
കോട്ടയം : ഇത്തിരി വേദനയുടെ പേരിൽ ജീവിതാന്ത്യം വരെയും കണ്ണീരുമായി കഴിയുന്നവർ ഈ റീൽസ് ഒന്ന് കാണണം. വരിഞ്ഞു മുറുക്കിയ ക്യാൻസറിനെ കരളുറപ്പ് കൊണ്ട് നേരിട്ട ആശയുടെ അതിജീവനം. 2021 മേയ് 5. അന്ന് അവളുടെ ജന്മദിനമായിരുന്നു. ജീവിതത്തിൽ കരിനിഴൽ വീഴ്‌ത്തിയ ദിനം. അസമിൽ അദ്ധ്യാപികയായിരുന്ന കറുകച്ചാൽ സ്വദേശി ആശ ജോസ് പിറന്നാൾ ആഘോഷിക്കാൻ എത്തിയതാണ്.
കൂടെക്കൂടെയുണ്ടാകുന്ന വയറുവേദനയ്ക്ക് ചികിത്സതേടാൻ തീരുമാനിച്ചു. വിശദപരിശോധനയിലാണ് ക്ഷണിക്കാത്ത അതിഥിയായി ഒരാൾ ഒപ്പം കൂടിയെന്ന സത്യം അറിഞ്ഞത്. യൂട്രസിൽ ക്യാൻസർ. ആദ്യം ഒന്നും പകച്ചു. ഇതിനിടെ ജീവിതപങ്കാളിയും കൈയൊഴിഞ്ഞതോടെ ആകെ തകർന്നു. പക്ഷേ സുഹൃത്തുക്കൾ കട്ടയ്ക്ക് ഒപ്പം നിന്നു. ഇതിനിടെ എന്തും നേരിടാനുള്ള മനക്കരുത്ത് ആർജ്ജിച്ചു. വേദനകൾ മറന്ന് ജീവിതം പതിയെ തിരിച്ചുപിടിക്കാനുള്ള ശ്രമമായി. കീമോയും, സർജറിയുമായി ആശുപത്രിവാസം.
തഴച്ചുവളർന്ന മുടികൾ പൊഴിയാൻ തുടങ്ങി. നിരാശ പടർന്നെങ്കിലും ഷോർട്ട് ഹെയർ സ്റ്റൈലാക്കി. ശാരീരികാസ്വസ്ഥതകൾ അലട്ടുമ്പോഴാണ് റീൽസുകൾ കണ്ടു തുടങ്ങിയത്. സ്വന്തമായി ചെയ്യണമെന്ന ആഗ്രഹം മനസിലുദിച്ചു. ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് വീഡിയോകൾ ചെയ്ത് സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്തു. റീച്ചും, വ്യൂവേഴ്‌സും കൂടി. മുഖത്ത് ചിരി തെളിഞ്ഞു. നിരവധി ടെലിഫിലിം ഇതിനോടകം ചെയ്തു. കറുകച്ചാലിൽ ഡ്രൈവിംഗ് സ്‌കൂളും നടത്തുന്നുണ്ട്. കൂടാതെ ഹെവി വാഹനങ്ങളും, ജെ.സി.ബിയും ഓടിക്കും.
സുഹൃത്തുക്കളാണ് ശക്തി
റീൽസിലൂടെ നിരവധി സുഹൃദ്‌വലയങ്ങളും ആശ സൃഷ്ടിച്ചു. സ്‌കൂൾ ടീച്ചറായിരുന്ന മീനടം സ്വദേശി രേണു ഷാജി, ബ്യൂട്ടിപാർലർ ഉടമയും മണർകാട് സ്വദേശിയുമായ റീന ജെയ്ൻ, പുതുപ്പള്ളി സ്വദേശി സബിത ജോസ് എന്നിവർ ചേർത്തുപിടിച്ചു. റീൽസിലെ സഹതാരങ്ങൾ കൂടിയാണിവർ. കൂടിക്കാഴ്ചകൾക്കും, യാത്രകൾക്കും, റീൽസ് എടുക്കലിനും സമയം കണ്ടെത്തുന്നത് ഒഴിവുവേളകളിലാണ്.
''എന്ത് വന്നാലും നിരാശരാകാതെ, പോസിറ്റീവാകണം. തരണം ചെയ്യാനുള്ള മാർഗം കണ്ടെത്തി സന്തോഷം കണ്ടെത്തണം. സിനിമയിൽ അഭിനിയക്കണമെന്നതാണ് ആഗ്രഹം.
-(ആശാ ജോസ്)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |