ചങ്ങനാശേരി: ചങ്ങനാശേരി കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ ഓൺലൈൻ റിസർവേഷൻ കൗണ്ടർ നിർത്തലാക്കിയതോടെ യാത്രക്കാർ ദുരിതത്തിലായി. നിരവധി യാത്രക്കാരായിരുന്നു ഈ സംവിധാനമുപയോഗിച്ച് ദീർഘദൂരയാത്ര ചെയ്തിരുന്നത്. പ്രതിമാസം 500 ബുക്കിംഗിൽ താഴെയാണെന്നതിനാലാണ് നിർത്തലാക്കൽ നടപടി. സംസ്ഥാനത്ത് നിരവധി കെ.എസ്.ആർ.ടി.സി ഡിപ്പോയിലാണ് സമാനരീതിയിൽ ഓൺലൈൻ റിസർവേഷൻ നിർത്തലാക്കിയത്. ജില്ലയിൽ നിലവിൽ കോട്ടയം ഡിപ്പോയിൽ മാത്രമാണ് സംവിധാനമുള്ളത്.
ഓൺലൈൻ സംവിധാനം അറിയാത്തവരുടെ ആശ്രയം:
ഓൺലൈൻ വഴി ബുക്ക് ചെയ്യാൻ അറിയാത്ത അനേകം പേരുടെ ആശ്രയമായിരുന്നു ചങ്ങനാശേരി ഡിപ്പോയിലെ ഓൺലൈൻ റിസർവേഷൻ സൗകര്യം. നിലവിൽ പ്രത്യേക സ്റ്റാഫ് ഒന്നുമില്ലാതെ നിലവിലുള്ള സ്റ്റാഫ് തന്നെ കൈകാര്യം ചെയ്തിരുന്ന സൗകര്യമാണ് ഇപ്പോൾ നിർത്തലാക്കിയത്. തപാൽ രംഗത്തെ ആർ.എം.എസ് ഓഫിസ് നിർത്തലാക്കിയതിന് പിന്നാലെയാണ് ചങ്ങനാശേരിയുടെ ഗതാഗത രംഗത്തെ മറ്റൊരു സൗകര്യം കൂടെ നിർത്തലാക്കിയത്.
നഷ്‌ടമായത് അധിക വരുമാനം
500ൽ താഴെ ബുക്കിംഗ് വന്നതാണ് നിർത്തലാക്കിയതിന് കാരണം.അതേസമയം, ഇതിനായി പ്രത്യേക കൗണ്ടറോ, ജീവനക്കാരനെയോ നിയമിച്ചിട്ടില്ല. അതിനാൽ, അധികവരുമാനമാണ് നിർത്തലാക്കിയതോടെ ഇല്ലാതായത്.
ചങ്ങനാശേരി ഡിപ്പോയിലെ ഓൺലൈൻ റിസർവേഷൻ സൗകര്യം നിലനിർത്താൻ നടപടി സ്വീകരിക്കണം. (യാത്രക്കാർ)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |