
കോട്ടയം: അപ്പർ കുട്ടനാടൻ പാടശേഖരങ്ങളിൽ പുഞ്ചകൊയ്തു സജീവമായ സമയത്ത് ചൂട്ട് പൊള്ളുന്ന കാലാവസ്ഥ കാരണം നെല്ലിന് തൂക്ക കുറവുണ്ടാകുമോയെന്ന ആശങ്കയിൽ കർഷകർ. ചൂട് കനക്കുന്നതും വേനൽ മഴ ഭീഷണിയാകുമെന്നും കണ്ടാണ് കൊയ്തു നേരത്തേ തുടങ്ങിയത്. നെൽച്ചെടിയുടെ ആരോഗ്യത്തെ ബാധിക്കുന്നതിനാൽ
വേനൽ മഴയ്ക്ക് മുമ്പ് കൊയ്ത്തും സംഭരണവും പൂർത്തിയാക്കുന്നതിന് ആവശ്യമായ കൊയ്ത്ത് യന്ത്രങ്ങൾ എത്തിച്ചിട്ടുണ്ട്. കൊയ്തു യന്ത്രത്തിന്റെ ക്ഷാമമില്ലാത്തതിനാൽ വാടക കൂട്ടിയുള്ള ഇടനിലക്കാരുടെ ഭീഷണിയില്ല.
ഈ വർഷത്തെ പുഞ്ചകൊയ്ത്തിന് 50,000 ടൺ നെല്ല് സംഭരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. 30,000 ടൺ സംഭരിക്കുന്നതിന് മില്ലുകൾക്ക് സ പ്ലൈകോ അനുമതി നൽകി, 600 ടണ്ണിൽ താഴെയേ ഇതുവരെ സംഭരിച്ചിട്ടുള്ളൂ.
അയ്മനം നൂറു പറ ,ആർപ്പുക്കര തൊള്ളായിരം, മറ്റം, പായ് വട്ടം , കറുകപ്പാടം, നീണ്ടൂർ മുടക്കാലി, നെടുചാൽ, കല്ലറ കന്നുകളം, വലിയ കരി, തലയാഴം പുതുക്കരി പാടശേഖരങ്ങളിൽ കൊയ്തു പകുതിയായി. കുമരകം. തിരുവാർപ്പ്, അയ്മനം പഞ്ചായത്തുകളിൽ സജീവമായിട്ടില്ല.
ചൂട് തൂക്കം കുറയ്ക്കും
1. നെൽച്ചെടികൾക്ക് താങ്ങാനാകുന്ന ചൂട് 23 മുതൽ 25 ഡിഗ്രി സെൽഷ്യസ് വരെയാണ്.
2. 36ഡിഗ്രി സെൽഷ്യസിന് മുകളിലാണ് കോട്ടയത്തെ മിക്ക പ്രദേശങ്ങളിലെയും ഇപ്പോഴത്തെ താപനില
3. 120 ദിവസംകൊണ്ട് പാകമാകേണ്ട നെൽച്ചെടികൾ 90-105 ദിവസംകൊണ്ട് പാകമാകുന്നത് തൂക്കത്തെ ബാധിക്കും
4. ചൂട് കാരണം ഏക്കറിന് 75 മുതൽ 100 കിലോവരെ നെല്ല് കുറയാൻ സാധ്യതയുണ്ട്.
നെൽകൃഷി മേഖലയിലെ കൂലി കൂട്ടിയെങ്കിലും താങ്ങുവില കൂട്ടിയില്ല. 30 രൂപ വരെ കിട്ടുമെന്നു പ്രതീക്ഷിച്ചിരുന്നു. 28രൂപ 20 പൈസയാണ് ഒരു കിലോ നെല്ലിന് ലഭിക്കുന്നത്. താങ്ങുവിലയിൽ കേന്ദ്ര സർക്കാർ ഒരു രൂപ 17 പൈസ വർദ്ധിപ്പിച്ചെങ്കിലും സംസ്ഥാന സർക്കാർ പ്രോത്സാഹന വിഹിതത്തിൽ അതുകുറച്ചു. കൈകാര്യ ചിലവ് 12 പൈസയാണ്. ഇത് അപര്യാപ്തമാണെന്ന് കർഷകർ പറയുന്നു.
ഉത്പാദന ചെലവ് കണക്കാക്കിയാൽ നെൽകൃഷി നഷ്ടമാണ്. ചൂട് കൂടിയതോടെ നെല്ലിന് തൂക്കം കുറയുന്നു. സംഭരിച്ച നെല്ലിന്റെ പണവും വൈകുന്നു. സർക്കാരിന്റെ അടിയന്തിര ഇടപെടൽ ഉണ്ടാകണം
പൊന്നപ്പൻ (നെൽകർഷകൻ )
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |