
കോട്ടയം : ഉഴുന്നുവട, പരിപ്പുവട, മസാലദോശ, പൊറോട്ട, ചപ്പാത്തി, ഫ്രൈഡ് റൈസ്, ബിരിയാണി....ഭക്ഷപ്രേമികളുടെ നാവിൽ വെള്ളമൂതുന്ന വിഭവങ്ങളെല്ലാമുണ്ട്. പക്ഷേ വേണ്ടത് ഒന്നുമാത്രമില്ല... വൃത്തി ! ലൈസൻസ് വേണ്ട, ഹെൽത്ത് സർട്ടിഫിക്കറ്റ് വേണ്ട, ശുചിത്വ മാനദണ്ഡമില്ല, പരിശോധനയില്ല. ജനങ്ങളുടെ ആരോഗ്യം കേടാകുമെന്ന് ഉറപ്പ്. കഴിഞ്ഞ ദിവസം കടുത്തുരുത്തിയിലെ ഹോട്ടലിൽ നിന്ന് പാഴ്സലായി വരുത്തിയ ഇഡ്ഡലിയും, വടയും കഴിച്ച് മരണാനന്തര ചടങ്ങിൽ പങ്കെടുത്ത 40 പേർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. എന്നിട്ടും അധികൃതർക്ക് കുലുക്കമില്ല. വേനൽക്കാലത്ത് കുടിവെള്ളത്തിന്റെ ഗുണനിലവാരം പോലും പരിശോധിക്കാൻ സംവിധാനമില്ല. മഞ്ഞപ്പിത്തം, വയറിളക്കമടക്കമുള്ള രോഗങ്ങൾ പടന്നുപിടിക്കുമ്പോഴാണ് ഭക്ഷ്യസുരക്ഷാവകുപ്പിന്റെ ഈ ഉദാസീനത. പഴകിയ സാധനങ്ങൾ ചൂടാക്കി വിളമ്പുന്നതും, പാത്രങ്ങളിലെ അണുബാധയുമാണ് ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകുന്നത്. ഒരു പടുതയും രണ്ട് കസേരയും മേശയുമുണ്ടെങ്കിൽ വഴിയോരത്ത് ആർക്കും കട തട്ടിക്കൂട്ടാം എന്നതാണ് അവസ്ഥ. വാഹനം പാർക്ക് ചെയ്യാൻ അല്പം ഇടമുള്ള സ്ഥലങ്ങളിലെല്ലാം ബജ്ക്കജിടകളും തട്ടുകടകളും ഉയരുകയാണ്.
കടുത്തുരുത്തിയിലേത് ഗുരുതര അനാസ്ഥ
ഏറെ തിരക്കുള്ള കടുത്തുരുത്തി ടൗണിലെ ഒത്തനടുക്ക് സ്ഥിതി ചെയ്യുന്ന 'കുരീക്കൽ' ഹോട്ടലിലെ ഭക്ഷണം കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഇക്കഴിഞ്ഞ 23 നായിരുന്നു സംഭവം. ഹോട്ടൽ ബിസിനസിന്റെ മറവിൽ കാറ്ററിംഗും ഇവർ നടത്തിയിരുന്നു. ഇതിന് പക്ഷേ അനുവാദമില്ല. പരിശോധിക്കേണ്ടവരാകട്ടെ കണ്ണടച്ചു. ദിനംപ്രതി നിരവധിപ്പേരാണ് ഇവിടെ ആഹാരം കഴിക്കാനെത്തുന്നത്. സമാനപരാതികൾ ഉയരാറുണ്ടെങ്കിലും ഒതുക്കിത്തീർത്തു. സാമ്പാർ, വട, ഇഡ്ഡലി, ചമ്മന്തി എന്നിവയാണ് പാലകര സ്വദേശി ഓർഡർ ചെയ്തത്. ഇതിൽ വടയും, ചമ്മന്തിയും കഴിച്ചവർക്കാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. ഒരാൾ കുഴഞ്ഞുവീണു.
പിഴയടക്കും, വീണ്ടും തുറക്കും
മായം ചേർത്തതും, പഴകിയ ഭക്ഷണസാധനങ്ങളും പിടിച്ചെടുത്താൽ ഹോട്ടലുകൾ പിഴയടച്ച് വീണ്ടും തുറന്നു പ്രവർത്തിക്കുകയാണ് പതിവ്. നോട്ടീസ് നൽകി ഹോട്ടൽ താത്ക്കാലികമായി അടച്ചിടും. തുടർന്ന് പിടിച്ചെടുത്ത ഭക്ഷണ സാധനങ്ങൾ നശിപ്പിച്ച് കളയും. എന്നാൽ പിഴ അടച്ചാൽ തടിയൂരാമെന്നതാണ് അവസ്ഥ. ഭക്ഷ്യവിഷബാധ റിപ്പോർട്ട് ചെയ്യുമ്പോൾ മാത്രമാണ് പരിശോധനകൾ ശക്തമാക്കുന്നത്. ഉപയോഗിക്കുന്ന മാംസത്തിന്റേതുൾപ്പെടെയുള്ള നിലവാരവും പാത്രങ്ങളുടെ ശുചിത്വവും പരിശോധനയ്ക്ക് വിധേയമാക്കാറില്ല. ഭക്ഷണസാധനങ്ങളുടെ അളവിലും തൂക്കത്തിലും വിലയിലും യാതൊരു മാനദണ്ഡങ്ങളുമില്ല.
ആവശ്യങ്ങൾ ഇവ
ഹോട്ടലുകളുടെ അടുക്കളകളിൽ സി.സി.ടി.വി ക്യാമറകൾ സ്ഥാപിക്കണം
ഹോട്ടലിൽ എത്തുന്നവർക്ക് ദൃശ്യം കാണുന്ന തരത്തിലുള്ള സംവിധാനം
ലൈസൻസ് ഉൾപ്പെടെ നൽകാൻ ഇത് കർശനമായി നടപ്പിലാക്കണം
കടുത്തുരുത്തിയിൽ ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിൽ കഴിയുന്നവരുടെ മൊഴി രേഖപ്പെടുത്തി. ഹോട്ടലിൽ പരിശോധന നടത്തി സാമ്പിളുകൾ ശേഖരിച്ചു. പുറത്ത് ഭക്ഷണം വിളുമ്പുന്നതിനുള്ള അനുമതി ഹോട്ടലിനില്ല. സ്ഥാപന ഉടമയ്ക്ക് നോട്ടീസ് നൽകി.
(ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥൻ)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |