
കോട്ടയം : തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ അടച്ചിട്ടും അപ്പർകുട്ടനാട്ടിലെ പാടശേഖരങ്ങൾ ഉപ്പുവെള്ള ഭീഷണിയിൽ.
നിരവധി പ്രതിസന്ധികളെ തരണം ചെയ്ത് കൃഷിയിറക്കിയ കർഷകരാണ് ഇതോടെ ദുരിതത്തിലായത്. ആർപ്പൂക്കര അകത്തേക്കരി, കേളക്കരി, വട്ടക്കായൽ, മഞ്ചാടിക്കരി, പുത്തൻകേളക്കരി, പുത്തൻകരി, വാവക്കാട്, പുരത്തറ, കണ്ടമുണ്ടാലിക്കരി തുടങ്ങി 1600 ഏക്കർ പാടശേഖരത്തും, വെച്ചൂരിൽ 2260 ഏക്കറിലുമാണ് കൂടുതൽ ഭീഷണി.
രണ്ടുമാസം വരെ പ്രായമായ നെൽച്ചെടികളാണ് ഇവിടെയുള്ളത്. ഉപ്പിന്റെ അംശം ചെറിയ അളവിലാണെങ്കിൽ പോലും കൃഷി നശിക്കും. ചില പാടങ്ങളിൽ ഉപ്പുവെള്ളം കെട്ടി നിന്ന് നെല്ല് നശിക്കാൻ തുടങ്ങി. തോടുകളിൽ നിന്നാണ് പാടത്തേക്ക് വെള്ളം കയറ്റുന്നത്. ആവശ്യത്തിനു വെള്ളം കയറ്റാതെ വന്നാൽ നെല്ല് ഉണങ്ങും, വിളവും കുറയും. വേനൽ ശക്തമായി തോടുകൾ വരണ്ട് തുടങ്ങി.
മഴ പെയ്തില്ലെങ്കിൽ കാര്യങ്ങൾ കൈവിടും
വെള്ളത്തിൽ ഉപ്പിന്റെ അംശം കുറയണമെങ്കിൽ ഇനി മഴ പെയ്യണം. ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തുന്നത് ഇപ്പോൾ കോട്ടയത്താണ്. മേയ് വരെ താപനില ഉയരുമെന്നാണ് പ്രവചനം. ഇതും കർഷകരെ ആശങ്കയിലാഴ്ത്തുകയാണ്. തണ്ണീർമുക്കം ബണ്ടിന്റെ 90 ഷട്ടറുകളും അടച്ചിട്ട് ഒരു മാസമായി. ഷട്ടറിന്റെ അടിയിൽ വലിയ കല്ല് വച്ച് മത്സ്യത്തൊഴിലാളികൾ മീൻ പിടിക്കുന്നതാണ് ഉപ്പുവെള്ളം കയറാൻ കാരണമെന്നാണ് ആക്ഷേപം. എന്നാൽ വേലിയേറ്റ - വേലിയിറക്ക പ്രക്രിയ സുഗമമല്ലാത്തത് കാരണമെന്നാണ് മറുവാദം.
''ഓരുമുട്ട് ഇടുന്ന ജോലികൾ ജലസേചനവകുപ്പ് ഇതുവരെ ആരംഭിക്കാത്തതാണ്
ഉപ്പുവെള്ളം കായലിൽ നിന്ന് തോടുകളിലൂടെ പാടങ്ങളിൽ എത്താൻ കാരണം. നെൽകൃഷി നശിക്കാതെ കർഷകരെ രക്ഷിക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണം.
-പൊന്നപ്പൻ (നെൽകർഷകൻ)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |