SignIn
Kerala Kaumudi Online
Thursday, 22 October 2026 4.53 PM IST

കണ്ണിൽപ്പൊടിയിടാൻ ചില ബഡ്ജറ്റ് പ്രഖ്യാപനങ്ങൾ.... കോട്ടയത്തെ കൊച്ചാക്കി, റബറിന് താങ്ങായില്ല

budjet

കോട്ടയം: പ്രതീക്ഷിച്ചതൊന്നും നൽകാതെ ജില്ലയെ ഏറക്കുറെ തഴഞ്ഞതായിരുന്നു മന്ത്രി കെ.എൻ.ബാലഗോപാൽ അവതരിപ്പിച്ച സംസ്ഥാന ബഡ്ജറ്റ്. റബറിന് താങ്ങുവില വേണമെന്ന ആവശ്യത്തോട് മുഖംതിരിച്ചു. വലിയ പദ്ധതികളുമില്ല. കണ്ണിൽപ്പൊടിയിടാൻ ഏതാനും ചില പ്രഖ്യാപനങ്ങൾ മാത്രം. കേന്ദ്ര ബഡ്ജറ്റിൽ കോട്ടയത്തിന് ഒന്നുമില്ലെന്ന പരാതി നിലനിൽക്കെയാണ് സംസ്ഥാന ബഡ്ജറ്റിലും അവഗണന. റബറിന്റെ തറവില 200 രൂപയാക്കുമെന്ന കർഷക പ്രതീക്ഷകൾ പൊലിഞ്ഞു. നെല്ല് വില ഉയർത്തണമെന്ന ആവശ്യവും പരിഗണിച്ചില്ല. 150 കോടി നെൽകർഷക മേഖലയ്ക്ക് അനുവദിച്ചെങ്കിലും സംഭരണത്തിന് പോലും ഈ തുക പര്യാപ്തമല്ല. ചുരുക്കത്തിൽ കാർഷികമേഖലയെ പാടെ അവഗണിച്ചു.

ടൂറിസത്തെ കൈയൊഴിഞ്ഞു

കേരളത്തിന്റെ യശസ് അന്താരാഷ്ട്രതലത്തിലേക്കുയർത്തിയ കുമരകവും മറവൻതുരുത്തുമടക്കമുള്ള ടൂറിസം കേന്ദ്രങ്ങൾക്കായും പദ്ധതികളൊന്നുമില്ല. വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ കെ ഹോംസ് നിർമ്മിക്കുന്നതിൽ കുമരകത്തെയും ഉൾപ്പെടുത്തിയെന്ന് മാത്രം. സീ പ്ലെയിൻ പദ്ധതിയ്ക്ക് 20 കോടി അനുവദിച്ചതിൽ കുമരകവും ഉൾപ്പെടാമെങ്കിലും മത്സ്യത്തൊഴിലാളികളുടെ എതിർപ്പ് നിലനിൽക്കുകയാണ്. വന്യജീവി ആക്രമണം തടയാനുള്ള പദ്ധതികൾക്ക് 50 കോടി അനുവദിച്ചത് മലയോരമേഖലയ്ക്ക് ചെറിയ ആശ്വാസമാണ്. കാട്ടുമൃഗങ്ങളുടെ ശല്യത്താൽ വലയുന്ന എരുമേലി, മുണ്ടക്കയം, കോരുത്തോട്, മണിമല പഞ്ചായത്തുകൾക്കാണ് ഇത് ഗുണകരമാകുക. ശബരിമല വിമാനത്താവളത്തിന് 4.96 കോടി അനുവദിച്ചെങ്കിലും സ്ഥലമെടുപ്പ് അടക്കം പ്രാരംഭ പ്രവർത്തനങ്ങൾക്ക് പര്യാപ്തമല്ല.

പ്രഖ്യാപനങ്ങൾ ഇവ

എം.ജി സർവകലാശാലയ്ക്ക് : 62 കോടി

സയൻസ് സിറ്റി വികസനം : 25 കോടി

അരുണാപുരത്ത് ചെക്ക് ഡാം : 3 കോടി

വേമ്പനാട് കായൽ ഡ്രഡ്ജിംഗിന് : 10 കോടി

കേരള റബർ ലിമിറ്റഡിന് : ഒമ്പതു കോടി

കെ.ആർ.നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് : 11 കോടി

വൈക്കം സത്യഗ്രഹ സ്മാരക നിർമ്മാണം : 5 കോടി

മെ‌ഡി.കോളേജിൽ മജ്ജമാറ്റിവയ്ക്കൽ സംവിധാനം : 1.5 കോടി

പ്രതീക്ഷിച്ചും, ഒന്നും കിട്ടിയില്ല

കഞ്ഞിക്കുഴി ഫ്ലൈഓവറിന് കഴിഞ്ഞ ബഡ്ജറ്റിൽ ഒരു കോടി 60 ലക്ഷം അനുവദിച്ചിരുന്നു. പ്രാരംഭപ്രവർത്തനങ്ങൾ പോലും നടന്നില്ല. പാലാ മുനിസിപ്പൽ സ്റ്റേഡിയം സിന്തറ്റിക് ട്രാക്ക് നവീകരണത്തിന് ഏഴുകോടി കഴിഞ്ഞ ബഡ്ജറ്റിൽ അനുവദിച്ചെങ്കിലും നടന്നില്ല. ആലപ്പുഴ, കോട്ടയം ജില്ലകളിലെ വിവിധ പാടശേഖരങ്ങളിലെ വെള്ളപ്പൊക്ക നിവാരണപ്രവർത്തനങ്ങൾക്ക് 57 കോടി കഴിഞ്ഞ ബഡ്ജറ്റിൽ അനുവദിച്ചെങ്കിലും നടപടിയായില്ല.

''കോട്ടയം മണ്ഡലത്തെ തഴയുന്നത് ആവർത്തിച്ചു. മണിപ്പുഴ ഗസ്റ്റ് ഹൗസ് റോഡിന് ഒരു കോടിയും മറ്റു എല്ലാ പദ്ധതികൾക്കും അനുവദിച്ചത് 100 രൂപ വീതമാണ്. പാതിവഴിയിലായ പദ്ധതികളുടെ പൂർത്തീകരണത്തിന് ഇനി യു.ഡിഎഫ് അധികാരത്തിൽ വരണം.

തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL