
കോട്ടയം: ഒരിടവേളയ്ക്ക്‌ശേഷം ജില്ലയിൽ നിയമങ്ങൾ കാറ്റിൽപ്പറത്തി മണ്ണെടുപ്പ് വ്യാപകമാകുന്നു. വീട് നിർമ്മാണങ്ങൾക്കെന്ന വ്യാജേന കുന്നുകൾ ഇടിച്ചുനിരത്തുകയാണ്. കെട്ടിട നിർമ്മാണത്തിന്റെ മറവിലാണ് മണ്ണ് മാഫിയ പിടിമുറുക്കുന്നത്. കടുത്തുരുത്തി, ഞീഴൂർ, മാഞ്ഞൂർ, കുറവിലങ്ങാട്, പാമ്പാടി, കറുകച്ചാൽ, അയർക്കുന്നം, നെടുംകുന്നം, വടവാതൂർ, മുളക്കുളം, കുറുപ്പന്തറ, പെരുവ തുടങ്ങിയ ഭാഗങ്ങളിലാണ് അനധികൃത മണ്ണെടുപ്പ്.
വീട് നിർമ്മാണത്തിനെന്ന വ്യാജേന:
പ്ലോട്ടുകൾ തിരിച്ച് വീട് നിർമ്മാണത്തിന് വേണ്ടി മണ്ണ് നീക്കാൻ പഞ്ചായത്തിൽ നിന്നും അനുമതി തേടും. ഈ അനുമതിയുടെ മറവിൽ പ്രദേശത്തെ മണ്ണ് മുഴുവൻ കടത്തികൊണ്ടുപോകുകയാണ്. അളവിൽകൂടുതൽ മണ്ണാണ് കൊണ്ടുപോകുന്നത്. പഞ്ചായത്ത്, വില്ലേജ്, ജിയോളജി വകുപ്പിലെയും, പൊലീസിലേയും ഉദ്യോഗസ്ഥർ എല്ലാ ഒത്താശയും ചെയ്തു കൊടുക്കുകയും ചെയ്യുന്നു.
പാമ്പാടി മേഖലയിൽ വ്യാപകം:
നെന്മല പള്ളിക്ക് സമീപം നടന്ന മണ്ണെടുപ്പ് സമീപവാസികൾ ചേർന്ന് തടഞ്ഞിരുന്നു. നൽകിയ അനുമതിയുടെ പത്തിരട്ടിയോളം മണ്ണാണ് ഇവിടെ നിന്നും മാറ്റിയത്. സമീപവാസികളുടെ അനുമതിപോലും തേടാതെയാണ് മണ്ണെടുപ്പ് നടന്നത്. പാമ്പാടി പഞ്ചായത്തും പൊലീസ് സ്റ്റേഷനും കേന്ദ്രീകരിച്ച് മണ്ണെടുപ്പിനെ സഹായിക്കുന്ന ലോബി പ്രവർത്തിക്കുന്നുണ്ട്.
പാമ്പാടി മേഖലയിൽ തന്നെ 50 എക്കറോളം സ്ഥലങ്ങളിലാണ് പഞ്ചായത്ത് മണ്ണ് നീക്കാൻ അനുമതി കൊടുത്തിരിക്കുന്നത്.
അനുമതി കാറ്റിൽപ്പറത്തി
പഞ്ചായത്തിൽ നിന്നും ബിൽഡിംഗ് പെർമിറ്റ്, മൈനിംഗ് ആൻഡ് ജിയോളജി വകുപ്പ് എന്നിവിടങ്ങളിൽ നിന്നും അനുമതി വാങ്ങിയ ശേഷം ഈ രേഖകളുടെ മറവിൽ ജീവനക്കാരുടെ ഒത്താശയോടെയാണ് പലരും ലോഡ് കണക്കിന് മണ്ണ് വിൽപ്പന. പഞ്ചായത്തിൽ കെട്ടിട നിർമ്മാണത്തിനായും മണ്ണ് നീക്കം ചെയ്യുന്നതിന് വില്ലേജ് ഓഫീസ്, മൈനിംഗ് ആൻഡ് ജിയോളജി വകുപ്പ് എന്നിവിടങ്ങളിലും അപേക്ഷ നല്കണം. ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് അനുമതി നല്കണം. ഒരു ലോഡിന് നിശ്ചിത തുക റോയൽറ്റിയായി സർക്കാരിലേക്ക് അടച്ചാൽ മാത്രമേ, മണ്ണ് കൊണ്ടുപോകാൻ സാധിക്കൂ.
ഭൂമി പ്ലോട്ട് തിരിച്ച് വിൽപ്പന നടത്തുന്നതിൽ കർശന പരിശോധന വേണമെന്ന് വകുപ്പ് മന്ത്രി പറഞ്ഞിട്ടും ഫലമുണ്ടായില്ല. വീട് നിർമ്മാണത്തിന് മണ്ണ് നീക്കാൻ പഞ്ചായത്ത് സെക്രട്ടറിമാർക്ക് നൽകിയ അധികാരം ഇവർ ദുരുപയോഗം ചെയ്യുകയാണ്. (എബി ഐപ്പ്, പരിസ്ഥിതി പ്രവർത്തകൻ)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |