
കോട്ടയം : ഗവ.നഴ്‌സിംഗ് കോളേജ് റാഗിംഗ് കേസിൽ തുടർപ്രതിഷേധവുമായി കോൺഗ്രസും, ബി.ജെ.പിയും.
മെഡിക്കൽ കോളേജിന് മുന്നിൽ ബി.ജെ.പിയുടെയും , തിരുനക്കരയിൽ ചാണ്ടി ഉമ്മൻ എം.എൽ.എയുടെയും നേതൃത്വത്തിൽ ഉപവാസ സമരം സംഘടിപ്പിച്ചു. ഇരയോടൊപ്പമാണെന്ന് പറയുകയും വേട്ടക്കാർക്കൊപ്പം നിലകൊള്ളുകയും ചെയ്യുന്ന സമീപനമാണ് സർക്കാരിന്റേതെന്ന് ചാണ്ടി ഉമ്മൻ കുറ്റപ്പെടുത്തി. യഥാർത്ഥ പ്രതികളെ ഇപ്പോഴും മറച്ചുപിടിച്ചിരിക്കുകയാണ്. പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ സിദ്ധാർത്ഥൻ മരണക്കേസിലെ പ്രതികൾ സമൂഹത്തിൽ വിലസുകയാണ്. ഇനിയും സിദ്ധാർത്ഥന്മാർ കേരളത്തിൽ ഉണ്ടാകാൻ പാടില്ല. പൊതുസമൂഹത്തിന്റെ വേദനയുടെ പ്രതിഫലനമാണ് ഈ ഉപവാസ സമരമെന്നും അദ്ദേഹം പറഞ്ഞു. സമരം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എഫ്.ഐ.ആറിലെ തിരുത്തൽ റാഗിംഗ് കേസിലെ പ്രതികളെ രക്ഷപ്പെടുത്താൻ വേണ്ടിയാണെന്ന് അദ്ദേഹം ആരോപിച്ചു. എം.പിമാരായ ആന്റോ ആന്റണി, അഡ്വ. കെ.ഫ്രാൻസിസ് ജോർജ്, മുൻമന്ത്രി കെ.സി.ജോസഫ്, കെ.പി.സി.സി, ഡി.സി.സി ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.
ഏകദിന ഉപവാസവുമായി ബി.ജെ.പി
മെഡിക്കൽ കോളേജിന് മുമ്പിൽ ബി.ജെ.പി സംഘടിപ്പിച്ച ഏകദിന ഉപവാസം നടത്തി വെസ്റ്റ് ജില്ലാ പ്രസിഡന്റ് ജി.ലിജിൻലാൽ ഉദ്ഘാടനം ചെയ്തു. കുറ്റക്കാരായ വിദ്യാർത്ഥികൾക്ക് റാഗിംഗ് നിയമപ്രകാരം കർശന ശിക്ഷ ഉറപ്പുവരുത്തുക, പ്രിൻസിപ്പൽ, അസി. വാർഡൻ അടക്കമുള്ളവരെ പ്രതിചേർക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. ബി.ജെ.പി കുമരകം മണ്ഡലം പ്രസിഡന്റ് അഭിലാഷ് ശ്രീനിവാസൻ, ഏറ്റുമാനൂർ മണ്ഡലം പ്രസിഡന്റ് സരുൺ അപ്പുക്കുട്ടൻ, കോട്ടയം മണ്ഡലം പ്രസിഡന്റ് വി.പി.മുകേഷ്, പനച്ചിക്കാട് മണ്ഡലം പ്രസിഡന്റ് ജയകൃഷ്ണൻ തുടങ്ങിയവർ നേതൃത്വം നൽകി. സംസ്ഥാന സമിതിയംഗം കെ.ഗുപ്തൻ, ജില്ല സെക്രട്ടറി ലാൽ കൃഷ്ണ, ജില്ലാ ട്രഷറർ ഡോ.ശ്രീജിത്ത് കൃഷ്ണൻ, കൗൺസിലർമാരായ വിനു ആർ.മോഹൻ, കെ.ശങ്കരൻ, പി.എസ്.ബിജുകുമാർ, കെ.യു രഘു, അനിൽകുമാർ, നേതാക്കളായ ആന്റണി അറയിൽ, ഉണ്ണി വടവാതൂർ, വരപ്രസാദ്, ഗോകുൽ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |