
തലയോലപ്പറമ്പ് : തലയോലപ്പറമ്പ് സെന്റ് ജോർജ് പള്ളിയിൽ മോഷണം. കൈക്കാരന്മാരുടെ മുറിയുടെ താഴ് തകർത്ത് അകത്തുകയറിയ മോഷ്ടാക്കൾ അലമാരയുടെ ലോക്കർ കുത്തിത്തുറന്ന് 2 ലക്ഷം രൂപ കവർന്നു. മുറിക്കുള്ളിലെ മേശവലിപ്പും മറ്റും തുറന്ന് വാരിവലിച്ചിട്ട നിലയിലാണ്. ഇന്നലെ പുലർച്ചെ 12.30 നും 2 നും ഇടയിലാണ് മോഷണം നടന്നതെന്ന് സി.സി.ടി.വി ദൃശ്യങ്ങളിൽ കാണാം. ദുർമ്മിസിയോ മരിയ, നിത്യസഹായ മാതാവ് എന്നിവിടങ്ങളിലെ നേർച്ചക്കുറ്റി, ജീവകാരുണ്യ നിധിപ്പെട്ടിയുടെ താഴ്, പള്ളിക്ക് മുൻവശത്തുള്ള ഗിവർഗ്ഗീസ് പുണ്യാളൻ, ജംഗ്ഷനിലെ റോഡരികിലുള്ള നേർച്ചക്കുറ്റി എന്നിവിടങ്ങളിലും മോഷണശ്രമം നടത്തിയെങ്കിലും പണം നഷ്ടപ്പെട്ടില്ല. രാവിലെ ഇടവക വികാരി എത്തിയപ്പോഴാണ് കൈക്കാരന്മാരുടെ മുറിയുടെ വാതിൽ തുറന്ന് കിടക്കുന്നത് കണ്ടതും മോഷണവിവരം അറിയുന്നതും. പാരിഷ് ഹാളിന്റെയും മുറികളുടെയും വാടക ഇനത്തിൽ കിട്ടിയ തുകയാണ് അപഹരിക്കപ്പെട്ടതെന്ന് കൈക്കാരന്മാരായ കുര്യാക്കോസ് മീത്തിക്കുന്നേൽ, ബേബി ജോസഫ് പുത്തൻ പറമ്പിൽ എന്നിവർ പറഞ്ഞു. തലയോലപ്പറമ്പ് പൊലീസ് അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ദ്ധരും പരിശോധന നടത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |