ ശല്യം രൂക്ഷമാണ്.
(പങ്ങട നിവാസികൾ)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |