SignIn
Kerala Kaumudi Online
Thursday, 22 October 2026 6.46 PM IST

മരണച്ചുഴിയായി പാറക്കുളങ്ങൾ

parakulamm

കോട്ടയം : കാടും മാലിന്യങ്ങളും നിറഞ്ഞ പാറക്കുളങ്ങൾ ഒറ്റനോട്ടത്തിൽ തരിശു ഭൂമിയെന്നേ തോന്നിക്കൂ. റോഡിന്റെ ഇരുവശത്തുമായി സംരക്ഷണഭിത്തികളും ആവശ്യമായ സുരക്ഷയും ഇല്ലാതെ ചെറുതും വലുതുമായി 100 ഓളം പാറക്കുളങ്ങളാണ് ജില്ലയിലുള്ളത്. പലയിടങ്ങളിലും പാറ പൊട്ടിക്കൽ നിറുത്തിയിട്ട് വർഷങ്ങളായി. അമ്പതും നൂറും അടി താഴ്ചയുണ്ടിവയ്ക്ക്. സംരക്ഷണ വേലി തീർക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. വേനൽക്കാലത്തും അവധി ദിനങ്ങളിലും പാറമടകളിലും കിടങ്ങുകളിലും കുളിക്കാനെത്തുന്നവരിൽ ഏറെയും വിദ്യാർത്ഥികളാണ്. മുങ്ങിമരണവും ഏറുകയാണ്. കുളത്തിന്റെ ആഴമോ അപകട സാദ്ധ്യതയോ അറിയാതെ കുളിക്കാനും വെള്ളം എടുക്കാനും വേനൽക്കാലത്ത് പാറക്കുളങ്ങളെ ആശ്രയിക്കുന്നവർ നിരവധിയാണ്. കങ്ങഴ പഞ്ചായത്തിൽ നാല് വലിയ പാറക്കുളങ്ങളാണുള്ത്ള. ഇക്കഴിഞ്ഞ തിങ്കളാഴ്ച ഇവിടെ യുവാവ് മുങ്ങിമരിച്ചിരുന്നു. മറിയപ്പള്ളി മുട്ടം പാറക്കുള ചതുപ്പ് നിലത്തിന് സമാനമാണ്. റോഡിന് വശത്തായി സ്ഥിതിചെയ്യുന്ന കുളത്തിന് സമീപത്തുകൂടി ദിവസവും നിരവധി വാഹനങ്ങളാണ് കടന്നുപോകുന്നത്. വീതി കുറഞ്ഞ റോഡായതിനാൽ ഇരുവശത്തുനിന്നും ഒരുപോലെ വാഹനങ്ങൾ വന്നാൽ കടന്നുപോകാൻ ബുദ്ധിമുട്ടാണ്.

ആഴമറിയാതെ ഇറങ്ങും,​ മുങ്ങിത്താഴും
ആറുമാസം മുൻപ് പാണ്ടിയാംകുഴി പാറക്കുളത്തിൽ ഒരാൾ മുങ്ങിമരിച്ചു
രണ്ട് വർഷം മുൻപ് പത്താംക്ലാസ് വിദ്യാർത്ഥിയും ഇവിടെ മുങ്ങിമരിച്ചു
കാഞ്ഞിരപ്പാറയിലെ പാറക്കുളത്തിൽ ഇതുവരെ പൊലിഞ്ഞത് 7 ജീവൻ
കങ്ങഴ ക്ഷേത്രത്തിന് സമീപത്തെ പാറക്കുളത്തിൽ മൂന്നു പേർ മുങ്ങി മരിച്ചു

വൃത്തിയാക്കിയാൽ കുടിവെള്ളക്ഷാമത്തിന് പരിഹാരമാകും

ഉപയോഗശൂന്യമായി കിടക്കുന്ന പാറക്കുളങ്ങൾ വൃത്തിയാക്കിയാൽ ശുദ്ധജല ക്ഷാമ പരിഹാരത്തിന് ശാശ്വത പരിഹാരം കാണാൻ സാധിക്കും. നിരവധി കുളങ്ങളുള്ളതിനാൽ, ജലസംഭരണിയായും ഉപയോഗിക്കാൻ സാധിക്കും. കുളങ്ങൾ സ്ഥിതി ചെയ്യുന്ന പല വാർഡിലും കുടിവെള്ള ക്ഷാമം രൂക്ഷമാണ്. അവധിക്കാലത്ത് വിദ്യാർത്ഥികളടക്കം മീൻപിടിക്കാനും കുളിക്കാനുമായി പാറക്കുളങ്ങളിൽ ഇറങ്ങുന്നത് പതിവാണ്. അപകട സൂചനയോ സംരക്ഷണ വേലികളോ നിർമിക്കാൻ സ്ഥലം ഉടമകൾ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.


കാത്തിരിക്കണോ ഇനിയൊരപകടത്തിന്

ഇക്കഴിഞ്ഞ മാർച്ച് 12 ന് വളംകയറ്റിവന്ന ലോറി നിയന്ത്രണം വിട്ട് പാറക്കുളത്തിലേക്ക് മറിഞ്ഞ് ഡ്രൈവർ മരിച്ചിരുന്നു. അപകടം ഉണ്ടായി മാസങ്ങൾ പിന്നിട്ടിട്ടും കുളത്തിന് സംരക്ഷണ വേലി നിർമ്മിക്കുന്നതിനോ അപകട സൂചനാ ബോർഡ് സ്ഥാപിക്കുന്നതിനോ അധികൃതർ തയ്യാറാകുന്നില്ല

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL