
വൈക്കം: അത് വെറുമൊരു ഒത്തുചേരലായിരുന്നില്ല. ഒരുകാലത്ത് നിരത്തുകൾ അടക്കിവാണവർ സത്യഗ്രഹഭൂമിയിലേക്ക് ഒരുമിച്ചെത്തിയത് വലിയൊരു സന്ദേശവുമായാണ്. ജില്ലയിൽ അംബാസിഡർ കാറിനെ സ്‌നേഹിക്കുകയും പരിപാലിക്കുകയും ചെയ്യുന്നവരുടെ കൂട്ടായ്മയായ അമ്പ്രോക്സ് ആണ് റിപ്പബ്ലിക് ദിനത്തിൽ വൈക്കത്ത് വീത്സ് ഫോർ വെറ്ററൻസ് എന്ന പേരിൽ ഒത്തുചേരലിന് വേദിയൊരുക്കിയത്. മുൻ തലമുറകളുമായി കുതിച്ചുപാഞ്ഞ അംബാസിഡർ പലർക്കുമൊരു വികാരമാണ്. നമ്മെ വളർത്തി വലുതാക്കിയ മാതാപിതാക്കൾ അവരുടെ വാർദ്ധക്യത്തിൽ സ്‌നേഹത്തോടെ സംരക്ഷിക്കപ്പെടണമെന്ന സന്ദേശമാണ് ഇവർ മുന്നോട്ടുവയ്ക്കുന്നത്. 2017 ലാണ് കൂട്ടായ്മയുടെ തുടക്കം. പുതുപ്പള്ളി പള്ളിക്ക് മുന്നിൽ പാർക്ക് ചെയ്തിരുന്ന അംബാസിഡറിന്റെ ചിത്രമെടുത്ത് ആരോ ഫേസ്ബുക്കിലിട്ടു. ആദ്യം ലൈക്ക് ചെയ്ത നാലുപേർ പരസ്പരം ഫോൺനമ്പരുകൾ കൈമാറി. അവിടെ നിന്നാണ് അമ്പ്രോക്സിന്റെ തുടക്കം.160 അംബാസഡർ ഉടമകളുണ്ട് കൂട്ടായ്മയിൽ. സാമൂഹ്യസേവന പ്രവർത്തനങ്ങൾക്കുമായി കൂട്ടായ്മ സജീവമാണ്.
അവരെത്തി, വരിവരിയായി
മൂർക്കാട്ടിപ്പടി വെള്ളൂർ കെ.പി.പി.എൽ റോഡിൽ നിന്നാരംഭിച്ച റാലിയിൽ ഹിന്ദുസ്ഥാൻ മോട്ടോഴ്സിന്റെ ആദ്യ അംബാസിഡർ മോഡലായ ലാൻഡ് മാസ്റ്ററും മാർക്ക് 3 യും മാർക്ക് 4 ഉം ഉൾപ്പെടെ അൻപതോളം കാറുകൾ അണിനിരന്നു. പൊൻകുന്നം സ്വദേശി മോഹനൻ നായർ 1977 ൽ വാങ്ങിയ അംബാസിഡറുമായാണ് മകനും മുഖ്യസംഘാടകരിലൊരാളുമായ മഞ്ജിത്ത് മോഹനെത്തിയത്. അറുപത് വർഷമായി അംബാസിഡർ കാറുപയോഗിക്കുന്ന പിറവം സ്വദേശി മത്തായിച്ചേട്ടനും റാലിക്കെത്തി. കായലോര ബീച്ചിൽ നഗരസഭ ചെയർപേഴ്സൺ പ്രീത രാജേഷ്, വൈസ് ചെയർമാൻ പി.ടി.സുഭാഷ്, കൗൺസിലർമാരായ ബിന്ദു ഷാജി, അശോകൻ വെള്ളവേലി, ചൈതന്യ ഹോംലി പ്രോഡക്ട്സ് ഉടമ ഷിഹാബ് കെ.സൈനു എന്നിവർ റാലിയെ സ്വീകരിച്ചു. അമ്പ്രോക്സിനുള്ള നഗരസഭയുടെ ഉപഹാരം സീനിയറംഗം കെ.ടി.മത്തായിക്ക് നൽകി.
വൃദ്ധസദനങ്ങൾ നമുക്ക് വേണ്ട. മാതാപിതാക്കൾ നമുക്കായി ഒരുപാട് യാതനകൾ സഹിച്ചിട്ടുണ്ട്. അവരെ സംരക്ഷിക്കാൻ മക്കൾ പ്രതിജ്ഞാബദ്ധരാവണം. ഇന്ന് നമുക്കൊപ്പം ഓടിയെത്താൻ അവർക്ക് കഴിയില്ല. നാം അവർക്കൊപ്പമാവാൻ വേഗത കുറയ്ക്കണം. ആ മനസുണ്ടാവാൻ അവർ നമുക്കായി മാത്രം ജീവിച്ച ഇന്നലെകളുടെ ഓർമ്മകൾ മാത്രം മതി.
മഞ്ജിത് മോഹൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |