SignIn
Kerala Kaumudi Online
Thursday, 22 October 2026 4.53 PM IST

ടെസ്​റ്റുകളും ഇന്റർവ്യൂവും പാസാകണം ഓസ്‌ട്രേലിയയിൽ പൊതുപ്രവ‌ർത്തനം ഒരു കരിയർ: മന്ത്രി ജിൻസൺ

j

പാലാ: ഓസ്‌ട്രേലിയയിൽ പൊതുപ്രവർത്തനത്തെയും ഒരു കരിയറായാണ് കാണുന്നതെന്നും തിരഞ്ഞെടുപ്പിൽ മത്സരിക്കണമെങ്കിൽ വിവിധ ടെസ്​റ്റുകളും ഇന്റർവ്യൂവുകളും പാസാകണമെന്നും,​ ഓസ്‌ട്രേലിയയിൽ നോർത്തേൺ ടെറിട്ടറിയിലെ ആദ്യ മലയാളി മന്ത്റി പാലാ മൂന്നിലവ് സ്വദേശി ജിൻസൺ ആന്റോ ചാൾസ് പറഞ്ഞു.

സഫലം 55 പ്ലസ്സിന്റെ നേതൃത്വത്തിൽ പാലാ കിസ്‌കോ ബാങ്ക് ഓഡി​റ്റോറിയത്തിൽ നടന്ന സ്വീകരണ ചടങ്ങിൽ സദസ്യരുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകവെയാണ് മന്ത്റി ജിൻസൺ ആന്റോ ചാൾസിന്റെ പ്രതികരണം.

നേഴ്‌സായി 2011ൽ ഓസ്‌ട്രേലിയയിൽ എത്തിയതുമുതൽ തൊഴിലിനോടൊപ്പം ജനസേവന രംഗത്തെ പ്രവർത്തനവും നാട്ടിലെ രാഷ്ട്രീയ പശ്ചാത്തലവും നോർത്തേൺ ടെറിട്ടറി മന്ത്റി സഭയിൽ ഇടം പിടിക്കാൻ കാരണമായി.ഇന്ത്യയിലേതിൽ നിന്നും വളരെ വ്യത്യസ്തമാണ് അവിടുത്തെ തെരഞ്ഞെടുപ്പ് രീതി. മത്സരിക്കാൻ അപേക്ഷ കൊടുക്കുന്നത് മുതൽ വിവിധഘട്ടങ്ങളിലുള്ള ടെസ്​റ്റുകളും ഇന്റർവ്യുകളും പാസായി കഴിവ് തെളിയിക്കുന്നവർക്ക് മാത്രമേ സ്ഥാനാർഥിത്വം ലഭിക്കൂ. മന്ത്റിയും മുഖ്യമന്ത്റിയുമൊക്കെ ആയിരുന്നവർ കാലാവധി കഴിയുമ്പോൾ മ​റ്റ് തൊഴിലുകളിലേക്ക് തിരിയുന്നത് അവിടെ സ്വഭാവികണ്. മുഖ്യമന്ത്റിക്ക് പോലും ഔദ്യോഗിക വസതികളില്ല. ഓഫീസ് സമയത്ത് മാത്രമേ ഔദ്യോഗിക വാഹനം ഉപയോഗിക്കാവൂ. ഓസ്‌ട്രേലിയയിൽ ലേബർ പാർട്ടി, ലിബറൽ പാർട്ടി എന്ന രണ്ട് കക്ഷികളാണുള്ളത്. ഇതിൽ വലതുപക്ഷം എന്നറിയപ്പെടുന്ന ലിബറൽ പാർട്ടിയിൽ നിന്നാണ് മത്സരിച്ചത്.- ജിൻസൺ പറഞ്ഞു. ആന്റോ ആന്റണി എം.പി.യുടെ സഹോദരൻ ചാൾസ് ആന്റണിയുടെ മകനാണ് ഈ 37 കാരൻ. ഒരാഴ്ച മുമ്പാണ് ജിൻസൺ ജന്മനാട്ടിൽ എത്തിയത്.

സഫലം പ്രസിഡന്റ് ശശിധരൻ നായർ അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയർമാൻ ഷാജു വി തുരുത്തൻ മന്ത്റി ജിൻസണെ പൊന്നാട അണിയിച്ച് ആദരിച്ചു. കൗൺസിലർ ബിജി ജോജോ, സഫലം സെക്രട്ടറി വി.എം. അബ്ദുള്ള ഖാൻ, രവി പുലിയന്നൂർ, ജിൻസൺന്റെ പിതാവ് ചാൾസ് ആന്റണി, അനിൽ തീർത്ഥം, സുഷമ രവീന്ദ്രൻ, രമണിക്കുട്ടി എന്നിവർ പ്രസംഗിച്ചു.


പാലാ നഗരസഭാ ചെയർമാൻ ഷാജു വി. തുരുത്തൻ മന്ത്റി ജിൻസൺ ആന്റോ ചാൾസിനെ പൊന്നാട അണിയിച്ചാദരിക്കുന്നു.വി. എം.അബ്ദുള്ള ഖാൻ, ശശിധരൻ നായർ, രവി പുലിയന്നൂർ തുടങ്ങിയവർ സമീപം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, JINSON
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL