
തൊടുപുഴ: ഉള്ളിലൊയാരം പൂത്തിരികത്തിച്ചുകൊണ്ട് ദേവിക വേദിയിൽ ചിലങ്ക കെട്ടിയാടുമ്പോൾ സങ്കടം മറന്ന് ഇമചിമ്മാതെ കണ്ടാസ്വദിക്കുകയായിരുന്നു അമ്മ റീജ. മഹിഷാസുരനെ നിഗ്രഹിക്കുന്ന ദുർഗാദേവിയായി അവൾ കുച്ചുപ്പുടിയാടി നിറുത്തിയപ്പോഴാണ് അമ്മമനം നിറഞ്ഞത്. വേദിക്ക് പുറത്തേക്കെത്തിയ മകൾക്ക് നെറുകയിലൊരു മുത്തം നൽകിയിട്ടൊന്ന് കെട്ടിപ്പുണർന്നു. ഒരു വ്യാഴവട്ടക്കാലത്തെ ആഗ്രഹത്തിന്റെ സാക്ഷാത്കാരത്തിന്റെ നിർവൃതി കണ്ണിൽ നിന്ന് പൊടിഞ്ഞു. പിന്നെ അമാന്തിച്ചില്ല, മത്സരഫലം അറിയാൻപോലും കാത്തുനിൽക്കാതെ റീജ പരപ്പനങ്ങാടിയിലേക്ക് വണ്ടികയറി. കടംവാങ്ങിയത് തിരികെ നൽകണമെങ്കിൽ മറ്റൊരു കടം വാങ്ങണം! അമ്മയെ യാത്രയാക്കി ദേവിക നാടോടി സംഘനൃത്തത്തിനുള്ള മേക്കപ്പിട്ടു.
വാടക വീട്ടിലെ ചിലങ്കക്കിലുക്കം
കോട്ടയം മാന്നാനം കെ.ഇ. കോളേജിലെ രണ്ടാംവർഷ ബി.എസ്.സി സൈക്കോളജി വിദ്യാർത്ഥിനിയാണ് ഡി. ദേവിക. മലപ്പുറം പരപ്പനങ്ങാടി പട്ടാത്തേരിയെന്ന വാടകവീട്ടിലാണ് താമസം. സ്വന്തമായൊരു കൂരയെന്നത് കുടുംബത്തിന്റെ വലിയ സ്വപ്നമാണ്. കൂലിപ്പണിക്ക് പോയിരുന്ന അച്ഛൻ പി. ദിവാകരൻ ഇപ്പോൾ ഒരു തുണിക്കടയിലെ സെക്യൂരിറ്റിയായി ജോലി ചെയ്യുന്നുണ്ട്. ലാബ് ടെക്നീഷ്യയായ അമ്മ റീജയുടെ വലിയ മോഹത്തിലാണ് ദേവികയെ നൃത്തം പഠിപ്പിച്ചത്. 14 വർഷമായി നൃത്തം പഠിക്കുന്നു. എന്നാൽ ഇപ്പോഴാണ് സർവകലാശാല കലോത്സവ വേദിയിലെത്താൻ അവസരമൊരുങ്ങിയത്. പ്ളസ്‌വൺ വിദ്യാർത്ഥിയായ ഇളയമകൻ ദീപക്കിന്റെയും ദേവികയുടെയും പഠനത്തിനും മറ്റ് കുടുംബ ചെലവുകൾക്കുമിടയിൽ നട്ടംതിരിയുമ്പോഴും നൃത്തത്തിന്റെ കാര്യത്തിൽ വിട്ടു വീഴ്ചയ്ക്ക് റീജ ഒരുക്കമായിരുന്നില്ല. കടംവാങ്ങിയ പണത്തിലാണ് കലാനഗരിയിലെത്തിയത്. കടംകൂടി വരുമ്പോഴും മക്കളിൽ പ്രതീക്ഷയർപ്പിക്കുകയാണ് മാതാപിതാക്കൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |