
കോട്ടയം : കാപ്‌കോസിന് നബാർഡ് 15.2 കോടി രൂപ മൊബിലൈസേഷൻ അഡ്വാൻസായി കൈമാറിയതോടെ ആധുനിക റൈസ് മിൽ നിർമ്മാണത്തിന് വേഗംവയ്ക്കും. നെൽകർഷകരുടെ ദുരിതത്തിന് പരിഹാരമായി സഹകരണമേഖലയിൽ തുടങ്ങിയ മില്ലിന് നബാർഡ് 76 കോടി ധനസഹായം അനുവദിച്ചിരുന്നു. അതിൽ 20 ശതമാനമാണ് ഇപ്പോൾ നൽകിയത്. കിടങ്ങൂർ കൂടല്ലൂർ കവലയ്ക്ക് സമീപം പത്തേക്കർ ഭൂമിയിലാണ് മില്ല് യാഥാർത്ഥ്യമാകുന്നത്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്കാണ് നിർമ്മാണ ചുമതല. നബാർഡ് കേരള, ലക്ഷദ്വീപ് റീജിയണൽ ചീഫ് ജനറൽ മാനേജർ ബൈജു എൻ കുറുപ്പ്, കോട്ടയം ഡി.ജി.എം റെജി വർഗീസ് എന്നിവർ സ്ഥലം സന്ദർശിച്ചു. കാപ്‌കോസ് ചെയർമാൻ കെ.എം രാധാകൃഷ്ണൻ, വൈസ് ചെയർമാൻ കെ.ജയകൃഷ്ണൻ, ഓണററി സെക്രട്ടറി കെ.ജെ അനിൽകുമാർ, എൻ.ഡി സുരേഷ് ബാബു, പി.പ്രവീൺകുമാർ എന്നിവരും ഒപ്പമുണ്ടായിരുന്നു. തുക അനുവദിക്കാൻ മുൻകൈയെടുത്ത മന്ത്രി വി.എൻ വാസവനെ കാപ്‌കോസ് ഭരണസമിതി അനുമോദിച്ചു.
50,000 മെട്രിക് ടൺ നെല്ല് സംഭരിക്കാം
നൂതന സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ മില്ലിൽ 50,000 മെട്രിക് ടൺ നെല്ല് പ്രതിവർഷം സംസ്‌കരിക്കാൻ സാധിക്കും. നെല്ല് സംഭരിക്കുന്ന വെയർഹൗസിന് പകരം 3500 ടൺ ശേഷിയുള്ള എട്ട് ആധുനിക സൈലോകളാണ് സ്ഥാപിക്കുക. സംസ്ഥാന സർക്കാർ ഗ്രാന്റായി അനുവദിച്ച ഒരുകോടി രൂപ കൈമാറിയിട്ടുണ്ട്. ജില്ലയിലെ സഹകരണ സ്ഥാപനങ്ങളിൽനിന്ന് സമാഹരിച്ച ഏഴ് കോടി രൂപ ഉപയോഗിച്ചാണ് 10 ഏക്കർ സ്ഥലം വാങ്ങിയത്.
''ഭക്ഷ്യധാന്യ സംഭരണവും സംസ്‌കരണവുമായി ബന്ധപ്പെട്ട പദ്ധതികൾക്ക് പ്രാധാന്യം നൽകുന്ന നബാർഡ് റൈസ് മില്ലിന് പ്രഥമസ്ഥാനം നൽകിയാണ് തുക അനുവദിച്ചത്. ഒരു വർഷത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കും.
(കെ.എം രാധാകൃഷ്ണൻ, കാപ്‌കോസ് ചെയർമാൻ)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |