
കോട്ടയം നഗരസഭയിലെ കൗൺസിലർമാരുടെ സ്വത്ത് ഇ.ഡിയെക്കൊണ്ടോ സി.ബി.ഐയെക്കോണ്ടോ അന്വേഷിപ്പിക്കണമെന്ന വൈസ് ചെയർമാൻ ബി.ഗോപകുമാറിന്റെ ആവശ്യത്തിന് കൈയടിക്കുകയാണ് ചുറ്റുവട്ടത്തുള്ളവർ. കാൽ നൂറ്റാണ്ടിനുള്ളിൽ പണിത ഫ്ലാറ്റുകളുടെയും വാണിജ്യകെട്ടിടങ്ങളുടെയും നിർമാണത്തിൽ കൗൺസിലർമാരുടെ ഇടപെടൽ നടന്നിട്ടുണ്ടോയെന്നു കൂടി അന്വേഷിക്കണമെന്ന ആവശ്യത്തിന് നാട്ടുകാർ എങ്ങനെ കൈയടിക്കാതിരിക്കും?
ഇനി നടക്കാൻ ഒരു വൃത്തികേടുമില്ലെന്ന അവസ്ഥയിലാണ് കോട്ടയം നഗരസഭയിപ്പോൾ.കോടികളുടെ അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും ചീഞ്ഞ കഥകളാണ് ഓരോ ദിവസവും ഉയരുന്നത്. പെൻഷൻ ഫണ്ട് അടിച്ചുമാറ്റി ഉദ്യോഗസ്ഥൻ മുങ്ങിയിട്ട് മാസങ്ങളായി.ലോക്കലും കൈബ്രാഞ്ചും വിജിലൻസും അന്വേഷിച്ചിട്ടും (മുങ്ങിക്കോളാൻ ബന്ധപ്പെട്ടവർ മുൻ കൂറായി ഉപദേശിച്ച ) ആളുടെ പൊടിപോലുമില്ല കണ്ടുപിടിക്കാൻ. ഇയാൾ മാറ്റിയ രണ്ടുകോടി നാലു ലക്ഷം രൂപ ഒപ്പം ജോലി ചെയ്ത 29 ജീവനക്കാരിൽ നിന്ന് 18 ശതമാനം പിഴപലിശയോടെ ഈടാക്കാനാണ് സർക്കാർ തീരുമാനം. കട്ടവനെ കണ്ടില്ലെങ്കിൽ കിട്ടിയവനെ പ്രതിയാക്കുന്ന ഏർപ്പാടാണെന്ന ഉദ്യോഗസ്ഥരുടെ മുറുമുറുപ്പുയരുന്നതിനിടെയാണ് കൗൺസിലർമാരുടെ സ്വത്ത് വിവരം ഇ.ഡി.യോ സി.ബി.ഐയോ അന്വേഷിക്കണമെന്ന് വൈസ് ചെയർമാൻ ആവശ്യപ്പെട്ടത്. ഇതു കേട്ട് പലരും ഞെട്ടിവിറച്ചുവെന്നാണ് ചുറ്റുവട്ടത്തു കേൾക്കുന്നത്.
തട്ടിപ്പുകൾ പലവിധം
പല കൗൺസിലർമാർക്കും ബിനാമി ഏർപ്പാടുണ്ടെന്നത് തിരുനക്കരയിൽ പാട്ടാണ്. തട്ടുകടകളുടെയും ഓട്ടോറിക്ഷകളുടെയും നടത്തിപ്പുകാരാണ് ചിലരെങ്കിൽ സ്ഥലമിടപാട് ബ്രോക്കർമാരാണ് മറ്റു ചിലർ. സ്വന്തം വാർഡിൽ വഴിപോലുമില്ലാത്ത ചതുപ്പുചുളുവിലയ്ക്ക് വാങ്ങി മുൻസിപ്പൽ ഫണ്ട് ചെലവഴിച്ച് വഴിയുണ്ടാക്കി മണ്ണടിച്ചു പ്ലോട്ടുകളാക്കി തിരിച്ചു ലക്ഷങ്ങൾക്ക് മറിച്ചുവിൽക്കുന്നവരും ഉണ്ട്. തിരുനക്കര ഉത്സവ കാലത്ത് വ്യാപാര വിപണന മേള നടത്തിപ്പ് ലേലം പിടിച്ചു മറിച്ചു കച്ചവടം ചെയ്യുന്നത് മുതൽ തിരുനക്കര ബസ് സ്റ്റാൻഡും ഉണക്കമീൻ ചന്തയും സ്ലോട്ടർ ഹൗസും പെളിച്ചതിന്റെ മണ്ണും കല്ലും കമ്പിയുമെല്ലാം ലേലം പിടിച്ചു മറിച്ചു വിറ്റു കാശുണ്ടാക്കിയവർ വരെയുണ്ട്. രാജീവ് ഗാന്ധി ഷോപ്പിംഗ് കോംപ്ലക്സ് ചട്ടം ലംഘിച്ചു ഒരാൾക്കു മാത്രം കൊടുത്തതിലും,മൃതദേഹം ദഹിപ്പിക്കുന്നതിന് ശ്മശാനത്തിലേക്ക്സ്ഥിരം കേടാകുന്ന യന്ത്രം വാങ്ങിയതിലുംവരെ കമ്മീഷൻ പറ്റിയവരുമുണ്ട്.
കമഴ്ന്നു വീണാൽ കാൽപ്പണമെന്നതാണ് പലകൗൺസിലർമാരുടെയും ആപ്തവാക്യം. ഇതിനിടയിൽ ചക്കരക്കുടത്തിൽ ഇതുവരെ കൈയ്യിട്ടു നക്കാത്ത മാന്യന്മാരുമുണ്ട്.അവരുടെ എണ്ണം വിരലിലെണ്ണാൻ മാത്രമായ സാഹചര്യത്തിൽ കൗൺസിലർ ആയതിനും മുമ്പും ശേഷവുമുള്ള സ്വത്ത്പരിശോധിക്കണമെന്ന ആവശ്യത്തെ പിന്താങ്ങുകയാണ് ചുറ്റവട്ടവും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |