
കോട്ടയം : ഇടിഞ്ഞുവീഴാറായൊരു കെട്ടിടം, ഷെൽഫിൽ ചിതിലരിച്ച് പുസ്തകങ്ങൾ... അക്ഷരനഗരിയെന്ന പുകൾപെറ്റ കോട്ടയം മറിയപ്പള്ളിയിലെ ഗ്രന്ഥശാലയുടെ അവസ്ഥ പുസത്കപ്രേമികളുടെ കണ്ണുനനയിക്കും. രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ പേരാണ് ഗ്രന്ഥശാലയ്ക്കെന്നത് സങ്കടം ഇരട്ടിപ്പിക്കുന്നു. ഒരുകാലത്ത് നിരവധിപ്പേർക്ക് അറിവ് പകർന്ന ഗ്രന്ഥശാലയാണ് അധികൃതരുടെ അനാസ്ഥയിൽ നാശത്തിലേക്ക് കൂപ്പുകുത്തിയത്. 20 വർഷമായി ജീർണാവസ്ഥയിലാണ് കെട്ടിടം. ഇതിന് സമീപമാണ് ആധുനിക സൗകര്യങ്ങളോടെയുള്ള അക്ഷര മ്യൂസിയം.
1963 ഫെബ്രുവരി 15 ന് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ആർ.ശങ്കറാണ് ഗ്രന്ഥശാലയ്ക്ക് തറക്കല്ലിട്ടത്. യഥാസമയം അറ്റകുറ്റപ്പണികളും മേൽനോട്ടവും ഇല്ലാതായതോടെയാണ് ദുരവസ്ഥ തുടങ്ങിയത്. മറിയപ്പള്ളി ജംഗ്ഷനിലെ എം.സി റോഡരികിൽ പ്രവർത്തിക്കുന്ന രണ്ട് കടകൾക്ക് പിന്നിലുള്ള ഗ്രന്ഥശാലയെക്കുറിച്ച് പുതുതലമുറയ്ക്കും അറിവില്ല.
പ്രേതാലയത്തിന് സമാനം
ഇടിഞ്ഞുവീഴുമെന്ന ഭയത്താൽ കെട്ടിടത്തിനകത്തേയ്ക്ക് കയറാൻ ആരുമൊന്ന് ഭയക്കും. ഇഷ്ടികക്കട്ടകൾ അടുക്കിയാണ് കെട്ടിടം താങ്ങിനിറുത്തിയിരിക്കുന്നത്. മാറാല വകഞ്ഞുമാറ്റി അകത്ത് കയറിയാൽ വള്ളിപ്പടർപ്പുകൾ തൂങ്ങിയാടുന്നത് കാണാം. പുസ്തകങ്ങൾ അടുക്കിയിരുന്ന റാക്കുകളും ഷെൽഫുകളും ഒരു വശത്ത് കൂട്ടിയിട്ടിരിക്കുന്നു. മേൽക്കൂരയും ഭിത്തിയും ജനലുകളും തകർന്നു.
ഒത്തുകൂടാൻ പുസ്തക സ്‌നേഹികൾ
ഒരുകാലത്ത് പ്രദേശത്ത് പ്രൗഢിയേകി നിലനിന്നിരുന്ന ഗ്രന്ഥശാലയെ വീണ്ടും തിരിച്ചുകൊണ്ടുവരാനുള്ള ശ്രമത്തിലാണ് ഒരു കൂട്ടം പുസ്തകസ്‌നേഹികൾ. ലൈബ്രറി പുനരുദ്ധീകരിക്കണമെന്ന ആവശ്യവുമായി നാട്ടകം ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ ലൈബ്രറി പുനരുദ്ധാരണ സദസ് ഇന്ന് ഉച്ചയ്ക്ക് 2.30ന് നാട്ടകം സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |