
കോട്ടയം : ഇന്നത്തെ കേന്ദ്ര ബഡ്ജറ്റിൽ കോട്ടയത്തിനും നിറയെ പ്രതീക്ഷകളാണ്. വിലയിടിയുന്ന റബറിനുള്ള കൈത്താങ്ങ്, റെയിൽ - റോഡ് വികസനം, കൃഷി, വിനോദ സഞ്ചാരം, വിദ്യാഭ്യാസ, തൊഴിൽ മേഖലകൾ എന്നിവയ്‌ക്കെല്ലാം കേന്ദ്രം കൈത്താങ്ങാകുമോ എന്നാണ് ഉറ്റുനോക്കുന്നത്. മുൻ ബഡ്ജറ്റുകളിൽ ജില്ലയ്‌ക്ക് അവഗണന മാത്രമായിരുന്നു. കിതയ്‌ക്കുന്ന റബർ വിപണിയെ ഉത്തേജിപ്പിക്കാൻ എന്തുണ്ടാകുമെന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. ഉത്പാദന ചെലവിന് ആനുപാതികമായി 250 രൂപ വരെ താങ്ങുവില ബഡ്ജറ്റിൽ പ്രതീക്ഷിക്കുന്നു. ഇറക്കുമതി കുറയ്ക്കുകയും, മൂല്യവർദ്ധിത ഉത്പന്നങ്ങൾക്കായി പ്രത്യേക പദ്ധതികൾ ആരംഭിക്കുകയും ചെയ്താൽ പ്രതിസന്ധി ഒരു പരിധിവരെ പരിഹരിക്കാം. എരുമേലി വിമാനത്താവളം സ്ഥലമെടുപ്പ് നടപടികളും പരിസ്ഥിതി സാമൂഹ്യാഘാത പഠനവും പൂർത്തിയായി വ്യോമമന്ത്രാലയത്തിന്റെ അനുകൂല നിലപാട് പ്രതീക്ഷിക്കുകയാണ്. ജില്ലയിൽ നിന്നുള്ള ജോർജ് കുര്യൻ കേന്ദ്രമന്ത്രിസഭയിലുള്ള സാഹചര്യത്തിൽ പ്രതീക്ഷകൾ വാനോളമാണ്.
പ്രതീക്ഷയിൽ ശബരി പാത
കോട്ടയത്തെ റെയിൽവേ വികസനത്തിന് ചിറകേകുന്ന പ്രഖ്യാപനങ്ങളും പ്രതീക്ഷിക്കുന്നുണ്ട്. ശബരിപാത വികസനത്തിന് കഴിഞ്ഞ ബഡ്ജറ്റിൽ 100 കോടി ടോക്കൺ തുക അനുവദിച്ചെങ്കിലും നടപടികളൊന്നും ആയില്ല. ഇടുക്കി , കോട്ടയം ജില്ലകളിലെ ടൂറിസം വികസനത്തിന് സഹായകമാകുന്ന പദ്ധതിയുടെ പുതുക്കിയ എസ്റ്റിമേറ്റ് 3610 കോടിയാണ്. ചെലവിന്റെ പകുതി സംസ്ഥാനം വഹിക്കണമെന്ന കേന്ദ്ര നിബന്ധനയിൽ തട്ടി പദ്ധതി സ്തംഭിച്ച് നിൽക്കുകയാണ്.
വേണം ഐ.ഐ.ടി വികസനം
കേന്ദ്ര വിദ്യാഭ്യാസ സ്ഥാപനങ്ങളും നൈപുണ്യ വികസന വിദ്യാഭ്യാസശാലകളും കോട്ടയത്തിന് ആവശ്യമുണ്ട്. വലവൂരിലെ ഐ.ഐ.ടി, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാസ് കമ്മ്യൂണിക്കേഷൻ, നവോദയ, കേന്ദ്രീയ വിദ്യാലയങ്ങളിൽ എന്നിവ മാത്രമാണ് ഇപ്പോഴുള്ളത്. ഐ.ഐ.ടിയുടെ വിപുലീകരണമുൾപ്പെടെയുള്ള വിപുലമായ സാദ്ധ്യതകൾ കേന്ദ്രം പരിഗണിക്കണം.
തിളങ്ങുമോ കുമരകം
രാജ്യാന്തര ശ്രദ്ധ നേടിയ കുമരകത്തെ വിനോദ സഞ്ചാരമേഖലയ്ക്ക് കേന്ദ്ര അർഹമായ പരിഗണന നൽകിയിട്ടില്ല. അൽഫോൻസ് കണ്ണന്താനം മന്ത്രിസഭയിലുണ്ടായിരുന്നപ്പോൾ ടൂറിസം സർക്യൂട്ട് പദ്ധതിക്ക് തുക അനുവദിച്ചെങ്കിലും പിന്നീടെല്ലാം ആവിയായി. സുരേഷ് ഗോപി ടൂറിസം സഹമന്ത്രിയായതോടെ കൂടുതൽ ഫണ്ട് അനുവദിക്കുമെന്നാണ് പ്രതീക്ഷ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |